പത്തനംതിട്ട: ശബരിമല നട തുറക്കുന്നതിനുള്ള മുന്നൊരുക്കവുമായി കള്ളനോട്ട് മാഫിയയും രംഗത്ത്. രണ്ടു ദിവസത്തിനിടെ ജില്ലയിൽ നിന്ന് പിടികൂടിയത് 12 ലക്ഷം രൂപയുടെ കള്ളനോട്ട്. അറസ്റ്റിലായത് മൂന്നുപേർ. ഇനിയും പിടികിട്ടാൻ കുറേപ്പേരു കൂടിയുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിനോടകം ഇവർ ജില്ലയിൽ ചെലവഴിച്ച കള്ളനോട്ടുകൾ എങ്ങനെ കണ്ടെത്താൻ കഴിയുമെന്ന ആശങ്കയിലാണ് പൊലീസ്. ശനിയാഴ്ച വൈകിട്ട് പന്തളത്ത് നിന്ന് തമിഴ്‌നാട് സ്വദേശിയെ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിച്ചു. ഇതിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിൽ മല്ലപ്പള്ളിയിൽ നിന്ന് പിടികൂടിയത് 10.50 ലക്ഷത്തിന്റെ കള്ളനോട്ടാണ്. ഇതിന്റെ വേരുകൾ കോട്ടയം ജില്ലയിലേക്കും നീങ്ങുന്നു.

കോട്ടയം വൈക്കം പള്ളിപ്പുറത്തുശേരി ഭൂതനേഴം ചെട്ടിയാം വീട്ടിൽ അനീഷ്(38), സുഹൃത്ത് വൈക്കം വടയാർ ആമ്പങ്കേരിതറ വീട്ടിൽ ഷിജു(41) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. മല്ലപ്പള്ളി ടൗണിൽ നിന്നും ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് അനീഷ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നും 6.10 ലക്ഷം രൂപയുടെ ആയിരത്തിന്റെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. നോട്ട് അച്ചടിക്കാൻ ആവശ്യമായ പ്രിന്റർ വാങ്ങി നൽകിയ ഷിജുവിനെ തലയോലപ്പറമ്പിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അനീഷ് 2012 ൽ ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ കടോദം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കള്ളനോട്ട് കേസിലെ പ്രതിയാണ്. മറ്റു രണ്ടു മലയാളികളോടൊപ്പം ഗുജറാത്തിൽ അറസ്റ്റിലായ അനീഷ് ജനുവരി 20 നാണ് ജയിൽ മോചിതനായത്.

അവിടെ നിന്നും നാട്ടിലെത്തി പെയിന്റിങ് ജോലി ചെയ്തുവന്ന പ്രതിക്ക് കള്ളനോട്ട് നിർമ്മാണത്തിലുള്ള വൈദഗ്ധ്യം മനസിലാക്കിയ രണ്ടു സുഹൃത്തുക്കൾ കമ്പ്യൂട്ടറും പ്രിന്ററും വാങ്ങി നൽകി. വീടിന് സമീപത്ത് കടമുറി വാടകയ്‌ക്കെടുത്ത് സ്റ്റിക്കർ കട്ടിങ്ങിന്റെയും നമ്പർ പ്ലേറ്റ് നിർമ്മാണത്തിന്റെയും മറവിൽ കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുകയായിരുന്നു. ആയിരം രൂപയുടെ കറൻസി നോട്ട് സ്‌കാൻ ചെയ്ത് സി.ഡി.യിലാക്കി പ്രിന്റ് എടുക്കുകയാണ് പ്രതികൾ ചെയ്തു വന്നത്. 67 ആർ.എ 506, 508, 509, 566, 569, 588, 589, 596, 598, 688, 808, 809, 906, 908, 909, 966, 969, 988, 998 എന്നീ സീരിയലുകളിലുള്ള നോട്ടുകളാണ് അച്ചടിച്ച് വിതരണം ചെയ്തത്.

കമ്പ്യൂട്ടർ ഗ്രാഫിക്‌സിൽ വിദഗ്ധനായ അനീഷ് ബി.കോം ബിരുദധാരിയാണ്. ഷിജുവിനെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിൽ തലയോലപ്പറമ്പിലെ ദേവി ഓട്ടോ മൊബൈൽസിൽ ഒളിപ്പിച്ചിരുന്ന 2.87 ലക്ഷം രൂപയുടെ കള്ളനോട്ടും അനീഷിന്റെ സ്ഥാപനത്തിൽ ഒളിപ്പിച്ചിരുന്ന 39000 രൂപയുടെ കള്ളനോട്ടുകളും ഇവ പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ലാപ്‌ടോപ്, പ്രിന്റർ, ഡി.വി.ഡി, കട്ടർ ബ്ലെയിഡ്, സ്‌കെയിൽ, നോട്ട് പ്രിന്റ് ചെയ്തിരുന്ന പ്രത്യേകതരം പേപ്പർ, മഷി എന്നിവയെല്ലാം പിടിച്ചെടുത്തു.

കഴിഞ്ഞ രണ്ടുമാസമായി ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. ഒരേ നമ്പറിലുള്ള കുറെ നോട്ടുകൾ വീതം അച്ചടിച്ചശേഷം അവസാനത്തെ മൂന്ന് അക്കങ്ങൾ മാറ്റി വീണ്ടും നോട്ടുകൾ അച്ചടിക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൂന്നു പേർ കൂടി നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്ന ഒന്നേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായിട്ടാണ് ഒരാൾ പന്തളത്ത് അറസ്റ്റിലായത്. തമിഴ്‌നാട് രാമസ്വാമി നഗർ രണ്ടു സ്വദേശി നഞ്ചിത് ചെട്ടിയാരെ(60)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമല തീർത്ഥാടന കാലത്ത് ജില്ലയിൽ വ്യാപകമായി കള്ളനോട്ട് ചെലവഴിക്കാൻ ശ്രമിക്കുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇത് തടയാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശപ്രകാരം ഷാഡോ പൊലീസുമായി ചേർന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയും അന്തർ സംസ്ഥാന ബസ് സർവീസുകൾ പ്രത്യേകം നിരീക്ഷിച്ചു വരികയുമായിരുന്നു.

തമിഴ്‌നാട്ടിൽ നിന്നും പന്തളെത്തത്തിയ ബസിൽ നിന്നാണ് നഞ്ചിത് ചെട്ടിയാരെ പൊലീസ് പിടികൂടിയത്. 500 രൂപയുടെ മൂന്ന് കെട്ടുകളായാണ് ഇയാൾ വ്യാജ നോട്ട് കൊണ്ടുവന്നത്. തമിഴ്‌നാട് സ്വദേശിയായ ഒരാളാണ് ശബരിമല സീസണിൽ പന്തളത്ത് കച്ചവടം ചെയ്യുന്നതിനായി പണം നൽകിയതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. ഇയാൾക്ക് സംഘവുമായി നേരിട്ടു ബന്ധമുള്ളതായി ചോദ്യം ചെയ്യലിൽ മനസിലായതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കോട്ടയം ജില്ലയിൽ വൈക്കം, ഏറ്റുമാനൂർ, പത്തനാട്, മണിമല, കറുകച്ചാൽ, പത്തനംതിട്ട ജില്ലയിൽ ചുങ്കപ്പാറ, പത്തനംതിട്ട കുലശേഖരപതി, കോന്നി കുമ്മണ്ണൂർ എന്നിവിടങ്ങളിലേക്കും വൻതോതിൽ വ്യാജനോട്ട് എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.