തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ഉറച്ച തീരുമാനമെടുത്ത പിണറായി വിജയനെ പിന്തുണച്ച് കൂടുതൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രംഗത്ത്.വർഗീയ ധ്രുവീകരണത്തിന്റെ കാലഘട്ടത്തിൽ കേരളത്തെ നയിക്കാൻ പിണറായി അല്ലാതെ മറ്റൊരാളില്ലെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു.കേരളം അദ്ദേഹത്തോടൊപ്പം സുരക്ഷിതമാണ്. മറ്റൊരാൾ മുഖ്യമന്ത്രിയാകുന്നത് ഈ ഘട്ടത്തിൽ ചിന്തിക്കാൻ പോലുമാകില്ല. ചരിത്രം കേരളത്തോട് കാണിച്ച കരുണയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാലചന്ദ്രൻ ചുള്ളിക്കാടും സാറാജോസഫും എംജിഎസ് നാരായണനും സച്ചിതാനന്ദനും അടങ്ങുന്ന എഴുത്തുകാരുടെ ഒരു നീണ്ട നിര നേരത്തെ തന്നെ സർക്കാറിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.ശബരിമല സമരം അക്രമാസക്തമായതോടെ സോഷ്യൽ മീഡിയയിലും സർക്കാറിന പിന്തുണ വർധിക്കയാണ്.വിശ്വാസികളുമായി ഏറ്റുമുട്ടലിന് പോവെണ്ടെന്ന നിലപാടാണ് ഈ വിഷയത്തിൽ സിപിഎം തുടക്കം മുതലേ എടുത്തത്.കൂടുതൽ എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും അണിനിരത്തി ഈ വിഷയത്തിൽ നിരന്തര ബോധവത്ക്കരണം നടത്താനാണ് സിപിഎം നീക്കം.

ശബരിമലയുടെ മറവിൽ സംഘപരിവാർ ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള രണ്ടാം വിമോചന സമരമാണെന്ന് കവി ബാലന്ദ്രൻ ചുള്ളിക്കാട് നേരത്തെ പ്രസ്താവിച്ചു. സ്തീകൾ സ്വയം ആർത്തവം അശുദ്ധിയാണെന്ന് കരുതുന്നത് അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതുപോലെയെന്ന് സാറാ ജോസഫ് ഫേസ്‌ബുക്കിൽ കുറിച്ചു. ശബരിമലയുടെ പേരിൽ നടക്കുന്നത് ദുരാചാര സംരക്ഷണ സമരമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ വ്യക്തമാക്കി. കോൺഗ്രസും ആർഎസ്എസും നടത്തുന്നത് വോട്ടുതട്ടലെന്ന് എഴുത്തുകാരി പർവതീ പവനനും വ്യക്തമാക്കി. എഴുത്തുകാരുടെ വർധിച്ചുവരുന്ന പിന്തുണ സൈബർ ലോകത്ത് സിപിഎം അനുഭാവികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ശബരിമലയിൽ മുഴുവൻ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് അമ്പതോളം സാംസ്‌കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. എം ജി എസ് നാരായണൻ, സച്ചിദാനന്ദൻ, ബി.രാജീവൻ, സാറാജോസഫ്, എം .എൻ.കാരശ്ശേരി, സുനിൽ.പി. ഇളയിടം,എൻ പ്രഭാകരൻ, എം എം സോമശേഖരൻ, കെ അജിത, കൽപ്പറ്റ നാരായണൻ,എസ് ഹരീഷ്, വെങ്കിടേഷ് രാമകൃഷ്ണൻ,ഇ.പി.രാജഗോപാലൻ, ടി.ഡി.രാമകൃഷ്ണൻ,പി പവിത്രൻ, പി ഗീത, വി വിജയകുമാർ, കുരീപ്പുഴ ശ്രീകുമാർ, പ്രമോദ് രാമൻ,പി എഫ് മാത്യൂസ്, ഖദീജ മുംതാസ്, വി ആർ സുധീഷ്,സുസ്‌മേഷ് ചന്ദ്രോത്ത്,ആസാദ്, വീരാൻ കുട്ടി,കെ സി ഉമേഷ് ബാബു, രാഘവൻ പയ്യനാട്, എൻ പി ഹാഫീസ് മുഹമ്മദ്, ബിജോയ് ചന്ദ്രൻ,പി ജെ ബേബി,സനൽകുമാർ ശശിധരൻ, മനോജ് കാന,ഗിരിജ പതേക്കര,സിദ്ധാർത്ഥൻ പരുത്തിക്കാട്,കെ എം ഭരതൻ,സി അശോകൻ,കെ എസ് ഹരിഹരൻ,അജയൻ പി ഏ ജി, എൻ വി ബാലകൃഷ്ണൻ,കെ എൻ അജോയ് കുമാർ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്ന്.