സന്നിധാനം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലും യുവതീ പ്രവേശനത്തിന് എതിരെ കടുത്ത നിലപാട് എടുത്ത് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. എന്തു വന്നാലും ആചാര ലംഘനം അനുവദിക്കില്ലെന്നാണ് രാജീവരരുടെ നിലപാട്. യുവതി പ്രവേശിച്ചാൽ ശ്രീകോവിൽ പൂട്ടി താക്കോൽ ക്ഷേത്ര അഡ്‌മിനിസ്‌ട്രേറ്റർക്ക് നൽകുമെന്നാണ് കണ്ഠരരുടെ നിലപാട്. തന്ത്രിയുടെ നിലപാട് അറിയാൻ പൊലീസ് ശ്രമിച്ചിരുന്നു.

ഇതിനിടെ സോപാനത്ത് മേൽശാന്തിയുടെ മുറിയിലെത്തി ഐജി എം ആർ അജിത് കുമാർ ചർച്ച നടത്തി. ശബരിമലയിൽ യുവതികൾ കയറി ആചാരലംഘനമുണ്ടായാൽ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും അറിയിച്ചു. സുരക്ഷാചുമതലയുള്ള ഐ.ജി.അജിത്ത് കുമാർ സന്നിധാനത്തെത്തി മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ സന്ദർശിച്ചിരുന്നു. ഈ അവസരത്തിലാണ് മേൽശാന്തി ഇക്കാര്യം വ്യക്തമാക്കിയത്. യുവതികൾ വീണ്ടുമെത്തിയാൽ ഈ പ്രക്രിയ ആവർത്തിക്കുമെന്നും മേൽശാന്തി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കാര്യങ്ങൾ നടപ്പാക്കുമെന്നും മേൽശാന്തി പറഞ്ഞു.

ചിത്തിര ആട്ട വിശേഷത്തിന് തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് നടതുറക്കുന്നത്. വൻപൊലീസ് വലയത്തിലാണ് ശബരിമലയും പരിസരപ്രദേശവും. തന്ത്രിയുടേയും മേൽശാന്തിമാരുടേയും പരികർമ്മികളും ഉറച്ച നിലപാടിലാണ്. ക്ഷേത്രം ഉടമസ്ഥർക്ക് തന്ത്രികളുടെ മേൽ അധികാരമില്ലെന്ന് തന്ത്രിമാരുടെ യോഗം വിലയിരുത്തിയിരുന്നു ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ അവസാന വാക്ക് തന്ത്രി മാത്രമാണെന്നും മുഖ്യമന്ത്രി വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും തന്ത്രിമാരുടെ യോഗം പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പമാണ് കണ്ഠരര് രാജീവരും. ചാരങ്ങൾ മുടങ്ങിയാൽ ശുദ്ധിക്രിയ നടത്തുന്നത് വരെ നട അടയ്ക്കും. എന്നാൽ സ്ത്രീകൾ നിരന്തരമായി എത്തിയാൽ ശുദ്ധിക്രിയ നടത്തുക അസാധ്യമാണ്. ഈ സാഹചര്യത്തിൽ ക്ഷേത്രം അടയ്‌ക്കേണ്ടി വരുമെന്നാണ് തന്ത്രിയുടെ നിലപാട്. ഇത് തന്നെയാണ് ഐജിയെ മേൽശാന്തി അറിയിച്ചതും.

യുവതികൾ പ്രവേശിച്ചാൽ ശബരിമല ക്ഷേത്രത്തിന്റെ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത് ശുദ്ധ വിഡ്ഢിത്തമാണെന്ന് സർക്കാർ നേരത്തെ നിലപാട് എടുത്തിരുന്നു. ക്ഷേത്രത്തിന്റെ ഭരണ നിർവഹണ ചുമതലയുള്ള ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള വെറുമൊരു ജീവനക്കാരൻ മാത്രമാണ് തന്ത്രി. നട അടച്ചാൽ തന്ത്രിക്കെതിരെ കടുത്ത നടപടി എടുക്കാം. നോട്ടീസ് പോലും നൽകാതെ തന്ത്രിയെ പിരിച്ചുവിട്ട് പകരം മറ്റൊരു തന്ത്രിയെ ദേവസ്വം ബോർഡിന് നിയമിക്കാനാവും. ഇത് സംബന്ധിച്ച ചട്ടങ്ങൾ ദേവസ്വം ബോർഡിന്റെ നിയമാവലിയിലുണ്ട്. ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് മുൻ ദേവസം ബോർഡ് പ്രസിഡന്റ് രാജഗോപാലൻ നായർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തന്ത്രിയുടെ നിലപാട് അറിയാൻ പൊലീസ് ശ്രമിച്ചത്.

മുഖ്യമന്ത്രിയുടെ നിലപാട് മനസ്സിലാക്കിക്കാനും ശ്രമിച്ചു. എന്നാൽ യുവതി പ്രവേശനത്തിൽ ആചാരത്തിനാണ് പ്രാധാന്യമെന്ന് തന്ത്രി നിലപാട് വീണ്ടും എടുത്തു. ഇതോടെ അനുനയ ശ്രമം പാളി. സന്നിധാനത്ത് 15 വനിതാ പൊലീസുകാരെ നിയോഗിച്ചു. 50 വയസ്സിനു മുകളിൽ പ്രായമുള്ള വനിതാ പൊലീസിനെയാണ് നിലവിൽ സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്. ഇതിലും തന്ത്രിയും മേൽശാന്തിയും പ്രതിഷേധത്തിലാണ്. തന്ത്രിയോട് ആലോചിക്കാതെയാണ് പൊലീസ് എല്ലാം ചെയ്യുന്നതെന്നാണ് അവരുടെ പക്ഷം. ശബരിമലയിലെ ആചാര പ്രശ്‌നങ്ങളിൽ വിശ്വാസികളുടെ വികാരം സംരക്ഷിക്കുന്നതിനാണ് പ്രധാന പരിഗണനയെന്ന് തന്ത്രി പൊലീസിനെ അറിിച്ചു.

കൂടുതൽ യുവതികളെത്തിയാൽ നിയന്ത്രിക്കുന്നതിനാണു വനിതാ പൊലീസിനെ എത്തിച്ചുള്ള സുരക്ഷാ ക്രമീകരണമെന്ന് തന്ത്രിയോട് ഐജി വിശദീകരിച്ചു. സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ പൊലീസിനെ സന്നിധാനത്ത് നിയോഗിച്ചത്. അതിനിടെ ഞായറാഴ്ച ദർശനത്തിനായി പുറപ്പെട്ട ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരെ വഴിയിൽ തടഞ്ഞത് വാക്കേറ്റത്തിലേക്ക് നയിച്ചു. തീർത്ഥടാകരെ നിലയിലേക്കു പോലും കടത്തിവിടാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. പൊലീസ് കമാൻഡോ സംഘമായ തണ്ടർ ബോൾട്സും ദ്രുതകർമ്മസേനയും നിലയ്ക്കലിലും പമ്പയിലും ക്യാംപ് ചെയ്യുകയാണ്. ഇങ്ങനെ തീർത്ഥാടകരെ തടയുന്നതിലും തന്ത്രിക്ക് അതൃപ്തിയുണ്ട്.