പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ വലിയ പ്രതിസന്ധിയായി സന്നിധാനത്തെ പൊലീസിന്റെ അറസ്റ്റ്. തീർത്ഥാടനത്തിന് ആളില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. അതിനിടെ സന്നിധാനത്തെ അറസ്റ്റിൽ കേരളമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. സോപാനത്തെ പ്രശ്‌നങ്ങൾക്ക് പിന്നിൽ പരിവാറുകാരാണെന്ന് പൊലീസ് പറയുമ്പോഴും നടപന്തലിൽ ശരണം വിളിക്കരുതെന്നും കൂട്ടം കൂടി ഇരിക്കരുതെന്നുമുള്ള നിലപാടാണ് ചർച്ചകൾക്ക് ആധാരം. കേരളം മുഴുവൻ വലിയ പ്രതിഷേധമാണ് ഇതിന്റെ പേരിൽ ഉണ്ടാകുന്നത്. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി സന്നിധാനത്ത് ഞായറാഴ്ച രാത്രി വൈകി നടന്ന പ്രതിഷേധമാണ് അറസ്റ്റിൽ കലാശിച്ചത്. വലിയ നടപ്പന്തലിനുസമീപം നിരോധനാജ്ഞ ലംഘിച്ച് ശരണം വിളികളുമായി പ്രതിഷേധിച്ച 25 പേരെ അർധരാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പൊലീസ് നടപടിക്കിടെ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്തവർ മണിയാർ പൊലീസ് ക്യാമ്പിലാണ് ഉള്ളത്. ഇതിനിടെ കടുത്ത നിയന്ത്രണങ്ങൾ പൊലീസ് ശബരിമലയിൽ നടപ്പാക്കി.

ഞായറാഴ്ച പകൽ ശബരിമലയിൽ പൊലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് രാത്രി പത്തരയോടെ മാളികപ്പുറം ക്ഷേത്രപരിസരത്തുനിന്നാണ് നൂറ്റന്പതോളം പേർ എത്തിയത്. തുടർന്ന് സ്പെഷ്യൽ ഓഫീസർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും എത്തി. ശരണംവിളിയുമായി പ്രതിഷേധക്കാർ വലിയ നടപ്പന്തലിൽ ഇരിപ്പുറപ്പിച്ചു. ആർഎസ്എസ് അനുഭാവികളായിരുന്നു ഇതിന് പിന്നിൽ. ഹരിവരാസനം പാടി നടയടച്ചശേഷം നേതാക്കളെ അറസ്റ്റ്‌ചെയ്യാൻ പൊലീസ് ശ്രമിച്ചെങ്കിലും മറ്റുള്ളവർ തടഞ്ഞു. മുഴുവൻപേരെയും അറസ്റ്റ്‌ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ചശേഷം പതിനൊന്നരയോടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ്‌ചെയ്യാൻ സ്പെഷ്യൽ ഓഫീസർ തീരുമാനിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെയായിരുന്നു പൊലീസ് നടപടി. ഇതോടെയാണ് കേരളം മുഴുവൻ പ്രതിഷേധം ഉയർന്നത്. മിക്ക പൊലീസ് സ്‌റ്റേഷനും രാത്രി തന്നെ പരിവാറുകാർ ഉപരോധിച്ചു. സന്നിധാനത്ത് അറസ്റ്റിലായവരുള്ള മണിയാറിലെ എ ആർ ക്യാമ്പിലും നാമജപ പ്രതിഷേധം ഉയരുന്നുണ്ട്.

അയ്യപ്പഭക്തന്മാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉയരുന്നത്.വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നാമജപയാത്ര നടത്തി.മാത്രമല്ല മുഖ്യമന്ത്രിയുടെ വസതിയായ് ക്ലിഫ് ഹൗസിലേക്കും നാമജപ പ്രതിഷേധം നടന്നു.ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വസതിയിലേയ്ക്കും വിശ്വാസികൾ മാർച്ച് നടത്തി. ബിജെപി നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഹർത്താൽ ആഹ്വാനം ചെയ്യാതെ തന്നെ സംസ്ഥാനത്തുടനീളം സമരം ശക്തമാക്കാനാണ് തീരുമാനം. ശബരിമലയുടെ ചരിത്രത്തിലാദ്യമായി ശരണം വിളിച്ച് നിന്ന അയ്യപ്പന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു എന്നത് രാഷ്ട്രീയമായി ചർച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇത് വലിയ ക്രമസമാധാന പ്രശ്‌നമായി മാറും.

മഴയത്ത് അരവണ കൗണ്ടറിനു സമീപം ഒതുങ്ങി നിന്ന ഭക്തരെ ഇറക്കിവിടാൻ പൊലീസ് ശ്രമിച്ചിരുന്നു.ഇതിനെതിരെ വലിയനടപ്പന്തലിനു സമീപം അയ്യപ്പന്മാർ ശരണം വിളിച്ച് പ്രതിഷേധിച്ചിരുന്നു.ഇതാണ് അറസ്റ്റിൽ കലാശിച്ചതെന്ന് പരിവാറുകാർ പറയുന്നു. ശരണം വിളിച്ചിരുന്ന നൂറു കണക്കിന് അയ്യപ്പന്മാരെയാണ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്.ഇക്കൂട്ടത്തിൽ മാളികപ്പുറങ്ങളുമുണ്ട്. ശരണ മന്ത്രം വിളിക്കുന്ന ഭക്തരോട് ഉടൻ അത് അവസാനിപ്പിച്ച് മടങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഹരിവരാസനം പാടി നട അടയ്ക്കുന്നവരെ തങ്ങൾ ശരണം ചൊല്ലി വലിയ നടപ്പന്തലിൽ തുടരുമെന്നായിരുന്നു ഭക്തരുടെ നിലപാട്. ഇത് നടക്കാതെ വന്നതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കാതെ പ്രശ്‌ന പരിഹാരം പൊലീസിനും സാധ്യമായിരുന്നു. എന്നാൽ ഭക്തരെ അറസ്റ്റ് ചെയ്‌തേ മതിയാകൂവെന്ന് മുകളിലെ നിർദ്ദേശം എത്തിയതിനെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ. ഇതാണ് പ്രതിഷേധം ആളികത്തിച്ചത്.

മലകയറാൻ ഞായറാഴ്ച പകൽകൂടി പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പകൽ 11.30 മുതൽ ഒരു മണിവരെ തീർത്ഥാടകരെ പമ്പയിൽ തടഞ്ഞു. നിലയ്ക്കൽ-പമ്പ കെ.എസ്.ആർ.ടി.സി. ബസുകളുടെ ഓട്ടവും പൊലീസ് നിർദ്ദേശപ്രകാരമാക്കി. രാത്രിയും പകലും നിശ്ചിത ഇടവേളകളിൽ ബസ്സോട്ടം നിർത്തിയത് തീർത്ഥാടകരെ വലച്ചു. രാത്രി 9.30 മുതൽ 12 വരെയും സർവീസിന് വിലക്കേർപ്പെടുത്തി. ഇതാണ് പ്രശ്‌നത്തിന് കാരണം. പമ്പാ രാജമണ്ഡപം ഇറങ്ങിച്ചെല്ലുന്നവർ നീലിമലവഴി മാത്രം കയറണമെന്നും നിബന്ധനവെച്ചു. ശാരീരിക അവശതയുള്ളവരെപ്പോലും സ്വാമി അയ്യപ്പൻ റോഡ് വഴി മലകയറാൻ അനുവദിച്ചിരുന്നില്ല. സന്നിധാനത്ത് വലിയ തിരക്കാണെന്നു പറഞ്ഞ് പകൽ 10 മുതൽ 12 വരെ നിലയ്ക്കലിലും തീർത്ഥാടകരെ തടഞ്ഞിരുന്നു. മലയിറങ്ങി വരുന്ന തീർത്ഥാടകരെ പമ്പയിൽ വിരിവെക്കാൻ അനുവദിച്ചില്ല. എന്നാൽ ശബരിമലയിൽ ഒരു തിരക്കും ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത. ഇത് മനസ്സിലായതും ഭക്തരെ പ്രകോപിപ്പിച്ചിരുന്നു. ഏതായാലും ശബരിമല തീർത്ഥാടനം വഷളാക്കുന്ന തരത്തിലേക്ക് പൊലീസ് ഇടപെടലുകൾ എത്തിക്കുകയാണ്.

രാത്രി 9.30 മുതൽ മലകയറുന്നത് കഴിഞ്ഞദിവസം വിലക്കിയിരുന്നു. ഇതിനുശേഷം വരുന്നവരെ പുലർച്ചെ രണ്ടുമുതലാണ് കയറ്റിവിടുന്നത്. മല കയറിയവരെ പലയിടത്തായി തടഞ്ഞതായും ആക്ഷേപമുണ്ട്. ഘട്ടംഘട്ടമായാണ് ഇവരെ സന്നിധാനത്തേക്കു വിട്ടത്. ഞായറാഴ്ച രാവിലെ നട തുറന്നപ്പോൾ ദർശനത്തിന് എത്താനായത് രണ്ടുപേർക്ക് മാത്രമാണ്. ഈ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സന്നിധാനത്ത് രാത്രി പ്രതിഷേധമുണ്ടായത്. കെ എസ് ആർ ടി സി ബസ് മാത്രമാണ് പമ്പയിലേക്ക് കയറ്റി വിടുന്നത്. ഇതുപയോഗിച്ചാണ് ഭക്തരെ പൊലീസ് തന്ത്രപരമായി നിയന്ത്രിക്കുന്നത്. ബസ് നിറഞ്ഞാലും ഇപ്പോൾ 15 മിനിറ്റ് ഇടവിട്ടാണ് ബസ് എടുക്കുന്നത്. മിനിറ്റിൽ ഒരു ബസ് എന്ന നിലയിൽ വിടുമെന്നായിരുന്നു കെ എസ് ആർ ടി സിയുടെ പ്രഖ്യാപനം. എന്നാൽ ഇത് നട തുറന്നിരിക്കുമ്പോൾ മാത്രമാക്കി മാറ്റി. തിരക്ക് കുറവാണെങ്കിലും എത്തുന്ന ഭക്തർക്ക് വലിയ കാത്തിരിപ്പിന് കാരണമായി ഇത് മാറുന്നു. നിലയ്ക്കലിൽ അടിസ്ഥാന സൗകര്യമില്ലാത്തതും ഇതിന് കാരണമാണ്.

ശനിയാഴ്ച രാത്രിയാണ് സോപാനത്തിന് ചുറ്റും ശയനപ്രദക്ഷിണം നടത്തിയവരെ പൂർത്തിയാക്കാൻ അനുവദിക്കാതെ പൊലീസ് എഴുന്നേൽപ്പിച്ച് വിട്ടത്. ഹരിവരാസനം പാടി നട അടച്ചശേഷം ഭസ്മക്കുളത്തിൽ മുങ്ങി ഈറനോടെ എത്തിയാണ് മണ്ഡലകാലത്ത് ശയന പ്രദക്ഷിണം നടത്തുന്നത്. എന്നാൽ കഴിഞ്ഞദിവസം ആചാരത്തോടെ ശയന പ്രദക്ഷിണം നടത്താനെത്തിയ ഭക്തരെ അത് പൂർത്തിയാക്കൻ പൊലീസ് അനുവദിച്ചില്ല. ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നതിന് മുമ്പേ പ്രദക്ഷിണം തടഞ്ഞു. പ്രദക്ഷണത്തിലുണ്ടായിരുന്നവരെ പൊലീസ് ബലം പ്രയോഗിച്ച് എഴുന്നേൽപ്പിച്ചുവെന്നും ആരോപണമുണ്ട്.

സംഘപരിവാർ ലക്ഷ്യമിടുന്നത് വമ്പൻ പ്രതിഷേധം

ശബരിമല സന്നിധാനത്ത് പ്രതിഷേധം നടത്തിയവരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം. ദേവസ്വംബോർഡ് ജങ്ഷനിൽവെച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. പുലർച്ചെ ഒരു മണിയോടെ ആരംഭിച്ച പ്രതിഷേധം രണ്ടരയോടെയാണ് അവസാനിച്ചത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും പ്രതിഷേധം നടന്നു.

അർദ്ധരാത്രിയിൽ തന്നെ പ്രതിഷേധം സംസ്ഥന വ്യാപകമാക്കാനാണ് സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.