കൊച്ചി: സായുധ വിപ്ലവത്തിലൂടെ സോഷ്യലിസം നടപ്പിലാക്കാൻ ആഗ്രഹിക്കുന്നവരാണ് നക്‌സലുകൾ എന്നാണ് പൊതു വിശ്വാസം. എന്നാൽ ശബരിമലയിലേക്ക് കാര്യങ്ങളെത്തുമ്പോൾ ഭരണഘടനയും കോടതി വിധികളുമാണ് അവർക്ക് പ്രധാനം. ശബരിമലയിലെ യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ മുന്നിലുള്ളത് നക്‌സൽ സംഘടനകളാണ്. എന്ത് വിലകൊടുത്തും വിധി നടപ്പിലാക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുകയാണ് ്‌വർ. എങ്ങനേയും 300 യുവതികളെ ശബരിമലയിൽ എത്തിക്കാനാണ് നീക്കം. ഇതിന് പിന്തുണയുമായി ആക്ടിവിസ്റ്റ് സംഘടനകളുമുണ്ട്. അതുകൊണ്ട് തന്നെ ശബരിമല വരും ദിവസങ്ങളിലും സംഘർഷഭരിതമാകും.

എന്ത് വില കൊടുത്തും 27ന് മുമ്പ് ശബരിമല ദർശനം നടത്താൻ മുന്നൂറോളം യുവതികൾ തയ്യാറായി നിൽക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന വിവരം കേരള കൗമുദിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇവരോടൊപ്പം ആയിരം പുരുഷന്മാരുമുണ്ടാകും. ഈ വരവിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മലയിലേക്ക് യുവതികളെത്തിയത്. ശക്തമായ പ്രതിഷേധം കാരണം ഇവർക്ക് പിന്മാറേണ്ടി വന്നെങ്കിലും മണ്ഡല പൂജാദിനത്തിന് മുമ്പ് സന്നിധാനത്ത് നവോത്ഥാന തിരി തെളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവരെന്നും പറയുന്നു. പൊലീസിലും ഇവർക്ക വിശ്വാസം പോര. അവരും ആചാര സംരക്ഷകരാണ്. അതുകൊണ്ടാണ് സ്ത്രീകളെ പിന്തുണച്ച് പുരുഷന്മാരും എത്തുന്നത്.

തലശ്ശേരി, വടകര, കൊയിലാണ്ടി മേഖലകളിലെ ചില സിപിഐ.എം.എൽ പ്രവർത്തകരും തീവ്ര ഇടതു പ്രവർത്തകരുമാണ് അടുത്ത വരവിന് നേതൃത്വം നൽകുന്നത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന് ഫേസ്‌ബുക്ക് പേജ് വഴിയും ചില രഹസ്യ വാട്സാപ്പ് ഗ്രൂപ്പ് വഴിയുമാണ് ഇവർ പ്രചാരണം നടത്തുന്നത്. സംസ്ഥാനത്ത് നിന്നു മാത്രമല്ല, രാജ്യത്തിന്റെ മറ്ര് ഭാഗങ്ങളിൽ നിന്നുള്ള യുവതികളും ഇവർക്കൊപ്പമുണ്ടാകും. മനിതി ഉൾപ്പെടെയുള്ള ചെറുതും വലുതുമായ തീവ്ര ഇടതുപക്ഷ സംഘടനകൾ ചേർന്നാണ് ഇത്തരമൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിയത്. ഇന്നലെ സന്നിധാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനാൽ മടങ്ങേണ്ടി വന്ന കൊയിലാണ്ടി സ്വദേശി ബിന്ദുവും ഇവരുടെ ഗ്രൂപ്പിലെ അംഗമാണ്. ഇവരെ കൂടാതെ ചില യുവതികൾ കൂടി കൊയിലാണ്ടിയിൽ മാലയിട്ടിട്ടുണ്ട്.

ആർ.എസ്.എസിന്റെ ഐ.ടി.സി ക്യാമ്പ് സംസ്ഥാനത്ത് 37 കേന്ദ്രങ്ങളിൽ 22ന് തുടങ്ങി 29 വരെ നടക്കുകയാണ്. ഒരു ക്യാമ്പിൽ 250, 350 പ്രവർത്തകരുണ്ട്. 37 ക്യാമ്പുകളിലായി വലിയൊരു വിഭാഗം പ്രവർത്തകർ പങ്കെടുക്കുന്നതിനാൽ സന്നിധാനത്തെ പ്രതിഷേധത്തിന്റെ മൂർച്ച കുറയുമെന്നാണ് യുവതീ സംഘത്തിന്റെ കണക്കുകൂട്ടൽ. അതുകൊണ്ടാണ് മണ്ഡലകാലത്തിന് മുമ്പ് ശബരിമലയിലേക്ക് ഇരച്ചുകയറാനുള്ള ശ്രമം. തടയാനെത്തുന്നവരെ പുരുഷന്മാർ കൈകാര്യം ചെയ്യും. അങ്ങനെ എല്ലാ തരത്തിലും ശബരിമലയെ സംഘർഷ ഭൂമിയാക്കിയാലും കോടതി വിധി നടപ്പാക്കിക്കുകയാണ് ലക്ഷ്യം.

പതിനെട്ടാംപടി കയറാൻ യുവതികളെത്തിയാൽ തന്ത്രി നട അടയ്ക്കും. ഇതിലൂടെ തന്ത്രിയെ വിവാദനായകനാക്കി ബ്രാഹ്മണ്യത്തിന്റെ പോരായ്മകൾ ചർച്ചയാക്കുകയാണ് നക്‌സൽ സംഘടനകളുടെ പരിപാടി. ഇതിന് വേണ്ടിയുള്ള ആസൂത്രണമാണ് നടക്കുന്നത്. കേസൊന്നുമില്ലാത്ത യുവതികളെ കണ്ടെത്തിയാകും ശബരിമലയിലേക്ക് അയക്കുക. ഏത് സാഹചര്യത്തേയും അതിജീവിക്കാനുള്ള കരുത്തും ഇവർക്ക് നൽകും. ഏത് വിധേനയും സുപ്രീംകോടതി വിധി നടപ്പാക്കി വിശ്വാസ സംരക്ഷകരുടെ തോൽവി ഉറപ്പിക്കുകയാണ് ലക്ഷ്യം. ശബരിമല ആദിവാസികൾക്ക് വിട്ടുകൊടുക്കണമെന്ന മുദ്രാവാക്യവും സജീവമാക്കും.

പ്രകൃതിയെ കൂട്ടിപിടിച്ചതുകൊണ്ടാണ് പ്രതിഷേധക്കാർക്ക് സ്ത്രീകളെ സന്നിധാനത്തേക്ക് കടക്കാതെ തടയാൻ കഴിയുന്നത്. പമ്പ എത്താതെ സന്നിധാനത്ത് എത്താൻ സാധിക്കും. പുൽമേട് വഴി സന്നിധാനത്ത് എത്താം. ആ പാതയെന്നത് മലയിറങ്ങി ഉരക്കുഴി വഴി സന്നിധാനത്തേക്ക് ഇറങ്ങി എത്തുന്നതാണ്. പെരിയാർ കടുവാ സംരക്ഷണ പരിധിയിൽപ്പെടുന്ന പ്രദേശമാണ് പുൽമേട്. ഇതുവഴി യുവതികളെ എത്തിക്കാനും ശ്രമിച്ചേക്കും. ശബരിമലയുടെ ഭൂപ്രകൃതിയെയും വിശ്വാസത്തെയും കൂട്ടുപിടിച്ച് പ്രതിഷേധകാർ പൊലീസിനെയും സർക്കാർ സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി സ്ത്രീകളെ പ്രവേശിപ്പിക്കാതെ തടയുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇതുവഴി എത്തിയാൽ സന്നിധാനത്തിന് അടുത്ത് എത്തിയാൽ മാത്രമേ ഭക്തർ യുവതികളെത്തിയ കാര്യവും അറിയൂ. ഇങ്ങനെ ഏത് വഴിയിലും യുവതികളെ എത്തിക്കാനാകും നീക്കം.

ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന നിലപാട് ബിന്ദുവും കനക ദുർഗയും ആവർത്തിച്ചതോടെ പൊലീസ് പ്രതിസന്ധിയിലാണ്. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് ഇവരെ മല കയറാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമം. അതേ സമയം ബിന്ദുവിനെയും കനക ദുർഗയെയും കോട്ടയം മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്തു. ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു ബിന്ദുവിനും കനക ദുർഗയ്ക്കും ശബരിമല ദർശനം നടത്താൻ സാധിക്കാതിരുന്നത്. പൊലീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് തിരിച്ചിറങ്ങിയതെന്നാണ് ഇവരുടെ വാദം. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരെ രാത്രി വൈകിയാണ് അഡ്‌മിറ്റ് ചെയ്തത്. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർ മാർ അറിയിച്ചതോടെ വീണ്ടും ദർശനത്തിനായി ശബരിമല കയറണമെന്ന നിലപാടിൽ ബിന്ദുവും കനക ദുർഗയും ഉറച്ചു നിന്നു. ഇക്കാര്യം കോട്ടയം ഡി.വൈ.എസ്‌പി.യെ അറിയിക്കുകയും ചെയ്തു. ഇവർ നിലപാട് ആവർത്തിച്ചതോടെ പൊലീസ് കൂടുതൽ പ്രതിസന്ധിയിലായി.

വിഷയം പൊലീസ് മേധാവിയുമായി കോട്ടയം എസ്‌പി ചർച്ച ചെയ്തു. എന്നാൽ ശബരിമലയിലെ നിലവിലെ സാഹചര്യത്തിൽ വീണ്ടും ഇവർക്ക് മല കയറുന്നതിന് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഹൈക്കോടതി നിയമിച്ച നീരീക്ഷണ സമിതിയുടെയും സർക്കാരിന്റെയും അഭിപ്രായം തേടാനും സാധ്യതയുണ്ട്. ഇതിനിടെയാണ് 300 യുവതികളെ നക്‌സൽ സംഘടനകൾ അണിയറയിൽ ഒരുക്കുന്നത്.