പത്തനംതിട്ട: ശബരിമലയിലെ പുലയാചാരം എത്ര നാളെന്നതാണ് ഇപ്പോൾ ഉയരുന്ന വിവാദം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ശബരിമല ദർശനത്തിനെതിരേ സിപിഎം സൈബർ സഖാക്കളാണ് പുലയാചാരത്തിന്റെ ചരിത്രം തിരഞ്ഞത്. സുപ്രീംകോടതിയിൽ തന്ത്രി കുടുംബം നൽകിയ സത്യവാങ്മൂലം പൊക്കിയെടുത്തു കൊണ്ട് വന്ന സുരേന്ദ്രൻ പുലയാചാരം ലംഘിച്ചുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതേസമയം, തന്ത്രി കുടുംബത്തിന്റെ സത്യവാങ്മൂലം വ്യാജമാണെന്ന് സംശയവും ശക്തമാണ്.

എന്നാൽ പ്രചരിക്കുന്ന കുറിപ്പിലെ വാക്ക് അനുസിരച്ചും സുരേന്ദ്രൻ ആചാര ലംഘനം നടത്തിയിട്ടില്ലെന്ന് വ്യക്തമാണ്. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് ദർശനത്തിനെത്താനും സന്നിധാനത്ത് തമ്പടിക്കാനും ശ്രമിച്ച ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നടത്തിയത് കടുത്ത ആചാര ലംഘനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. ശബരിമലയിലെ ആചാരപ്രകാരം കുടുംബത്തിൽ മരണമോ ജനനമോ നടന്നാൽ ഒരു വർഷത്തേക്ക് ശബരിമലയിൽ പോകാൻ പാടില്ലെന്നാണ് ആചാരമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയുടെ സത്യവാങ് മൂലമെന്ന് തരത്തിൽ രേഖ പ്രചരിച്ചത്. എന്നാൽ പ്രചരിച്ച രേഖയിലെ വാക്കുകൾ പ്രകാരവും സുരേന്ദ്രൻ ആചാര ലംഘനം നടത്തിയില്ലെന്നത് വ്യക്തമാണ്.

'മാലയിട്ട് വൃതത്തിൽ ഇരിക്കുമ്പോൾ ആരുടെ എങ്കിലും മരണമോ ജനനമോ കാരണം പുല ഉണ്ടായാൽ...'ആ വർഷം കയറി കൂട...ആ വർഷം എന്നാണ് രേഖകളിലുള്ളത്. അതുകൊണ്ട് തന്നെ സുരേന്ദ്രനെ ഇത് ബാധിക്കില്ല. വൃതമെടുക്കുന്ന കാലത്ത് സുരേന്ദ്രന്റെ ആരും മരിച്ചിട്ടില്ല. അമ്മ മരിച്ചത് മാസങ്ങൾക്ക് മുമ്പാണ്. അതുകൊണ്ട് തന്നെ ഈ പറയുന്ന വാക്കുകളെ വ്യാഖ്യാനിച്ച് പോലും സുരേന്ദ്രന്റെ ശബരിമല കയറ്റത്തെ തടയാൻ കഴിയില്ല. സന്നിധാനത്തേക്ക് സുരേന്ദ്രൻ പോകുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടി കൂടിയാണ് ആചാര ലംഘനമെന്ന വാദം സർക്കാർ ചർച്ചയാക്കിയത്. ഇതിന്റെ പേരിൽ സുരേന്ദ്രനെ തടയാനായിരുന്നു നീക്കം. അതിനിടെയാണ് മറ്റൊരു വിവാദം കൂടി വരുന്നത്. ഇതും സോഷ്യൽ മീഡിയ ചർച്ചയാക്കാൻ തുടങ്ങിയിട്ടുണ്ട്.

സുപ്രീംകോടതിയിൽ തന്ത്രി കുടുംബം നൽകിയ സത്യവാങ്മൂലത്തിൽ യുവതികൾക്ക് മാത്രമല്ല, കുടുംബത്തിൽ ജനനമോ മരണമോ നടന്നാൽ പിന്നെ ആ വർഷം ആരും മല ചവിട്ടരുത് എന്നാണ് ആചാരമെന്ന് പറയുന്നു. ഈ ആചാരം തന്ത്രി കുടുംബം തന്നെ പല തവണ ലംഘിച്ചിട്ടുണ്ട് എന്നതാണ് സത്യം. ശബരിമലയിലെ മുതിർന്ന തന്ത്രി കണ്ഠരര് നീലകണ്ഠര് മരിച്ചത് 2005 ഡിസംബർ 19 നാണ്. അന്ന് കണ്ഠരര് മോഹനര് ആണ് ശബരിമല തന്ത്രിയുടെ ചുമതലക്കാരൻ. തിരുവല്ല സ്വദേശി വാസുദേവൻ നമ്പൂതിരിക്ക് പകരം ചുമതല നൽകി മോഹനര് മലയിറങ്ങി. ശബരിമല തീർത്ഥാടന കാലത്തിനിടയ്ക്കായിരുന്നു മരണം. മണ്ഡല പൂജ നടത്താൻ മോഹനര് ഇല്ലായിരുന്നു. പക്ഷേ 2006 ജനുവരി ഒന്നുമുതൽ അദ്ദേഹം തന്നെ ചുമതല നിർവഹിച്ചു. മകരവിളക്കിനും അദ്ദേഹം തന്നെ ചുമതലക്കാരനായിരുന്നു.

കഴിഞ്ഞ മെയ് 14 നാണ് മുതിർന്ന തന്ത്രി കുടുംബാംഗം കണ്ഠരര് മഹേശ്വരര് മരിച്ചത്. അന്ന് തന്ത്രി ചുമതല വഹിക്കുന്നത് ചെറുമകൻ കണ്ഠരര് മഹേഷ് മോഹനരായിരുന്നു. ഇടവമാസ പൂജയ്ക്കായി ശബരിമലയ്ക്ക് പുറപ്പെട്ട മഹേഷ് മോഹനര് ചുമതല താൽക്കാലികമായി പകരം ചുമതല ഉണ്ണി നമ്പൂതിരിക്ക് നൽകി മലയിറങ്ങി. അടുത്ത മാസം അതായത് മിഥുന മാസ പൂജയ്ക്കായി നടതുറക്കുമ്പോൾ താന്ത്രിക ചുമതല മഹേഷ് മോഹനരാണ് വഹിച്ചിരുന്നത്. തന്ത്രി കുടുംബം അനുവർത്തിച്ച പ്രകാരം പുല വാലായ്മകളുടെ പരമാവധി പരിധി 16 ദിവസം തന്നെയാണെന്ന് വേണം ഇതിൽ നിന്ന് മനസിലാക്കാൻ. ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സത്യവാങ്മൂലം തന്ത്രി കുടുംബത്തിന്റേത് തന്നെയാണോ എന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നു.

ഇത്തരം വിവാദങ്ങളിലും ശബരിമല പ്രശ്‌ന കലുഷിതമാണ്. സംഘടിച്ചെത്തിയുള്ള നാമജപ പ്രതിഷേധം, പൊലീസ് നടപടി, ജാമ്യമില്ലാ കുറ്റം ചുമത്തിയുള്ള അറസ്റ്റ്. ഇതുവരെ കാണാത്ത നാടകീയ രംഗങ്ങൾക്കാണ് സന്നിധാനം ഇന്നലെ വേദിയായത്. നടപ്പന്തലിലേക്ക് നാമജപവുമായി എത്തിയ പ്രതിഷേധക്കാർ പിന്നീട് വലിയ നടപ്പന്തലിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും പൊലീസ് അറസ്റ്റ് ചെയ്ത് ഇവരെ മാറ്റുകയും ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. ഇന്നലെ സന്നിധാനത്തെ വലിയ നടപ്പന്തലിൽ നിന്നും പ്രതിഷേധം നടത്തിയ 72 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിലക്ക് ലംഘിച്ച് വലിയ നടപ്പന്തലിൽ പ്രതിഷേധം നടത്തിയതിന് ജാമ്യമില്ലാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പൊലീസിന് കൃത്യനിർവ്വഹണത്തിൽ തടസ്സം ഉണ്ടാക്കി, പൊലീസിനെ ഡ്യൂട്ടിക്കിടെ കയ്യേറ്റം ചെയ്തു. പൊലീസ് നിയന്ത്രണം മറികടന്നു നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരേ കേസെടുത്തത്. ഇവരെ മണിയാർ പൊലീസ് ക്യാമ്പിലേക്കാണ് കൊണ്ടുപോവുകയും ചെയ്തു.

പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇന്നലെ രാത്രി 10.30 യോടെയാണ് വലിയ നടപ്പന്തലിൽ നാടകീയ രംഗങ്ങൾ തുടങ്ങിയത്. 50 ലധികം പേർ ശരണം വിളിയുമായി ആദ്യം എത്തുകയായിരുന്നു. പിന്നാലെ മാളികപ്പുറത്തു നിന്നും മറ്റും എത്തിയ 200 പേർ ഇവർക്കൊപ്പം ചേരുകയും ആയിരുന്നു. പിന്നീട് നാമജപ ഘോഷം നടത്തുകയും പിന്നീട് വിരിവെയ്ക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നടപ്പന്തലിൽ കുത്തിയിരിക്കുകയും ചെയ്തു. ഇവിടെയെത്തിയ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ കാര്യം അന്വേഷിക്കുകയും പിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഹരിവരാസനം പാടിയ ശേഷം പിരിഞ്ഞുപോകാമെന്നായി പ്രതിഷേധക്കാർ.

എന്നാൽ നട അടച്ചതോടെ രംഗം മാറുകയാണ്. ഇതിനിടെയാണ് ആചാര ലംഘത്തിലെ വിവാദങ്ങളും വരുന്നത്. തന്ത്രിയും ബിജെപി നേതാക്കളും ആചാര ലംഘനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം ചർച്ചയാക്കാനാണ് ഈ വിവാദം.