തിരുവനന്തപുരം: യുവതി പ്രവേശനത്തിന്റെ പേരിൽ കേരളത്തിൽ സംഘർഷം തുടരുന്നതിനിടെ അയ്യപ്പനെ കണ്ടു തൊഴാൻ ഗവർണർ സദാശിവം ശബരിമലയിലേക്ക്. കന്നി അയ്യപ്പനായി കെട്ടും കെട്ടി ശബരിമലയിലേക്ക് പോകാനാണ് സദാശിവം ഒരുങ്ങുന്നത്. ഡിസംബറിലാണ് സദാശിവത്തിന്റെ ശബരിമല യാത്ര. യാത്ര ഏത് ദിവസമെന്ന് തീരുമാനിച്ചിട്ടില്ല. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പമായിരിക്കും ജസ്റ്റിസ് പി.സദാശിവം മലകയറുക.

മലകയറാനുള്ള തന്റെ ആഗ്രഹം കടകംപള്ളി സുരേന്ദ്രനോട് ഗവർണർ പറയുകയായിരുന്നു. താൻ ഡിസംബറിൽ ശബരിമലക്ക് പോകാൻ ആഗ്രഹിക്കുന്നെന്നും കൂടെ വരുമോ എന്നും കടകംപള്ളിയോട് ഗവർണർ കഴിഞ്ഞ ദിവസം ചോദിക്കുകയായിരുന്നു. ഒപ്പം വരാമെന്ന് മന്ത്രി മറുപടി നൽകുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായും ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുവതി പ്രവേശന്തതിന്റെ പേരിൽ ശബരിമലയിൽ പൊലീസ് രാജാണ് നടക്കുന്നതെന്ന പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആരോപണങ്ങൾക്കിടയിലാണ് ഗവർണറുടെ മലകയറ്റം. കന്നി അയ്യപ്പനായി വ്തരമെടുത്ത് അയ്യപ്പ സ്വാമിയെ ദർശിക്കാനും ഒപ്പം ശബരിമലയിലെ സ്ഥിതി ഗതികൾ വിലയിരുത്താനും ആണ് ഗവർണറുടെ മലകയറ്റം.

സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കുടിവെള്ളം, ശൗചാലയം, വിശ്രമമുറികൾ എന്നിവ കുറവാണെന്ന പരാതിയിൽ സ്വീകരിച്ച നടപടികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കൂടുതൽ യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.