പത്തനംതിട്ട: അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മാചാരിയാണെന്നും അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് പ്രവേശനം അനുവദനീയമല്ലെന്നുമാണ് ശബരിമലയിലെ വിശ്വാസം. ഇതിന് മേലെയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെത്തുന്നത്. ഭരണഘടനയുടെ മൗലികാവകാശങ്ങൾ ഉയർത്തിപിടിച്ചുള്ള വിധി. ഇതിനെ കേരളത്തിലെ ബഹുഭൂരിഭാഗം വിശ്വാസികളായ സ്ത്രീകളും അംഗീകരിക്കുന്നില്ല. ക്ഷേത്ര വിശ്വാസികളായ സ്ത്രീകൾ മലയിൽ പോകുന്നതിനും എതിരാണ്. എന്നാൽ ചിലർക്ക് അയ്യപ്പനെ കാണണമെന്നുണ്ട്. എന്നാൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മലകയറുമെന്ന് പരസ്യമായി പ്രഖ്യാപിച്ചവരെല്ലാം ആക്ടിവിസ്‌ററുകളായിരുന്നു. ഇത് മനസ്സിലാക്കിയാണ് വിശ്വാസികൾ നാമജപ പ്രതിഷേധവുമായെത്തിയത്.

ശബരിമല നട തുറന്നപ്പോൾ തന്നെ ആന്ധ്രയിൽ നിന്നെത്തിയ മാധവി പമ്പയിലെത്തി. കുടുംബ സമേതം മലയറാൻ സന്നദ്ധയായി. ഇവർക്ക് ഭക്തിയുടെ പിൻബലവും ഉണ്ടായിരുന്നു. എന്നിട്ടു പോലും വിശ്വാസികൾ മാധവിയെ ചെറുത്ത്. ഇത് പൊലീസും സർക്കാരും മനസ്സിലാക്കിയില്ല. മാധവി മാലിയിടാതെയാണ് ദർശനത്തിന് എത്തിയത്. കൈയിൽ ഇരുമുടിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പതിനെട്ടാംപടി കയറുകയെന്ന ലക്ഷ്യം അവർക്കുണ്ടായിരുന്നില്ല. ഇരുമുടിയുമായി ശബരിമലയിലേക്ക് എത്താൻ ആദ്യം കുതിച്ചത് ആലപ്പുഴക്കാരി ലിബി. ചേർത്തലയിലെ അറിയപ്പെടുന്ന യുക്തിവാദി. ലിബിയെ ചെങ്ങന്നൂർ മുതൽ തന്നെ ഭക്തർ തടഞ്ഞു. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ വച്ച് പ്രതിഷേധം രൂക്ഷമായി. ഇതോടെ ലിബി പിൻവാങ്ങി. പിന്നീടാണ് അതീവ രഹസ്യമായി രഹ്നാ ഫാത്തിമ എത്തിയത്. പമ്പയിൽ രഹ്ന എത്തിയത് പോലും ആരും അറിഞ്ഞില്ല.

കിസ് ഓഫ് ലൗവിലൂടെ വിവാദ നായികയായ രഹ്ന സമീപിച്ചപ്പോൾ തന്നെ പൊലീസ് എല്ലാ തലത്തിലും കൂടിയാലോചിച്ചു. രഹ്നയെ മലകയറ്റാനായിരുന്നു തീരുമാനം. ലിബി എന്ന യുക്തിവാദിക്ക് പിന്നാലെ എത്തിയത് ചുംബന സമര നായികയായ രഹ്നയാണെന്ന് വ്യക്തമാക്കിയതോടെ പ്രതിഷേധങ്ങൾ അതിരുവിട്ടു. അതീവ രഹസ്യമായി നടപ്പന്തൽ വരെ അവിശ്വാസികളെ എത്തിച്ച പൊലീസും വെട്ടിലായി. ഭക്തരുടെ വിശ്വാസത്തിനൊപ്പമാണ് സർക്കാരെന്നും എത്തിയത് ആക്ടിവിസ്റ്റാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചതും പൊലീസിന് തിരിച്ചടിയായി. ആക്ടിവിസ്റ്റിനെയാണ് കൊണ്ടു പോകുന്നതെന്ന് പമ്പയിൽ വച്ചേ പൊലീസിന് അറിയാമായിരുന്നു. എന്നാൽ എന്തുവരട്ടേ എന്ന നിലപാടിൽ സന്നിധാനത്തെ പ്രതിഷേധകളമാക്കി പൊലീസ് രഹ്നയുമായി എത്തുകയായിരുന്നു.

ഇന്ന് ശബരിമലയിൽ വലിയ തിരക്കില്ലായിരുന്നു. പ്രതിഷേധക്കാരും ഇല്ല. അതുകൊണ്ട് തന്നെ എല്ലാം സുഗമമാകുമെന്ന് പൊലീസും കരുതി. ഇവിടെയാണ് തെറ്റ് പറ്റിയത്. കമാണ്ടോ കൂട്ടത്തെ വിശ്വാസികൾ ശരണം വിളികളുമായി നേരിട്ടപ്പോൾ അയ്യപ്പ നടയിലെത്താനുള്ള രഹ്നയുടെ മോഹമാണ് പൊളിഞ്ഞത്. ആന്ധ്രാക്കാരിയായ വനിതാ ജേർണലിസ്റ്റ് കവിത റിപ്പോർട്ടിംഗിനായാണ് സന്നിധാനത്തേക്ക് തിരിച്ചതെന്നായിരുന്നു അറിയിച്ചിരുന്നത്. അവർക്ക് പതിനെട്ടാംപടി കയറാനുമാകില്ലായിരുന്നു. ഇരുമുടി കെട്ടോടെ മാത്രമേ പതിനെട്ടാം പടി ചവിട്ടാനാകൂവെന്ന ആചാരമായിരുന്നു ഇതിന് കാരണം. എന്നാൽ ചരിത്രം രചിക്കാൻ രഹ്ന ഇരുമുടിയുമായി എത്തി. ഇതോടെ അവിശ്വാസിയായ രഹ്നയുടേത് പ്രശ്‌നമുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമാണെന്നും വ്യക്തമായി. ഇതോടെ ശബരിമലയിൽ വിശ്വാസികളാണോ മറ്റുള്ളവരാണോ പ്രശ്‌നമുണ്ടാക്കുന്നതെന്ന ചോദ്യവും സജീവമാവുകയാണ്.

ശബരിമല വിശ്വാസികൾക്കുള്ളതാണ്. ഇവിടെ ആക്ടിവിസ്റ്റുകൾക്ക് എന്ത് കാരമാണുള്ളതെന്നാണ് പന്തളം കൊട്ടാരം ഉയർത്തുന്ന ചോദ്യം. സ്ത്രീ പ്രവേശനത്തിലെ സർക്കാർ നിലപാടുകളെ ദുർബ്ബലമാക്കുന്നത് കൂടിയായി രഹ്നാ ഫാത്തിമയുടെ മല ചവിട്ടൽ. എന്തിനാണ് ഇതെന്ന ചോദ്യത്തിന് സർക്കാരിനും പൊലീസിനും ഉത്തരമില്ല. ഇതോടെ വിശ്വാസികൾക്ക് പിന്നിൽ പരിവാറുകാരണെന്നും അവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നുമുള്ള വാദവും ദുർബലമായി. സമാധാനം തകർക്കാൻ ആരാണ് ശ്രമിക്കുന്നതെന്ന ചോദ്യവും ശക്തമായി. പന്തളം രാജകൊട്ടാരവും തന്ത്രി കുടുംബവും പൂർണ്ണമായും സർക്കാരിനെതിരായി. ഇതെല്ലാം പ്രതിരോധിക്കാനാവില്ലെന്ന് മനസ്സിലാക്കിയാണ് ആക്ടിവിസ്റ്റുകൾക്കെതിരെ സർക്കാരും രംഗത്ത് വന്നത്. ശബരിമലയിൽ പ്രവേശിക്കാനെത്തിയ യുവതികൾ തിരിച്ചുപോകുന്നു. ഐജി ശ്രീജിത്തുമായി ഒരു മണിക്കൂറോളം നടത്തിയ ചർച്ചകൾക്കൊടുവിലാണ് തിരികെ പോകാനുള്ള തീരുമാനമുണ്ടായത്. പൊലീസിന്റെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇവരെ തിരികെ കൊണ്ടുപോകുന്നത്.

കനത്ത പ്രതിഷേധത്തിന് നടുവിലൂടെയാണ് യുവതികളുമായി പൊലീസ് തിരികെ മലയിറക്കിയത്. പ്രതിഷേധക്കാരിൽനിന്നുള്ള ആക്രമണം ഉണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ട് അതീവ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ചർച്ചയ്ക്കു ശേഷം ഇവർ തിരിച്ചുപോകുമെന്ന വിവരം ഐജി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ കവിത തിരിച്ചുപോകാമെന്ന നിലപാട് എടുത്തിരുന്നെങ്കിലും രഹന ഫാത്തിമ ദർശനം നടത്തണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇതു സാധിക്കില്ലെന്ന് ഐജി യുവതികളെ ബോധ്യപ്പെടുത്തുകയായിരുന്നു. യുവതികൾ തിരികെ പോകുന്ന സാഹചര്യത്തിൽ പതിനെട്ടാം പടിക്കു താഴെ നടത്തിവന്ന പരികർമികളുടെ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്. ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവർത്തക കവിത ജെക്കാലയും ഇരുമുടിക്കെട്ടേന്തി മലയാളിയുവതി രഹ്ന ഫാത്തിമയും എത്തിയത് നാടകീയ നീക്കങ്ങളിലൂടെയാണ്. ഇവർ നടപ്പന്തലിലെത്തിയതോടെ അരങ്ങേറിയത് നാടകീയസംഭവ വികാസങ്ങളുമായിരുന്നു,

ആന്ധ്രാ സ്വദേശിനിയായ കവിത മോജോ ടി വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോർട്ടറാണ്. ജോലി സംബന്ധമായ ആവശ്യത്തിനാണ് താനെത്തിയതെന്ന് കവിത വ്യക്തമാക്കിയിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് തനിക്ക് ശബരിമലയിൽ പോകണമെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രിയാണ് പൊലീസിനെ കവിത സമീപിച്ചത്. നൂറ്റമ്പതോളം പൊലീസുകാരാണ് യുവതികൾക്ക് സംരക്ഷണ വലയം തീർത്തത്. ഹെൽമറ്റും ജാക്കറ്റും(riot gear) ധരിച്ചായിരുന്നു കവിതയുടെ യാത്ര. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു യുവതികളുമായി ശബരിമലയിലേക്ക് തിരിച്ചത്. ഇതിന്റെ ഭാഗമായി പമ്പയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഐ ജി ശ്രീജിത്ത് എത്തിയതിനു ശേഷമായിരുന്നു യാത്ര തിരിച്ചത്. യുവതികൾ നടപ്പന്തലിൽ എത്തിയതോടെ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് ആചാരവിരുദ്ധമാണെന്ന വാദം ഉയർത്തി പ്രതിഷേധവുമായി നിരവധി ഭക്തർ രംഗത്തെത്തി. ഐ ജി ശ്രീജിത്ത് ഭക്തരോട് സംസാരിച്ചെങ്കിലും യുവതികളെ കടത്തിവിടാൻ തയ്യാറല്ലെന്ന നിലപാടായിരുന്നു ഭക്തർ എടുത്തത്.

യുവതികൾ പതിനെട്ടാംപടി ചവിട്ടിയാൽ ക്ഷേത്രം അടച്ചിടണമെന്ന് ക്ഷേത്രം അടച്ചിടണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് ആവശ്യപ്പെട്ടതായി സൂചനയും പുറത്തുവന്നു. യുവതികൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ക്ഷേത്രം പൂട്ടി താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപിക്കണമെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി സെക്രട്ടറി പി എൻ നാരായണവർമ തന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് തന്ത്രിയും അംഗീകരിച്ചു. ഇതോടെയാണ് യുവതികൾ മല ഇറങ്ങിയത്.