തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിൽ വിധി നടപ്പാക്കുന്നതിൽ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. വിധി നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും അറിയിക്കും. വിധി നടപ്പാക്കുന്നതിനു കോടതിയിൽനിന്നു മാർഗനിർദ്ദേശം തേടാനാണു നീക്കം. ചീഫ് സെക്രട്ടറിയാകും ഹർജി നൽകുക. ഫലത്തിൽ റിവ്യൂ ഹർജിയായി തന്നെ ഇത് മാറും. ശബരിമലയിൽ പ്രതിഷേധിക്കുന്ന ഭക്തരുടെ മനസ്സ് അനുകൂലമാക്കാനാണ് നീക്കം. സമുദായ സംഘടനകളുടെ യോഗം സർക്കാർ വിളിച്ചിരുന്നു. ഈ യോഗത്തിൽ സമവായം ഉണ്ടാക്കാൻ വേണ്ടി കൂടിയാണ് ഈ നീക്കം. എൻ എസ് എസ് അടക്കമുള്ള സംഘടനകളെ യോഗത്തിന് വിളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിശ്വാസം സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന സന്ദേശം നൽകാൻ കൂടിയാണ് ഈ നീക്കം.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനായി പൊലീസ് സുപ്രീം കോടതിയിലേക്ക് നീങ്ങാനൊരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വാർത്ത പുറത്ത് വന്നിരുന്നു. വിധി നടപ്പാക്കാൻ ക്യത്യമായ മാർഗ്ഗനിർദ്ദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെടും ബുധനാഴ്ച ഹർജി നൽകുമെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അഭിഭാഷകരുമായി ചർച്ച നടത്തി. വിധി നടപ്പാക്കാൻ പൊലീസ് സാധ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഹൈക്കോടതിയിൽ എത്തുന്നുണ്ട്. ഓരോ ദിവസവും കോടതി നിർദ്ദേശപ്രകാരം മാറ്റങ്ങൾ വരുന്നു.

ശബരിമലയിലെ നാമജപപ്രതിഷേധം നേരിടാനും ബുദ്ധിമുട്ട് വരുന്നുണ്ട്. പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാനുള്ള പൊലീസ് നടപടികളെ തടയാനാണ് പല ഹർജികളിലും ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ, പൊലീസിന്റെ നടപടികൾക്ക് തടസ്സം നേരിടേണ്ടി വരികയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്നാണ് വിശദീകരണം. വിധി നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് ഹർജിയിൽ ചൂണ്ടിക്കാട്ടും. എന്നാൽ പല കോടതികളിലായി പൊലീസിന്റെ ജോലി തടസ്സപ്പെടുത്തുന്ന രീതിയിൽ ഹർജികൾ വരുന്നു. ഇതിനാൽ വിധി നടപ്പാക്കാനാകുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

കടുത്ത നിയന്ത്രണങ്ങളുടെയും ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയുടെയും പേരിൽ വലിയ വിമർശനങ്ങളാണ് പൊലീസിന് കേൾക്കേണ്ടി വന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനും ക്രമസമാധാനപാലനത്തിനുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് എജിയടക്കം ഹൈക്കോടതിയിൽ ഹാജരായി പല തലവണ വിശദീകരണം നൽകേണ്ടി വന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ഹർജി നൽകുന്നത് സംബന്ധിച്ച് ഉന്നത പൊലീസുദ്യോഗസ്ഥർ ഡൽഹിയിലെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുമെന്നാണ് അറിയുന്നത്. ശബരിമലയിൽ ഭക്തർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയ സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സുപ്രീംകോടതി വിധിയുടെ മറവിൽ കർശന നിയന്ത്രണങ്ങൾക്ക് ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. ഭക്തരെ ബന്ദിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കേണ്ട. അമിത ഇടപെടൽ പാടില്ല. നിലക്കലിലടക്കം ഭക്തർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ശബരിമലയിൽ ഭക്തർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയതിന് സംസ്ഥാന സർക്കാരിന് നേരേ ഹൈക്കോടതി രൂക്ഷ വിമർശനമം ഉന്നയിച്ചിരുന്നു. സുപ്രീംകോടതി വിധിയുടെ മറവിൽ കർശന നിയന്ത്രണങ്ങൾക്ക് ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. ഭക്തരെ ബന്ദിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കേണ്ട. അമിത ഇടപെടൽ പാടില്ല. നിലക്കലിലടക്കം ഭക്തർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ശബരിമലയിൽ പൊലീസ് അതിരു കടക്കുകയാണ്. സന്നിധാനത്ത് ഇത്രയും പൊലീസ് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇപ്പോഴുള്ള പൊലീസുകാർ ക്രൗഡ് മാനേജ്‌മെന്റിന് യോഗ്യരാണോ എന്നറിയിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. വിഷയത്തിൽ ഒന്നേമുക്കാലിന് എജി ഹാജരായി വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.