ലണ്ടൻ: ശബരിമല യുവതീപ്രവേശന വിവാദം സംസ്ഥാനത്ത് ഇളക്കിമറിക്കുന്ന വിവാദമായി മാറിയതോടെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമായി മാറിയിട്ടുണ്ട്. എന്നാൽ പ്രളയത്തിൽ തകർന്ന കേരളത്തിന് ഈ വിവാദം കത്തിനിന്നാൽ കൂടുതൽ ക്ഷീണം ചെയ്യുമെന്ന വിധത്തിലേക്കാണ് കാര്യങ്ങൾ മാറുന്നത്. വിവാദം കത്തിനിന്നാൽ എലിയെ പേടിച്ചു ഇല്ലം ചുട്ട കഥ കേട്ട് വളർന്ന മലയാളികൾക്ക് ഒരു പക്ഷെ സമീപ ഭാവിയിൽ അത്തരം സംഭവം നേരിൽ കാണേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. തുലാമാസത്ത് നട തുറന്നപ്പോൾ നടവരവിൽ ഉണ്ടായ ഇടിവ് ഒരു സൂചനയായി കാണേണ്ടി വരുമെന്ന അഭിപ്രായമാണ് ഉയരുന്നത്.

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ തയാറാകുകയും അതിനെ നേരിടാൻ ബിജെപി നേതൃത്വത്തിൽ ഉള്ള മറുവിഭാഗം തയ്യാറാകുകയും ചെയ്തതോടെ ആത്യന്തികമായി ദുർവിധി നേരിടേണ്ടി വരുന്നത് സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയാണ്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രസ്റ്റീജ് വിഷയമായി ശബരിമല വിവാദം ചൂട് പിടിക്കുമ്പോൾ അതിനു വോട്ടു രാഷ്ട്രീയത്തിന്റെ സാദ്ധ്യതകൾ കണ്ടു കൂടുതൽ ആവേശം പകരാൻ തയ്യാറാകുന്ന സർക്കാർ നടപടി ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. വിവേകത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയത്തിൽ സർക്കാർ എടുത്തു ചാട്ടം കാണിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം എത്തുന്നതും ശബരിമല നടവരവിൽ നിന്നും തീർത്ഥാടകർ ചെലവിടുന്ന പണത്തിൽ നിന്നും തന്നെയാണ്.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ശബരിമല നൽകുന്ന സംഭാവന എത്രയെന്നു കൃത്യമായി പ്രവചിക്കാൻ കഴിയില്ലെങ്കിലും ഏറ്റവും ചുരുങ്ങിയത് 15000 കോടി രൂപയെന്നു പറയാൻ കഴിയും. പന്ത്രണ്ടു വർഷം മുൻപ് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരൻ തന്നെ അക്കാലത്തെ ശബരിമല വഴിയുള്ള നേട്ടം പതിനായിരം കോടി രൂപയാണെന്നു വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തതിന്റെ കണക്കുകൾ അടിസ്ഥാനമാക്കിയാലും രണ്ടു മാസത്തിലേറെ നീളുന്ന തീർത്ഥാടന സീസൺ വഴി സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ കോടിക്കണക്കിനു അയ്യപ്പ ഭക്തർ ചെലവിടുന്ന പണം സമ്പദ്ഘടനയ്ക്ക് നൽകുന്ന താങ്ങ് പുതിയ വിവാദങ്ങളുടെ പേരിൽ ഇല്ലാതാകുമോ എന്ന ഭയമാണ് ഇപ്പോൾ ഉടലെടുക്കുന്നത്. ഈ ഭയത്തിനു നിദാനമാകുന്നത് കഴിഞ്ഞ ആഴ്ച സമാപിച്ച തുലാമാസ പൂജയുടെ നടവരവും കണക്കുകളുമാണ്.

ഇക്കഴിഞ്ഞ ആഗസ്റ്റിൽ പ്രളയം മൂലം ഭക്തർ എത്താതാകുകയും തുടർന്ന് സുപ്രീം കോടതി വിധി മൂലം സർക്കാരും ഭക്തരും ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ വരുമാനത്തിൽ എട്ടു കോടി രൂപയുടെ ഇടിവാണ് ഉണ്ടായതു. കഴിഞ്ഞ വർഷം ഇക്കാലത്തു ലഭിച്ച 13 കോടി രൂപയ്ക്കു പകരം ഇത്തവണ ലഭിച്ചത് നാലര കോടി രൂപ മാത്രമാണ്. ഭണ്ഠാരത്തിലും മറ്റും പ്രതിഷേധ സൂചകമായി സ്വാമി ശരണം എന്നെഴുതിയ കുറിപ്പുകളാണ് ഉണ്ടായിരുന്നത്. ഈ കുറവ് ഭക്തർ പുറത്തു ചെലവിടുന്ന പണത്തിലും പ്രതിഫലിക്കും എന്നുറപ്പാണ്. എന്നാൽ ഇതിനേക്കാൾ ഭയാനകമാകും സർക്കാരിന്റെ ഭക്തരെ നിയന്ത്രിക്കാനുള്ള പുതിയ നീക്കം. ഭക്തർ എന്ന പേരിൽ പ്രതിഷേധക്കാർ സന്നിധാനത്തു എത്തുന്നത് തടയുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി ഒരു ദിവസം പരമാവധി ഒരു ലക്ഷം പേരെ മാത്രമേ മലകയറ്റൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇതിനർത്ഥം രണ്ടു മാസം കൊണ്ട് വെറും 60 ലക്ഷം പേർക്ക് മാത്രം എത്താൻ കഴിയുന്ന നിലയിലേക്ക് ശബരിമല ചുരുങ്ങും. ലോകത്തെ ഏറ്റവും വലിയ ഭക്ത പ്രവാഹമുള്ള ആരാധനാലയം എന്ന് ലോക മാധ്യമങ്ങൾ വരെ വിശേഷിപ്പിക്കുന്ന ശബരിമലയിൽ സാധാരണ എത്തുന്നതിന്റെ പത്തു ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിക്കാൻ ഉള്ള നീക്കം ബിജെപി ഉൾപ്പെടെയുള്ളവർ ഉയർത്തുന്ന വാദങ്ങൾക്ക് ശക്തി പകരുകയാണ്. എന്നാൽ ഇതിനേക്കാൾ ഭീകരമായിരിക്കും പ്രളയത്തിൽ തകർന്ന നാടിനു അൽപ്പമെങ്കിലും ആശ്വാസം പകരും വിധം ശബരിമല തീർത്ഥാടന കാലം സമ്മാനിക്കുന്ന സാമ്പത്തിക ഭദ്രത.

തീർത്ഥാടകരുടെ എണ്ണം പതിലൊന്നായി കുറഞ്ഞാൽ സ്വാഭാവികമായും ക്ഷേത്രത്തിന്റെയും തീർത്ഥാടകരെ ആശ്രയിച്ചു നിലനിൽക്കുന്ന ബിസിനസ് സംരംഭങ്ങളുടെയും ചെറുകിട കച്ചവടക്കാരുടെയും ഒക്കെ വരുമാനവും പത്തിലൊന്നായി കുറയും എന്നുറപ്പാണ്. എന്നാൽ ഏതു വിധത്തിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം എന്ന കാഴ്ചപ്പാടിൽ സർക്കാർ ഈ തിരിച്ചടികൾ ഗൗരവമാക്കുന്നില്ല എന്നുവേണം അനുമാനിക്കാൻ. പ്രളയ ദുരിതം നേരിടാൻ ക്രൗഡ് ഫൗണ്ടിങ് പോലും ആശ്രയിക്കുന്ന സർക്കാരാണ് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാൻ തയാറാകുന്നത് എന്നത് അവിശ്വസനീയമാണ്.

ശബരിമല തീർത്ഥാടകർ എത്തിക്കുന്ന സമ്പത്തിന്റെ കരുത്തിൽ മാത്രം പിടിച്ചു നിൽക്കുന്ന ഒട്ടേറെ പ്രദേശങ്ങളുണ്ട് പത്തനംതിട്ട കോട്ടയം ജില്ലകളിൽ. ഇവിടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിത മാർഗം തന്നെ ശബരിമലയുമായി ബന്ധപ്പെട്ട ചെറുകിട ബിസിനസുകളാണ്. ഒരർത്ഥത്തിൽ സർവീസ് ടൂറിസം എന്ന ഗണത്തിലും എരുമേലി, വടശേരിക്കര, പ്ലാപ്പള്ളി, ളാഹ, നിലയ്ക്കൽ, മുക്കൂട്ടുതറ, പെരിനാട്, പന്തളം തുടങ്ങി ഒട്ടേറെ പ്രദേശങ്ങളാണ് ശബരിമല തീർത്ഥാടകരെ ആശ്രയിച്ചു മുന്നോട്ടു പോകുന്നത്. ശബരിമല വിവാദം ആളിക്കത്തുമ്പോൾ ഈ പ്രദേശങ്ങളിലെ സാധാരണക്കാരുടെ ജീവിത മാർഗം കൂടി വഴി മുട്ടുന്നതും ആരും കാണാതെ പോകുകയാണ്.

രാഷ്ട്രീയ വളർച്ചക്ക് ഗതി മുട്ടിയ ബിജെപിയെ സഹായിക്കാൻ സർക്കാർ മനഃപൂർവം ഒരുക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ശബരിമലയുടെ പേരിൽ ഉള്ള കോലാഹലമെന്നു കരുതുന്നവരും അനേകമാണ്. വരുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പം വളരാൻ ബിജെപിയെ സഹായിക്കുക വഴി മുക്കോണ മത്സരത്തിൽ വേഗത്തിൽ ജയിച്ചു കയറാം എന്ന 2016 ലെ അനുഭവമാണ് സിപിഎമ്മിനെ പ്രശ്‌നം വഷളാക്കാൻ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ സാഹചര്യം എന്ന വിലയിരുത്തലും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

നാടിനെ ഇല്ലാതാക്കും വിധം പെരുകികയറിയ പ്രളയജലം പിൻവാങ്ങിയിട്ട് ആഴ്‌ച്ചകൾ പിന്നിടും മുൻപേ സർക്കാരിന്റെയും ജനത്തിന്റെയും ശ്രദ്ധ അതിൽ നിന്നും മാറിയ കാര്യം പ്രളയ ദുരിതം കൈകാര്യം ചെയ്യാൻ രൂപം നൽകിയ ടീമിലെ യുഎൻ വിദഗ്ധൻ കൂടിയായ മുരളി തുമ്മാരുകുടി അടക്കം സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജനവും മാധ്യമങ്ങളും സർക്കാരുമെല്ലാം പ്രളയദുരിതം മറന്നു ശബരിമലയുടെ പിന്നാലെ പായുമ്പോൾ പ്രളയത്തിൽ ദുരിതം അനുഭവിച്ചവരുടെ കഷ്ടപ്പാടുകൾ ഉടനൊന്നും അവസാനിക്കില്ല എന്നുകൂടിയാണ് വെളിപ്പെടുന്നത്.

പ്രളയ ദുരിതം കൈകാര്യം ചെയ്യാൻ ഏറ്റവും ചുരുങ്ങിയത് 20000 കോടി രൂപ എങ്കിലും വേണമെന്ന് കണക്കാക്കവേ നിലവിൽ രണ്ടായിരം കോടി രൂപ പോലും കണ്ടെത്താൻ കഴിയാത്ത സർക്കാർ മറ്റു വിഷയങ്ങളുടെ പിന്നാലെ പായുന്നത്. ദുരന്തബാധിതരുടെ വേദന പോലും മറന്നാണ് എന്ന ആക്ഷേപം കൂടി സർക്കാർ പേറേണ്ടി വരും.