തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനം വൻ വിവാദമായിരിക്കേ, സതി ഒരു വിശ്വാസമായി കേരളത്തിൽപാലും നിലനിന്നിരുന്നുവെന്ന ചരിത്ര യാഥാർഥ്യം പറയുന്ന ലേഖനവും വൈറലാവുന്നു. പ്രമുഖ ചരിത്രകാരനും മാധ്യമ പ്രവർത്തകനുമായ മലയിൽകീഴ് ഗോപാലകൃഷൻ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലാണ് വിശ്വാസത്തിന്റെ പേരിൽ നിലനിൽക്കുന്ന അപരിഷ്‌കൃതാവസ്ഥ വിശദീകരിക്കുന്നത്.

'സതി' അനുഷ്ഠിക്കാനുള്ള അനുവാദത്തിന് റസിഡൻസിക്ക് മുമ്പിൽ സത്യാഗ്രഹം

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ വേലുത്തമ്പിദളവ കലാപം നടത്തിയിട്ട് ഏകദേശം ഏഴ് വർഷം കഴിഞ്ഞപ്പോഴായിരുന്നു ആ സംഭവം. സ്വാതിതിരുനാളിന് പ്രായം തികയാത്തതിനാൽ അദ്ദേഹത്തിന്റെ ഇളയമ്മ ഗൗരി പാർവതിബായി (1815-1829) തന്നെയാണ് റീജന്റ് ആയി ഭരണം നടത്തിയിരുന്നത്. കേണൽ മൺറോ ആയിരുന്നു ബ്രിട്ടീഷ് റസിഡന്റ്. അദ്ദേഹം കൊല്ലത്തും തിരുവനന്തപുരത്തുമുള്ള റസിഡൻസി മന്ദിരങ്ങളിൽ മാറിമാറി താമസിച്ച് ഭരണം നിയന്ത്രിച്ചിരുന്നു. ഇങ്ങനെ ഇരിക്കുമ്പോഴാണ് കൊല്ലത്ത് നടന്ന ഒരു സംഭവം റസിഡന്റിനും റാണിക്കും തലവേദനയായി മാറിയത്. ഒരു സ്ത്രീ കൊല്ലത്തുള്ള റസിഡൻസി മന്ദിരത്തിന് മുമ്പിൽ കുത്തിയിരിപ്പ് തുടങ്ങി. ഏതാനും മാസം മുമ്പാണ് അവരുടെ ഭർത്താവ് മരിച്ചത്. അയാളുടെ ചിതയിൽ ചാടി സതി അനുഷ്ഠിക്കാൻ അവരെ അനുവദിച്ചില്ല. പകരം തീക്കൂട്ടി അതിൽ ചാടി മരിക്കാൻ അനുവാദത്തിന് വേണ്ടിയാണ് കുത്തിയിരിപ്പ്. വിശ്വാസത്തിന്റെ പേരിലുള്ള ചടങ്ങിന് വേണ്ടിയുള്ള ആവശ്യമായതിനാൽ അവരെ അറസ്റ്റ് ചെയ്യാൻ ഭരണകൂടം അറച്ചു. എങ്ങനെയെങ്കിലും തീയിൽ ചാടുന്ന ചടങ്ങിൽനിന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.

അക്കാലത്ത് ഇന്ത്യയുടെ പലഭാഗത്തും പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലും വ്യാപകമായി നടന്നിരുന്ന ക്രൂര ആചാരമായിരുന്നു 'സതി' അനുഷ്ഠിക്കൽ. മരിച്ച ഭർത്താവിന്റെ ചിതയിൽ ഭാര്യകൂടി ചാടി വെന്ത് വെണ്ണീറാകുന്ന ചടങ്ങായിരുന്നു സതി. മുമ്പ് ഭർത്താവ് മരിച്ച ദുഃഖത്താൽ സ്ത്രീകൾ ചിതയിൽ ചാടി ബലിയർപ്പിക്കുന്ന ആചാരം പിന്നീട് പൗരോഹിത്യം ശക്തമാക്കി. ഇങ്ങനെ സതി അനുഷ്ഠിക്കുന്ന സ്ത്രീകളെ കുടുംബദേവതകളാക്കി ആരാധിക്കാൻ തുടങ്ങി. ഭർത്താവിന്റെ ചിതയിൽ ഭാര്യയെ നിർബന്ധമായി ചാടിച്ച് വെണ്ണീറാക്കുന്ന ചടങ്ങ് പ്രധാന ആചാരമാക്കി മാറ്റി. രക്ഷപ്പെടാൻ പല സ്ത്രീകളും ചിതയിൽനിന്നും ചാടി ഓടിയിട്ടുണ്ട്. അവരെ ആചാര പ്രിയന്മാർ പിടിച്ചുകെട്ടി വീണ്ടും ചിതയിലിടുമായിരുന്നു. കൊട്ടും കുരവയും മന്ത്രോച്ചാരണങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ അവരുടെ നിലവിളി ആരും കേട്ടിരുന്നില്ല. 19ാം നൂറ്റാണ്ടിൽ ബംഗാളിൽ ഉയർന്നുവന്ന നവോഥാന പ്രസ്ഥാനം സതി എന്ന ദുരാചാരത്തിന് എതിരെ ശബ്ദിക്കാൻ തുടങ്ങി. ഇതിന് നേതൃത്വം കൊടുത്തത് ഇന്ത്യൻ നവോഥാന പ്രസ്ഥാനത്തിന്റെ പിതാവ് രാജാറാം മോഹന്റോയി (1772-1833) ആയിരുന്നു.

യുവാക്കളുടെ ഇടയിൽ അദ്ദേഹം പ്രതിഷേധം സംഘടിപ്പിച്ചു. മാത്രവുമല്ല അന്നത്തെ ഗവർണർ ജനറൽ വില്യം ബന്റിക്ക് പ്രഭുവിനെ കൊണ്ട് സതി നിരോധിക്കാൻ നിയമം കൊണ്ടുവരാൻ അദ്ദേഹം ശ്രമം തുടർന്നു. പൗരോഹിത്യം വൻപ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും 1829ൽ സതി നിരോധിച്ചുകൊണ്ട് വില്യം ബന്റിക് നിയമം പാസാക്കി. ഈ വർഷമാണ് സ്വാതിതിരുനാൾ മഹാരാജാവ് ഇളയമ്മ ഗൗരിപാർവതി ബായി (18291846)ൽ നിന്ന് അധികാരം ഏറ്റെടുത്ത് തിരുവിതാംകൂർ മഹാരാജാവായത്. ബന്റിക് പ്രഭു സതി നിർത്തലാക്കിയതിനും സ്വാതിതിരുനാൾ മഹാരാജാവ് അധികാരം ഏൽക്കുന്നതിനും പന്ത്രണ്ട് വർഷം മുമ്പാണ് കൊല്ലത്ത് നടന്ന സംഭവം. ഇതുസംബന്ധിച്ച വിവരങ്ങൾ ഉൾക്കൊണ്ട രാജകീയ നീട്ട് (ഉത്തരവ്) സംസ്ഥാന പുരാരേഖ വകുപ്പിലുണ്ട്. കൊല്ലവർഷം 993 മീനം 21 (ഇംഗ്ലീഷ് വർഷം 1817)ലേതാണ് ആ നീട്ട്.

കൊല്ലത്ത് കമ്പനി പട്ടാളത്തിലുണ്ടായിരുന്ന ശിതാരാമൻ എന്ന തമിഴ്‌നാട്ടുകാരൻ പെട്ടെന്ന് മരണമടഞ്ഞു. അയാളുടെ ഭാര്യ വീരമ്മയാണ് തീയിൽ ചാടുന്നതിന് അനുവാദം ചോദിച്ചുകൊണ്ട് റസിഡന്റ് കേണൽ മൺറോയെ സമീപിച്ചത്. ഇതിന് അനുവാദം നൽകാൻ റസിഡന്റ് തയ്യാറായില്ല. ഈ ചടങ്ങ് തന്റെ സ്വദേശമായ പാണ്ടിരാജ്യത്ത് (മദ്രാസ്) ഉണ്ടെന്നാണ് സ്ത്രീയുടെ വാദം. അങ്ങനെയാണെങ്കിൽ പാണ്ടിനാട്ടിൽ പോയി ചാടുന്ന ചടങ്ങ് അനുഷ്ഠിക്കാൻ റസിഡന്റ് നിർദ്ദേശിച്ചു. പാണ്ടിനാട്ടിലേക്ക് പോകാനുള്ള ചെലവും കൊടുക്കാമെന്ന് റസിഡന്റ് പറഞ്ഞു. പക്ഷെ വീരമ്മ റസിഡൻസിക്ക് മുമ്പിൽ തന്റെ ആവശ്യം മുൻനിർത്തി കിടക്കാൻ തുടങ്ങി. മതപരമായ ആചാരമാണിതെന്ന് പറഞ്ഞ് വീരമ്മയെ സഹായിക്കാനും ചിലർ ഉണ്ടായിരുന്നു. ദിവസങ്ങളോളം വീരമ്മ അവിടെ കിടന്നു. ഒടുവിൽ പാണ്ടിനാട്ടിലെ അവരുടെ ബന്ധുക്കളെ വരുത്തി വീരമ്മയെ അങ്ങോട്ട് കൂട്ടികൊണ്ടുപോകാനുള്ള നടപടി സർക്കാർ തുടങ്ങി. ഇതിനുവേണ്ടി വീരമ്മയുടെ ചിറ്റപ്പനായ പാപ്പയ്യനെ കൂട്ടി അവരെ നാട്ടിലേക്ക് അയക്കുന്നതിന് 500 പണം ഖജനാവിൽ നിന്നും കൊടുത്തു. ഇതുസംബന്ധിച്ച് ദിവാന് റാണി നൽകിയ നീട്ടാണ് പുരാരേഖ വകുപ്പിലുള്ളത്.

( മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ മലയിൽ കീഴ് ഗോപാലകൃഷ്ണൻ മുമ്പ് എഴുതിയ ലേഖനമാണിത്)