ശബരിമല: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഹർത്താൽ തുടങ്ങി. ഹർത്താൽ തുടങ്ങി ആദ്യ 15 മിനിട്ട് പിന്നിടുമ്പൊൾ കാര്യമായ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതേസമയം തിരുവനന്തപുരത്തു നിന്നും കെഎസ്ആർടിസി ബസുകൾ ഒന്നും തന്നെ സർവീസുകൾ നടത്തുന്നില്ല. ഇന്നലെ കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപകമായ ആക്രമണവും നാശനഷ്ടവും ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ഇന്ന് സർവ്വീസുകൾ എല്ലാം തന്നെ നിർത്തിവെച്ചു. വളരെ കുറച്ച് ഓട്ടോകളും ഇരു ചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലുള്ളത്.

കോഴിക്കോടും തിരുവനന്തപുരത്തും മലപ്പുറത്തും  കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കെഎസ്ആർടിസിയുടെ മൂന്ന് സ്‌കാനിയ ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ബസുകളുടെ ചില്ലുകൾ തകർന്നു. എന്നാൽ അക്രമികളെ കണ്ടെത്താൻ പൊലീസിനായില്ല. അതേസമയം ദീർഘ ദൂര യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഇത്തരം സർവ്വീസുകൾ പൊലീസ് സംരക്ഷണത്തോടെ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൊച്ചിയിലും പൊതുവേ ശാന്തമാണ്. ഏതാണ്ട് ഗതാഗതം സ്തംഭിച്ച അവസ്ഥ തന്നെയാണ് ഇവിടെയും. ബസുകൾ ഒന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല.

അതേസമയം പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിർത്തുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ നൽകുന്നതിനുമായി ദക്ഷിണ മേഖലാ എഡിജിപി അനിൽകാന്ത്, തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ 700 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. നൂറ് വനിതാ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ് മലകയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ് സുരക്ഷ ശക്തമാക്കിയത്.

ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച ഹർത്താലിന് ബിജെപി പിന്തുണ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹർത്താൽ പൂർണ്ണമാകുമെന്നാണ് കരുതുന്നത്. അതേസമയം ഹർത്താലിനെ പിന്തുണയ്ക്കുന്നില്ലെന്ന് യുഡിഎഫ് അറിയിച്ചു. തുലാമാസ പൂജയ്ക്കായി ശബരിമല നട ഇന്നലെ തുറന്നതോടെ പമ്പയിലും നിലയ്ക്കലിലും പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ ഇന്ന് കാര്യമായ പ്രതിഷേധക്കാരെ ഒന്നും ശബരിമലയിൽ കാണാനില്ലെന്നാണ് റിപ്പോർട്ട്. ഭക്തർ ശബരിമലയിലേക്ക് രാവിലെ തന്നെ എത്തി തുടങ്ങിയിട്ടുണ്ട്.

ഇന്നലെ പമ്പ - നിലയ്ക്കൽ ചെയിൻ സർവീസ് നടത്തിവന്ന എട്ട് ബസ്സുകൾ അടക്കമുള്ളവയാണ് എറിഞ്ഞു തകർത്തത്. ഇതോടെ പമ്പ - നിലയ്ക്കൽ ചെയിൻ സർവീസ് രാത്രിയോടെ നിലച്ചു. അതിനുശേഷം ദർശനം കഴിഞ്ഞു മടങ്ങുന്നവർക്ക് നിലയ്ക്കലിലേക്ക് നടന്നു പോകേണ്ടിവന്നു. രാത്രി വൈകിയാണ് ബസ് സർവീസ് പുനരാരംഭിച്ചത്. കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് പുറമെ പൊലീസ് ജീപ്പുകൾക്കുനേരെയും വ്യാപക കല്ലേറുണ്ടായി. നിലയ്ക്കലിൽ കല്ലേറിനെത്തുടർന്ന് പൊലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേറ്റു.

അതേസമയം സംഘർഷസാധ്യത കണക്കിലെടുത്തു പമ്പ, നിലയ്ക്കൽ, സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിൽ പത്തനംതിട്ട കലക്ടർ വ്യാഴാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാത്രി 12 വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും ഇവിടങ്ങളിൽ അനുവദിക്കില്ലെന്നു കലക്ടർ വ്യക്തമാക്കി. പൊലീസ് നടപടിക്കെതിരെ ശബരിമല കർമസമിതി വ്യാഴാഴ്ച നടത്തുന്ന ഹർത്താലിനു ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) പിന്തുണ പ്രഖ്യാപിച്ചു. ഹർത്താൽ തികച്ചും സമാധാനപരമായിരിക്കണം എന്ന് എൻഡിഎ ചെയർമാൻ അഡ്വ. പി.എസ്.ശ്രീധരൻപിള്ള ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ. നിലയ്ക്കലിൽ ബുധനാഴ്ച പലതവണ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. സമരക്കാർ നിർത്താതെ കല്ലെറിഞ്ഞതോടെ പൊലീസും തിരിച്ചെറിഞ്ഞു. മാധ്യമങ്ങളുടേതടക്കം ഒട്ടേറെ വാഹനങ്ങൾ തകർത്തു.

മൂന്ന് പൊലീസുകാർക്കും അഞ്ച് പ്രതിഷേധക്കാർക്കും ഗുരുതര പരുക്കേറ്റു. അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെ സന്നിധാനത്ത് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽനിന്നു വന്ന സംഘത്തിലെ യുവതിയെ മല കയറുന്നതിൽനിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. അതേസമയം, അക്രമം കാട്ടിയത് അയ്യപ്പഭക്തരാണെന്നു ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. അയ്യപ്പഭക്തരുടെ പ്രവൃത്തിയുടെ ഉത്തരവാദിത്തം ബിജെപിക്കും ആർഎസ്എസിനുമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ന്യൂസ്18, റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡെ തുടങ്ങിയ മാധ്യമങ്ങളുടെ സംഘങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. വാഹനങ്ങൾ അടിച്ചുതകർത്തു. വനിതാ മാധ്യമപ്രവർത്തകരെയും ആക്രമിച്ചു. ന്യൂസ്18 റിപ്പോർട്ടർ പൂജ പ്രസന്ന എത്തിയ കാർ തകർത്തു. ദ് ന്യൂസ്മിനിറ്റ് റിപ്പോർട്ടർ സരിതയെ ബസിൽനിന്ന് ഇറക്കിവിട്ടു. കെഎസ്ആർടിസി ബസിനു നേരെയും കല്ലേറുണ്ടായി. കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ സമരക്കാർ പരിശോധിക്കുന്നുണ്ട്.

അതേസമയം ഇന്നലത്തെ പ്രതിഷേധമൊന്നും അയ്യപ്പ ഭക്തരുടെ വരവിനെ കാര്യമായി ബാധിച്ചിട്ടില്ല. ഇന്ന് സുപ്രീം കോടതി വിധി നടപ്പിലാക്കിയേക്കും. ആന്ധ്രയിൽ നിന്നും ഇന്നലെ എത്തിയ വനിതാ ഭക്തയായ മാധവി ഇപ്പോഴും പൊലീസ് സംരക്ഷണയിൽ ഇവിടെ ഉണ്ട്. അവർ ആഗ്രഹിച്ചാൽ സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഇന്ന് പൊലീസ് സംരക്ഷണയോടെ തന്നെ അവർക്ക് സന്നിധാനത്ത് എത്താനുള്ള അവസരം ഒരുക്കും. തുലാമാസ പൂജയുടെ രണ്ടാം ദിവസമായ ഇന്ന് നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പമ്പയിൽ ഇന്ന് പൊതുവേ സ്ഥിതിഗതികൾ ശാന്തമാണ്.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണൻ, കെഎപി മൂന്നാം ബറ്റാലിയൻ കമാൻഡന്റ് കെ ജി സൈമൺ, പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്‌പിവി അജിത്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണർ ആർ ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്. രണ്ട് എസ്‌പിമാർ, നാല് ഡിവൈഎസ്‌പിമാർ, ഒരു കമാൻഡോ ടീം എന്നിവരെ ഉടൻതന്നെ ഇവിടെ നിയോഗിക്കും. 

സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 11 സിഐമാർ, 33 എസ്‌ഐമാർ, വനിതകൾ ഉൾപ്പെടെ 300 പൊലീസുകാർ എന്നിവരെയും ഉടൻതന്നെ നിയോഗിക്കും. കൂടാതെ ലോക്കൽ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.