കോഴിക്കോട്: സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി നടപ്പാക്കാൻ എത്തുന്നവരെ ഇനി പൊലീസ് കണ്ണുമടച്ച് സഹായിക്കില്ല. സുരക്ഷാ പരിശോധനകൾ ഇവരിലും നടത്തും. നിലയ്ക്കലിൽ നിന്ന് സ്വകാര്യ വാഹനത്തിലും ഇനി ഇവരെ മുന്നോട്ട് വിടില്ല. സുരക്ഷാ പ്രശ്‌നമുണ്ടെങ്കിൽ പൊലീസ് വാഹനത്തിലാകും ഇവരെ കൊണ്ടു പോവുക. സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിന് അപ്പുറത്തേക്ക് വിടേണ്ടതില്ലെന്നാണ് തീരുമാനം. ഹൈക്കോടതി നിരീക്ഷണ സമിതിയുടെ നിലപാട് കൂടി മനസ്സിലാക്കിയാണ് തീരുമാനം. അതിനിടെ മണ്ഡല പൂജയ്ക്ക് മുമ്പ് യുവതികളെത്തിയാൽ അവരെ പറഞ്ഞ് പിന്തിരിപ്പിച്ച് അയക്കാനാണ് പൊലീസ് തീരുമാനം.

മനിതി സംഘത്തിന്റെ വാഹനം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോകാൻ അനുവദിച്ചത് ഏറെ വിവാദമായിരുന്നു. മനിതി സംഘത്തിന് മാലയിട്ട് സ്വീകരിക്കാത്ത കുറവ് മാത്രമേ പൊലീസ് ചെയ്തുള്ളൂവെന്നാണ് ഹൈക്കോടതി മേൽനോട്ട സമിതിയുടെ പ്രതികരണം. തമിഴ്‌നാട്ടിൽ പോയി യുവതികളെ കൊണ്ടു വന്നതും വിമർശന വിധേയമാണ്. ഈ സാഹചര്യത്തിൽ യുവതി പ്രവേശനത്തിന് ശ്രമിച്ചത് സർക്കാരാണെന്ന വ്യപക പ്രചരണവും ഉണ്ടായി. ഇത് മറികടക്കാൻ മതിയായ കരുതലെടുക്കാനാണ് നീക്കം. ഏതായാലും ഇനി യുവതികളെ മലകയറ്റാൻ പൊലീസ് മുൻകൈയെടുക്കില്ല. വിശ്വാസികളാണ് യുവതികളെ തടയുന്നതെന്നും പൊലീസ് തിരിച്ചറിയുന്നു. ഇതിനൊപ്പം എത്തുന്ന യുവതികൾക്കെല്ലാം പലവിധത്തിലുള്ള സംഘടനകളുമായും ബന്ധമുണ്ട്. ഇതെല്ലാം പൊലീസ് ഇനി മുഖവിലയ്‌ക്കെടുക്കും.

ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി സന്നിധാനത്ത് എത്തിയിട്ടുണ്ട്. അവർ എല്ലാ കാര്യങ്ങളും വിലയിരുത്തും. അതിന് ശേഷം ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകും. ഇത് പരിശോധിച്ച് ഹൈക്കോടതി നടത്തുന്ന നിരീക്ഷണങ്ങളാകും നിർണ്ണായകം. യുവതി പ്രവേശനം സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടതാണ്. അതുമായി മുന്നോട്ട് പോകുന്ന സർക്കാരിന് എന്തുകൊണ്ട് കഴിയുന്നില്ലെന്ന വിമർശനം മേൽനോട്ട സമിതിയുടെ റിപ്പോർട്ടിലുണ്ടാകും. അതുകൊണ്ട് തന്നെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ നിർണ്ണായകമാണ്. ശബരിമല കേസ് സുപ്രീംകോടതി അടുത്ത മാസം 22ന് മാത്രമേ പരിഗണിക്കൂ. ഈ സാഹചര്യത്തിൽ അതുവരെ എന്ത് തീരുമാനവും എടുക്കാൻ ഹൈക്കോടതിക്ക് കഴിയും. അതിനാൽ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളാകും ഇനി നിർണ്ണായകം.

അതിനിടെ ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് കെ. അമ്മിണിക്കു ശബരിമല ദർശനത്തിനു സുരക്ഷ നൽകാമെന്നു പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറെ കണ്ട് അമ്മിണി സുരക്ഷ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷ ഒരുക്കിയ ശേഷം തീയതി അറിയിക്കാമെന്നു പൊലീസ് അറിയിച്ചു. സന്ദർശന വിവരം രഹസ്യമാക്കി വയ്ക്കണമെന്നു നിർദ്ദേശം നൽകി. ശബരിമല സംബന്ധിച്ച വിധി നടപ്പാക്കുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചുവെന്ന് അമ്മിണി പറഞ്ഞു. പമ്പയിൽ എത്തിക്കാമെന്നു പറഞ്ഞിട്ട് എരുമേലിക്കു സമീപം ഇറക്കി വിട്ടു. പ്രതിഷേധക്കാർക്കെതിരെ നടപടി എടുക്കുന്നില്ല. വൈകിട്ടോടെ അമ്മിണി വയനാട്ടിലേക്കു മടങ്ങി. ഇന്നലെ എത്തി അഡ്വ ബിന്ദുവും കനകദുർഗയും വീണ്ടും ശബരിമലയിൽ എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിന്ദു, കനകദുർഗ എന്നീ യുവതികൾ പ്രതിഷേധക്കാരുടെ ശ്രദ്ധയിൽപ്പെടാതെ പമ്പ കടന്നു മല ചവിട്ടിത്തുടങ്ങിയതു പൊലീസിന്റെ വ്യക്തമായ അറിവോടും സഹായത്തോടും കൂടി. മല ചവിട്ടാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നു പൊലീസും യുവതികളും ഒരുപോലെ വ്യക്തമാക്കുമ്പോഴും ആ വാദം തെറ്റാണെന്നു പൊലീസിൽ നിന്ന് തന്നെ ലഭിക്കുന്ന സൂചന.

പമ്പയിൽ എല്ലാ ഭക്തരെയും മെറ്റൽ ഡിറ്റക്ടറിലൂടെ മാത്രം മലയിലേക്കു കടത്തി വിടുമ്പോൾ ഈ രണ്ടു യുവതികളെ ഭക്തർ മലയിറങ്ങുന്ന വഴിയിലൂടെയാണു നീലിമലയിലേക്കു കൊണ്ടുപോയത്. ഇന്നലെ പുലർച്ചെ 4.30ന് നിലയ്ക്കലെത്തിയ യുവതികൾ അവിടെ പൊലീസ് കൺട്രോൾ റൂമിലെത്തി സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും പൊലീസ് അകമ്പടി നൽകാനാവില്ലെന്നും വേണമെങ്കിൽ ബസിൽ പമ്പയ്ക്കു പോകാമെന്നും നിർദ്ദേശിച്ചു. തുടർന്നു ബസിൽ പമ്പയിലെത്തിയ ഇരുവരും അവിടെ ഡിപ്പോയ്ക്കു സമീപമുള്ള പൊലീസ് കൺട്രോൾ റൂമിലും എത്തി അര മണിക്കൂറോളം ചെലവഴിച്ചു. അതിന് ശേഷമാണ് മലകയറാനെത്തിയത്. മഫ്തിയിലുള്ള സ്‌പെഷൽ ബ്രാഞ്ച് പൊലീസ് സംഘം അൽപം അകലം പാലിച്ചു കൂടെയുണ്ടായിരുന്നു. പമ്പ ക്ഷേത്രം കഴിഞ്ഞു മല കയറുന്നതിനു മുൻപുള്ള ഗാർഡ് റൂമിലാണു പൊലീസ് നിരീക്ഷണമുള്ളത്. പ്രതിഷേധ സാധ്യത വ്യക്തമാക്കി യുവതികളെ പിന്തിരിപ്പിക്കുന്നതും ഇവിടെവച്ചായിരുന്നു.

മല കയറണമെന്നു യുവതികൾ ഉറച്ചു നിന്നാലാണു പൊലീസ് സംരക്ഷണം നൽകുക. ഇന്നലെ ഈ യുവതികൾ ഗാർഡ് റൂമിനു സമീപത്തേക്കു വരുന്നതിനു മുൻപ് ഇതുവഴി വന്ന ആന്ധ്രയിൽ നിന്നുള്ള സംഘത്തെ കൂട്ടത്തിൽ 2 യുവതികൾ ഉണ്ടായിരുന്നതിനാൽ പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് മെറ്റൽ ഡിറ്റക്ടറുകൾക്കു പുറത്തു കൂടി ബിന്ദുവും കനകദുർഗയും കടന്നു പോയത്. തുലാമാസ പൂജക്കിടെ റഹ്ന ഫാത്തിമയെയും ആന്ധ്ര സ്വദേശിയായ യുവതിയെയും വലിയ നടപന്തൽ വരെ എത്തിച്ചതു വിവാദമായതിനു ശേഷം യുവതികളുടെ പശ്ചാത്തലം പരിശോധിച്ച ശേഷം പൊലീസ് സംരക്ഷണം നൽകുന്നതായിരുന്നു പതിവ്. സിപിഐ(എംഎൽ) പ്രവർത്തകയായിരുന്നു എ. ബിന്ദുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ സർക്കാരും പൊലീസും തീർത്തും വെട്ടിലായി. കഴിഞ്ഞ ദിവസങ്ങളിൽ ഈ സീസണിലെ ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസങ്ങളായിട്ടും യുവതികളെ മലകയറ്റാൻ കാണിച്ച സാഹസം ഒഴിവാക്കാമായിരുന്നുവെന്നാണു പൊലീസിലെ ഉന്നതരുടെ അഭിപ്രായം.

വടകരയിലെ യുവതികൾ തൽകാലം ശബരിമലയിലേക്കില്ല

വടകരയിലെ യുവതീ സംഘത്തിന്റെ ശബരിമല യാത്ര മാറ്റിവച്ചതായി സൂചന. ശബരിമല ദർശനത്തിനു പോയി പൊലീസ് മടക്കി അയച്ച വടകരയിലെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയുടെ നേതൃത്വത്തിൽ 3 പേർ യാത്ര തിരിക്കാനായിരുന്നു ആലോചന. എന്നാൽ തൽക്കാലം യാത്ര വേണ്ടെന്ന തീരുമാനത്തിലാണ്. കഴിഞ്ഞ ദിവസം മനിതി സംഘം യാത്ര തുടങ്ങുമ്പോൾ ഇവരും ഒപ്പമുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം ജാഗ്രത പാലിച്ചിരുന്നു. അക്രമം ഉണ്ടാകുമെന്ന ആശങ്കയിൽ ഇവരുടെ വീടുകളും നിരീക്ഷണത്തിലായിരുന്നു. ഇനി മുൻകൂട്ടി പ്രഖ്യാപനമില്ലാതെ യാത്ര തിരിക്കുമോ എന്ന സംശയവും പൊലീസിനുണ്ട്.

ബിന്ദുവിന്റേയും കനകദുര്ഡഗയുടേയും മലകയറ്റ ശ്രമം ശബരിമലയെ സംഘർഷഭരിതമാക്കിയ സാഹചര്യത്തിലാണ് ഇക്. കണ്ണൂർ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അദ്ധ്യാപികയായ പത്തനംതിട്ട ളാക്കൂർ രണ്ടാംതറ സ്വദേശി എ. ബിന്ദു, സിവിൽ സപ്ലൈസ് വകുപ്പു ജീവനക്കാരി മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ എന്നിവർ സന്നിധാനത്തിന് 700 മീറ്റർ അകലെ ചന്ദ്രാനന്ദൻ റോഡ് വരെ എത്തിയെങ്കിലും പ്രതിഷേധം കനക്കുകയും ഉന്നത തല ഇടപെടൽ ഉണ്ടാകുകയും ചെയ്തതോടെ പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെ തിരിച്ചിറക്കി.

200 പേർക്കെതിരെ കേസ്

ശബരിമല പാതയിൽ യുവതികളെ തടഞ്ഞതിനും നിരോധനാജ്ഞ ലംഘിച്ച് കൂട്ടം ചേർന്നു മാർഗതടസ്സമുണ്ടാക്കിയതിനും 200 പേർക്കെതിരെ കേസ്. കോട്ടയം മെഡിക്കൽ കോളജിലെ പ്രതിഷേധത്തിന്റെയും ചീമുട്ടയേറിന്റെയും പേരിൽ 6 പേരെ കസ്റ്റഡിയിൽ എടുത്തു.

നാട്ടിൽ നിന്നു സുഹൃത്താണു കെട്ടു നിറച്ചുതന്നത്. 5 ദിവസം വ്രതമെടുത്തു. മകളും വരാനിരുന്നതാണ്. 13 വയസ്സ് മാത്രമുള്ളതിൽ കൊണ്ടുവന്നില്ല. ഭർത്താവിന്റെ പൂർണ പിന്തുണയുണ്ട്. നിലവിൽ ഒരു സംഘടനയിലും അംഗമല്ല. എന്നാൽ സിഎസ്ഡിഎസിന്റെയും സിപിഐ എംഎല്ലിന്റെയും പിന്തുണയുണ്ട്. ശബരിമല ആദിവാസികൾക്കു വിട്ടുകൊടുക്കണമെന്ന് ബിന്ദു പറയുന്നു. ആക്ടിവിസ്റ്റുകളായല്ല, ഭക്തരായാണു വന്നത്. 10 ദിവസം വ്രതമെടുത്തു. തൃശൂരിൽ നിന്നാണ് ഒരുമിച്ചു ബസിൽ വന്നത്. ഒരു സംഘടനയിലും അംഗമല്ല. കലാപം ഉണ്ടാക്കാനല്ല വന്നത്. കലാപം ഉണ്ടാക്കുന്നത് ഞങ്ങളല്ല, രാഷ്ട്രീയ താൽപര്യത്തോടെ പ്രതിഷേധിക്കുന്നവരാണ്. സ്ത്രീ ആയതുകൊണ്ടു മാത്രം ഞങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ തടയാനാവില്ലെന്നതാണ് കനകദുർഗയുടെ നിലപാട്.

കനകദുർഗയുടെ മലപ്പുറം അരീക്കോട്ടെ തറവാട്ടു വീടിനും അങ്ങാടിപ്പുറത്തെ ഭർതൃവീടിനും മുൻപിലും ബിന്ദുവിന്റെ കൊയിലാണ്ടി പൊയിൽക്കാവിലെ വീടിനു മുൻപിലും ശബരിമല കർമസമിതി നാമജപ പ്രതിഷേധം നടത്തി.