പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ ചോർച്ച കണ്ടെത്തുമ്പോൾ ചർച്ചയാകുന്നതും അഴിമതിയുടെ സാധ്യത. ശ്രീകോവിലിലിന്റെ സ്വർണം പതിച്ച ഭാഗത്താണ് ചോർച്ച ശ്രദ്ധയിൽപെട്ടത്. ചോർച്ച വന്നതോട വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശിൽപങ്ങളിൽ പതിക്കുന്നുണ്ട്. വിഷയം ശ്രദ്ധയിൽ പെട്ടതോടെ സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്വർണ്ണ പാളി ഇളക്കി നോക്കി ചോർച്ചയുടെ തോത് മനസ്സിലാക്കാം. ഇതിന് ശേഷം അത് പരിഹരിക്കാം. ഇതു ചെയ്തു കൊടുക്കാൻ നിരവധി സ്‌പോൺസർമാർ തയ്യറാണ്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പൊതുമരാമത്ത് വിഭാഗം ഇത് അംഗീകരിക്കുന്നില്ല.

ശബരിമലയിലെ കൂര മുഴുവൻ മാറ്റി പുനർപ്രവർത്തിയാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെ സ്വർണം പതിച്ച മേൽക്കൂരയിൽ പണി പൂർണ്ണ തോതിൽ നടത്തുമ്പോൾ സ്വർണ്ണ മോഷണം പോലും നടക്കാൻ സാധ്യത ഏറെയാണ്. ഇതിനൊപ്പം ബോർഡിന് വമ്പൻ സാമ്പത്തിക ബാധ്യതയുമുണ്ടാകും. കോവിഡിന് ശേഷം ബോർഡിന് പഴയ പ്രതാപം വീണ്ടെടുക്കാനായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. ഈ സാഹചര്യത്തിൽ സ്‌പോൺസർഷിപ്പിലൂടെ പണി പൂർത്തിയാക്കുന്നതാണ് നല്ലതെന്ന വാദവും സജീവമാണ്.

കാലപ്പഴക്കമാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ് വിഷയം ദേവസ്വം ബോർഡ് അധികൃതരുടെ ശ്രദ്ധയിൽപെട്ടത് എന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. എന്നാൽ ദിവസങ്ങൾക്ക് മുമ്പേ ഇത് ശ്രദ്ധയിൽ പെട്ടു. അപ്പോൾ തന്നെ സ്‌പോൺസർമാർ തയ്യാറായി വരികയും ചെയ്തു. എന്നാൽ അത് നീണ്ടി കൊണ്ടു പോവുകയായിരുന്നു. അതിനിടെ അറ്റക്കുറ്റപണി വേഗത്തിൽ പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എന്നാൽ 45 ദിവസമെങ്കിലും കുറഞ്ഞത് പണിക്ക് വേണ്ടി വരും.

സ്വർണം പൊതിഞ്ഞ ഭാഗത്തെ ചോർച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളിൽ വീഴുന്നതായാണ് കണ്ടെത്തിയത്. ശ്രീകോവിലിന്റെ വലതുഭാഗത്തുള്ള കഴുക്കോലിലൂടെ താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്പങ്ങളിലേക്കാണ് വെള്ളം പതിക്കുന്നത്. മുകളിലുള്ള സ്വർണ്ണപ്പാളികൾ ഇളക്കിയാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസ്സിലാക്കാൻ കഴിയു. വിഷു പൂജക്ക് നട തുറന്നപ്പോൾ തന്നെ നേരിയതോതിൽ ചോർച്ചയുള്ളത് മരാമത്ത് ഉദ്യോഗസ്ഥർ ദിവസം ബോർഡിനെ അറിയിച്ചിരുന്നു.

മാസപൂജ സമയത്ത് ഭക്തജന തിരക്കായിരുന്നതിനാൽ അറ്റകുറ്റപ്പണികൾ നടന്നില്ല. ഇതിനിടെ സ്‌പോൺസർമാരുടെ സഹായത്തോടെ നവീകരിക്കാൻ പദ്ധതിയിട്ടു. എന്നാൽ സ്‌പോൺസർമാരെ ഒഴിവാക്കി ദേവസ്വം ബോർഡ് തന്നെ പണി പൂർത്തിയാക്കാൻ ആയിരുന്നു അന്തിമ തീരുമാനം. ശ്രീകോവിലിൽ സ്വർണ്ണപ്പാളികൾ ഉള്ളതിനാൽ പൊളിച്ചുള്ള പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി വേണം. ഈ സാഹചര്യത്തിൽ ചോർച്ചയടക്കം ചൂണ്ടികാട്ടി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

തന്ത്രിയുടെയും തിരുവാഭരണം കമ്മീഷണറുടെയും നിർദ്ദേശം കൂടി കണക്കിലെടുത്താവും ബോർഡ് തുടർനടപടികൾ സ്വീകരികുക.. അടുത്തമാസം നിറപുത്തിരിക്ക് നട തുറക്കുമ്പോൾ തന്ത്രി മഹേഷും മോഹനര്, എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീകോവിൽ പ്രാഥമിക പരിശോധന നടത്തും. അതിവേഗത്തിൽ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ശ്രീകോവിലിലെ തടികൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. വിവാദ വ്യവസായി വിജയ് മല്യയാണ് ശബരിമലയിൽ സ്വർണം പൂശിയത്.

വർഷങ്ങൾക്ക് ശേഷം സ്വർണ്ണത്തിന് തിളക്കം പോയെന്ന് പറഞ്ഞ് വീണ്ടും പുതിയ സ്വർണം മേൽക്കൂരയിൽ പൂശിയിരുന്നു. ഇതിന് പിന്നിലും ചില ആരോപണങ്ങൾ വിജയ് മല്യയ്‌ക്കെതിരെ ഉയർന്നിരുന്നുവെന്നതാണ് വസ്തുത. ഇതിന് സമാനമായ വിവാദങ്ങൾ വീണ്ടും ഉയരാനും മേൽക്കൂര പൊളിയിലൂടെ വഴിയൊരുങ്ങും.