ശബരിമല: ശബരിമല ദർശനത്തിനെത്തിയ കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണൻ സന്നിധാനത്ത് കിടന്നുറങ്ങിയത് നിലത്ത്. സാധാരണ തീർത്ഥാടകനായി മാറിയാണ് കേന്ദ്രമന്ത്രി അയ്യനെ തൊഴുതു മടങ്ങിയത്. കേന്ദ്രമന്ത്രിക്ക് കിട്ടുന്ന സംവിധാനങ്ങളൊന്നും ഉപയോഗിച്ചില്ല. നിലയ്ക്കലിൽ എസ് പി യതീഷ് ചന്ദ്രയിൽ നിന്ന് നേരിട്ട അപമാനമായിരുന്നു ഇതിനെല്ലാം കാരണം. മടക്കയാത്രയിലും പൊൻ രാധാകൃഷ്ണനെ അപമാനിക്കും വിധം പൊലീസ് അദ്ദേഹത്തിന്റെ കാർ പരിശോധിച്ചു. കാർ തടഞ്ഞായിരുന്നു പരിശോധന. കേന്ദ്രമന്ത്രിയുടെ മുദ്രകളൊന്നുമില്ലാത്ത പൊൻ രാധാകൃഷ്ണൻ അപമാനിതനായെന്ന് ആരോപിച്ച് ബിജെപി വ്യാപക പ്രതിഷേധത്തിലാണ്. തമിഴ്‌നാട്ടിലും കേരളത്തിലും എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്.

നിലയ്ക്കലിൽ ഇന്നലെ നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. വാഹനം കയറ്റി വിടുന്നതിലെ തർക്കമായിരുന്നു എല്ലാത്തിനും കാരണം. കേന്ദ്രമന്ത്രിയുടെ വാഹനം പോകുന്നതിനു തടസ്സമില്ലെന്ന് എസ്‌പി യതീഷ് ചന്ദ്ര പറഞ്ഞെങ്കിലും കൂടെയുള്ളവരുടെ വാഹനങ്ങൾ കടത്തിവിടില്ല എന്നറിഞ്ഞ് ബസിലാണു പമ്പയിലെത്തിയത്. ബിജെപി ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ബിജെപി തമിഴ്‌നാട് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ജയശീലൻ, കന്യാകുമാരി ജില്ലാ പ്രസിഡന്റ് മുത്തുകൃഷ്ണൻ, പ്രവർത്തകരായ ശ്രീറാം, മുരുകേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പമ്പയിലെത്തി ശുചിമുറി തിരക്കിയപ്പോൾ ഗെസ്റ്റ് ഹൗസിൽ പോകാമെന്ന് പൊലീസ് അറിയിച്ചു. വേണ്ട, സാധാരണ തീർത്ഥാടകരുടെ സൗകര്യം തന്നെ മതിയെന്ന് മന്ത്രി പറഞ്ഞു.

സന്നിധാനത്തും ഗെസ്റ്റ് ഹൗസിനു പകരം തീർത്ഥാടകർക്കൊപ്പം അഖില ഭാരത അയ്യപ്പ സേവാ സമാജത്തിന്റെ താൽക്കാലിക ഷെഡിലാണ് അദ്ദേഹം രാത്രി ചെലവഴിച്ചത്. നിലത്തുറങ്ങുകയും ചെയ്തു. നാമജപത്തിലും പങ്കെടുത്താണ് മന്ത്രിയുടെ മടക്കം. ഭക്തരെയും കുഴപ്പക്കാരെയും എങ്ങനെ തിരിച്ചറിയുമെന്ന് പൊലീസിനോടു പൊൻ രാധാകൃഷ്ണൻ ചോദിച്ചിരുന്നു. നടപ്പന്തലിൽ എത്തിയപ്പോഴാണ് എസ്‌പി ഹരിശങ്കറിനെ വിളിച്ച് അദ്ദേഹം അവിടെ നിരോധനാജ്ഞ നിലവിലുണ്ടോ എന്നു ചോദിച്ചത്. ഈ ദിവസം കൂടി നിലവിലുണ്ടെന്നും എന്നാൽ ഭക്തർക്ക് പോകുന്നതിനു കുഴപ്പമില്ലെന്നുമായിരുന്നു എസ്‌പിയുടെ മറുപടി.

പിന്നെ ആർക്കാണു നിരോധനമെന്നു മന്ത്രി ചോദിച്ചപ്പോൾ കുഴപ്പം ഉണ്ടാക്കുന്നവർക്കാണു നിരോധനം എന്നായി എസ്‌പി. കുഴപ്പക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയുമെന്നായി മന്ത്രി. സ്വഭാവത്തിലൂടെ തിരിച്ചറിയുമെന്ന് എസ്‌പി പറഞ്ഞപ്പോൾ ഭക്തരെക്കാൾ നന്നായി നല്ല സ്വഭാവം നടിക്കാൻ കുഴപ്പക്കാർക്കാവുമല്ലോ എന്നായി പൊൻ രാധാകൃഷ്ണന്റെ മറുചോദ്യം. മടക്കത്തിലാണ് പമ്പയിലും പൊൻരാധാകൃഷ്ണനെ പൊലീസ് തടഞ്ഞത്. മാപ്പെഴുതി നൽകിയാണ് വിവാദം പൊലീസ് ഒഴിവാക്കിയത്.

യതീഷിനെതിരെ പ്രതിഷേധം ശക്തം

ശബരിമലയിൽ ഭക്തരെ തടയുന്ന നടപടികളും നിരോധനാജ്ഞയും പിൻവലിക്കണമെന്നു പൊൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയോട് അപമര്യാദയായി പെരുമാറിയ എസ്‌പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നൽകുമെന്ന് എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.

ആറു വയസ്സു മുതൽ ശബരിമലയിലെത്തുന്ന താൻ ആദ്യമായാണു പതിനെട്ടാം പടി ഒഴിഞ്ഞുകിടക്കുന്നതു കാണുന്നതെന്നു മന്ത്രി പൊൻ രാധാകൃഷ്ണൻ സന്നിധാനത്ത് പറഞ്ഞിരുന്നു. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച, ഒഴിഞ്ഞുകിടക്കുന്ന പതിനെട്ടാം പടിയുടെ ചിത്രം മാധ്യമപ്രവർത്തകരോടു സംസാരിക്കവെ മന്ത്രി ഉയർത്തിക്കാണിച്ചു. ഭജനയും ശരണം വിളിയും കേൾക്കാത്ത സ്ഥിതി ആദ്യമാണ്. ആളുകൾ ഇവിടെ വരാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പട്ടു. അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മന്ത്രി ആരോപിച്ചു.

നിലയ്ക്കലിൽ ക്രമസമാധാന ചുമതലയുള്ള എസ്‌പി യതീഷ് ചന്ദ്രയ്ക്കെതിരെ തിരുവനന്തപുരത്തും തൃശ്ശൂരും തക്കലയിലും പ്രതിഷേധം. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ എസ്‌പി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകർ എസ്‌പിയുടെ കോലം കത്തിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ നേതൃത്വത്തിൽ അൻപതോളം പേരാണ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. തമിഴ്‌നാട് അതിർത്തി പ്രദേശമായ തക്കലയിലും യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.

കേരളത്തിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞായിരുന്നു പ്രതിഷേധം. നാഗർകോവിലിലേക്ക് പോയ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകളും അവിടെനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഒരു ബസ്സും തടഞ്ഞു. തൃശ്ശൂരിൽ സിറ്റി പൊലീസ് കമ്മീഷറുടെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് തീർത്ത് പ്രതിഷേധക്കാരെ തടഞ്ഞു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് യതീഷ് ചന്ദ്ര തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറായി തിരിച്ചെത്തിയാലും പ്രതിഷേധം തുടരുമെന്നാണ് ബിജെപിയുടെ നിലപാട്.

ശബരിമല സന്ദർശിക്കുന്നതിനായി നേരത്തെ നിലയ്ക്കലിൽ എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ബിജെപി നേതാക്കളും എസ്‌പി യതീഷ് ചന്ദ്രയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തനിക്കൊപ്പം വന്നവരുടെ വാഹനങ്ങളെല്ലാം പമ്പയിലേക്ക് കടത്തി വിടണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആവശ്യം. എന്നാൽ, മന്ത്രിയുടെ വാഹനം കടത്തിവിടാമെന്നും മറ്റുള്ളവ കടത്തിവിടില്ലെന്നും എസ്‌പി നിലപാടെടുത്തു. ഇതോടെയാണ് എസ്‌പിയും ബിജെപി നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായത്.

നിയന്ത്രണങ്ങളും നീക്കുന്നു

അതിനിടെ സന്നിധാനത്തും പമ്പയിലും വിലക്കുകൾ മാറുകയാണ്. കേന്ദ്രമന്ത്രിയടക്കമുള്ളവരുടെ ഇടപെടലിനൊപ്പം ഹൈക്കോടതിയുടെ കടുത്ത നിലപാടും ഇതിന് കാരണമായി. ഹൈക്കോടതിയിൽ നിന്ന് തിരിച്ചടികൾ ഒഴിവാക്കാൻ ഭക്തർക്കുള്ള നിയന്ത്രണങ്ങളെല്ലാം സർക്കാർ നീക്കി. ഭക്തർ ശബരിമലയിൽ നിന്നും മാറി നിൽക്കുന്നതും ഇതിന് കാരണമായി. വിലക്കുകൾ നീക്കുന്നതിന്റെ ഭാഗമായി പമ്പയിൽ ഇരുമുടിക്കെട്ട് നിറയ്ക്കാൻ 24 മണിക്കൂറും സൗകര്യം ഏർപ്പെടുത്തി. ഗണപതി ക്ഷേത്രത്തിലെ മണ്ഡപത്തിലാണു സൗകര്യം. അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസിൽ 250 രൂപ അടച്ച് മണ്ഡപത്തിൽ രസീത് കാണിച്ചാൽ മതി. അവിടെ പമ്പയിലെ മേൽശാന്തിയോ കീഴ്ശാന്തിമാരോ കെട്ടു നിറയ്ക്കും. ഒന്നിൽ കൂടുതൽ നെയ്ത്തേങ്ങ വേണ്ടവർ തേങ്ങ ഒന്നിന് 80 രൂപ നിരക്കിൽ രസീത് എടുക്കണം. സാധനങ്ങളുമായി എത്തുന്നവർ 150 രൂപയുടെ രസീത് എടുത്താൽ മതി.

കെഎസ്ആർടിസിക്ക് പമ്പ ത്രിവേണിയിൽ ബസ് സ്റ്റേഷൻ ആരംഭിക്കാൻ അനുമതിയും ലഭിച്ചു. ശബരിമലയിൽ നിന്നുള്ള ദീർഘദൂര ബസുകൾ ഇനി ത്രിവേണിയിൽ നിന്നു തുടങ്ങും. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറും നടത്തിയ ചർച്ചയിലാണു തീരുമാനം. സന്നിധാനത്ത് മുറി ബുക്ക് ചെയ്യാനും വിലക്കുകൾ മാറി. തീർത്ഥാടകർക്ക് ഓൺലൈനായി സന്നിധാനത്തു മുറികൾ ബുക്ക് ചെയ്യാം. 15 ദിവസം മുൻകൂട്ടിയുള്ള ബുക്കിങ് സൗകര്യമാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. സന്നിധാനത്തെ അക്കൊമഡേഷൻ കൗണ്ടർ വഴി നേരിട്ടുള്ള ബുക്കിങ് ദിവസവും വൈകിട്ട് 5നു തുടങ്ങും. അതതു ദിവസത്തേക്കുള്ള ബുക്കിങ്ങാണ് ഇവിടെ നടക്കുക. 500 മുറികളിൽ 104 എണ്ണമാണ് ഓൺലൈനിൽ ബുക്ക് ചെയ്യാവുന്നത്. ബാക്കിയുള്ളവ നേരിട്ടു നൽകും.

കെഎസ്ആർടിസിയുടെ ശബരിമല ടിക്കറ്റുകൾ ഓൺലൈൻ ബുക്കിങ് സൈറ്റായ 'അഭി ബസ്' വഴിയും ലഭിക്കും. 30 ദിവസം മുൻപു മുതൽ ടിക്കറ്റെടുക്കാം. www.online.keralartc.com എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റെടുക്കാം.

വലിയ നടപന്തലിലും പ്രവേശനം

ശബരിമലയിലെ രാത്രി നിയന്ത്രണം ഒഴിവാക്കി. 24 മണിക്കൂറും പമ്പയിൽ നിന്ന് സന്നിധാനത്ത് എത്താം. വലിയനടപ്പന്തലിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചു. അതേസമയം സന്ധ്യയോടെ വാവര് നടയിൽ ഭക്തർ നാമജപം നടത്തി. കർപ്പൂരാഴിക്ക് അനുമതി നിഷേധിച്ചു. നിലയ്ക്കലിൽ നിന്നു ദിവസം മുഴുവൻ പമ്പയിലേക്കു കെഎസ്ആർടിസി ബസ് സർവീസ് നടത്തും. നേരത്തെ, രാത്രി 9:30 മുതൽ പുലർച്ചെ രണ്ടര വരെ ശബരിമലയിലേക്കു പോകുന്നതിന് വിലക്കുണ്ടായിരുന്നു.

ശബരിമലയിൽ ഭക്തരെ വലക്കുന്ന നടപ്പന്തലിൽ വിരിവെക്കുന്നത് അനുവദിക്കാത്തത് അടക്കമുള്ള നിയന്ത്രണങ്ങൾ മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പുറമെ ഭക്തരുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഉയർന്നിരുന്നു.