തോമസ് ആൽവാ എഡിസനോട് അഭിമുഖത്തിൽ ഒരു പത്രക്കാരൻ ചോദിച്ചു: ഇലക്ട്രിക് ബൾബുകൾ കണ്ടുപിടിക്കാൻ എന്തായിരുന്നു അങ്ങയുടെ പ്രചോദനം? അതിന് അദ്ദേഹം നൽകിയ മറുപടി കുട്ടിക്കാലം മുതൽ താൻ ഏറ്റവും അധികം ഭയന്നിരുന്നത് ഇരുട്ടിനെ ആയിരുന്നു എന്നാണ്. ഇരുട്ടിനെ അതിജീവിക്കാൻ ഒരേയൊരു മാർഗ്ഗം വെളിച്ചം കൊണ്ടുവരിക എന്നത് മാത്രമായിരുന്നു. എഡിസൺ പറഞ്ഞ ഈ വാക്കുകൾ എല്ലാക്കാലത്തും പ്രസക്തമാണ്. അത് കേവലം വെളിച്ചത്തിന്റെ അഭാവമായ ഇരുട്ടിനെക്കുറിച്ച് മാത്രമല്ല. എല്ലാ അജ്ഞതയുടേയും മൂഢവിശ്വാസങ്ങളുടേയും ഇരുട്ടിനെക്കുറിച്ച് കൂടിയാണ്.

അറിവാകുന്ന വെളിച്ചത്താൽ മാത്രമേ അതിനെ അതിജീവിക്കുക സാധ്യമാകൂ. ആ വെളിച്ചം തിരിച്ചറിയുക എന്നത് ഒരു വിപ്ലവമാണ്. ശീലങ്ങളെ ഉപേക്ഷിക്കുവാൻ തയ്യാറാകാത്ത മനുഷ്യമസ്തിഷ്‌കങ്ങൾക്ക് അതാകട്ടെ ശ്രമകരമായ ഒരു കാര്യമാണ്. എഡിസൺ തന്റെ വിഖ്യാതമായ ഇലക്ട്രിക് ബൾബുകൾ കണ്ടുപിടിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടിയത് അത് സുരക്ഷിതമാണെന്നും ഉപയോഗപ്രദമാണെന്നും ആളുകളെ ബോധ്യപ്പെടുത്തുന്നതിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

മാനവികമായ ആശയങ്ങൾ നമുക്ക് കടൽ പോലെയുണ്ട്. അതിന്റെ ഉപ്പുരസം നുണയുവാനും കുളിരണിയുവാനും ആളുകളെ ബോധ്യപ്പെടുത്തുക എന്നത് അത്രമേൽ കഠിനമാണ്. ശബരിമലയിലെ പ്രായഭേദമന്യേയുള്ളൂ സ്ത്രീപ്രവേശനത്തിലും അതാണ് സംഭവിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തിയാണ് നവോത്ഥാനം വളർന്നത്.

മനുഷ്യന്റെ സാമൂഹികമായ പരിണാമങ്ങളിലെല്ലാം ഏതു കാലഘട്ടത്തിലും അന്ന് നിലവിലുണ്ടായിരുന്ന ആചാരവിശ്വാസങ്ങളെ ചോദ്യം ചെയ്തും മറികടന്നും തന്നെയാണ് നാം മുന്നോട്ടുപോയിട്ടുള്ളത്. അതായത് നവോത്ഥാനം എവിടെയൊക്കെ നടന്നിട്ടുണ്ടോ അവിടെയെല്ലാം മതവികാരങ്ങളെ ആഴത്തിൽ വൃണപ്പെടുത്തിത്തന്നെയാണ് നാം വിജയം നേടിയിട്ടുള്ളത്. കാലാനുസൃതമായ പരിഷ്‌കാരങ്ങൾ ആവശ്യമില്ലാത്ത ഒരു മതവും വിശ്വാസവും ലോകത്തിലില്ല. എന്നാൽ അനേകംപേരിലൂടെ തിരുവെഴുത്തുകളും തിട്ടൂരങ്ങളുമായി സംഘടിത മതങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന മസ്തിഷ്‌കപ്രവർത്തനങ്ങളെ ഒരു സുപ്രഭാതത്തിൽ മാറ്റിയെടുക്കാനും തിരുത്താനും കഴിയില്ല. മതസമൂഹങ്ങളിൽ അതിന്റെ വികലമായ സ്വാധീനം അത്രമേലാണ്. എന്നാൽ അതിന്റെ കൊത്തളങ്ങൾ കാലം തട്ടിയുടയ്ക്കുന്ന ചരിത്രമാണ് ലോകമെങ്ങും നാം കാണുന്നത്. പക്ഷെ അപ്പോഴും പല രീതിയിൽ ചെറുത്ത് നിൽക്കാനും രൂപംമാറി പ്രതിരോധിക്കാനും സർവ്വസന്നാഹങ്ങളോടും ശക്തിയോടും മതങ്ങൾക്ക് കഴിയുന്നത് അത് മനുഷ്യന്റെ തലച്ചോറിനെ അത്രമേൽ ഭ്രാന്ത്പിടിപ്പിച്ചിരിക്കുന്നതുകൊണ്ടാണ്. ഏറെ ക്ഷമയോടെ സഹനത്തോടെ അതിനെ ചികിത്സിക്കുക എന്നതാണ് പുരോഗമനചിന്തയുള്ള ആരും ചെയ്യേണ്ടത്. എഡിസൺ തന്റെ ബൾബുകൾ കണ്ടുപിടിക്കാനും അവതരിപ്പിക്കാനും എത്രയേറെ ബുദ്ധിമുട്ടിയോ അതിനേക്കാൾ കഠിനമാണ് അന്ധവിശ്വാസങ്ങളാകുന്ന ഇരുട്ടിനുമേൽ ശാസ്ത്രത്തിന്റെയും നവോത്ഥാനത്തിന്റെയും വെളിച്ചം അവതരിപ്പിക്കുക എന്നത് .

ബ്രാഹ്മണന്റെ എച്ചിലിലകളിൽ ഉരുളാൻ ഞങ്ങൾ തയറാണ്!

കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ചില ക്ഷേത്രങ്ങളിൽ നൂറ്റാണ്ടുകളായി നടന്നുവന്ന ആചാരമായിരുന്നു മഡെസ്‌നാന. ബ്രാഹ്മണർ ഉണ്ടതിനുശേഷം ഉപേക്ഷിക്കുന്ന എച്ചിലിലകളിൽ മറ്റാളുകൾ തൊഴുകൈയോടെ വീണുരുണ്ട ശേഷം ക്ഷേത്രകുളത്തിലോ പുഴയിലോ പോയി കുളിക്കുന്ന 'മനോഹരമായ ആചാരം'! ഇതിനെതിരെ യുക്തിവാദികളും പുരോഗമനചിന്തകരും മുന്നോട്ടുവന്നപ്പോൾ ഉരുളാൻ ഞങ്ങൾ തയ്യാറാണ് നിങ്ങൾക്കെന്താണ് പ്രശ്‌നം എന്നാണ് വിശ്വാസികൾ ചോദിച്ചത്. ഇങ്ങനെ ഉരുളുന്നത്കൊണ്ട് അവർക്ക് കിട്ടിയ 'അനുഭവഗുണങ്ങളും ജീവിതനേട്ടങ്ങളും മോക്ഷവും' അവർ ആവേശത്തോടെയാണ് വിവരിച്ചുകൊണ്ടിരിക്കുന്നത്.

2017 ൽ കർണ്ണാടകയിലെ അന്ധവിശ്വാസനിരോധനബില്ലിന്റെ പരിധിയിൽ മഡെസ്‌നാന കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ തെരുവിലിറങ്ങിയവരുടെ എണ്ണവും ഞെട്ടിക്കുന്നതായിരുന്നു. മനുസ്മൃതിധർമ്മം അത്രമേൽ ബ്രാഹ്മണയുക്തികളിലും ആചാരങ്ങളിലുംകൂടി ആളുകളെ ബാധപോലെ പിടികൂടിയിരിക്കുന്നതിന്റെ ഭീകരമായ സൈക്കോസിസിന്റെ അവസ്ഥയാണിത്. 2017 സെപ്റ്റംബറിൽ മഡെസ്‌നാനപോലെയുള്ളവ തടയുന്നത് അന്ധവിശ്വാസനിരോധനബില്ലിൽ വന്നപ്പോഴും അതേവർഷം നവംബറിൽ ഏതാണ്ട് നൂറ്റിയമ്പതോളം പേർ ബ്രാഹ്മണരുടെ എച്ചിലിലകളിൽ ഉരുണ്ട് മോക്ഷംനേടി. ഈ ആചാരം തടഞ്ഞാൽ തങ്ങൾക്ക് നാഗശാപം വരെയുണ്ടാവും എന്ന് വിശ്വസിക്കുന്ന ദളിത് സമൂഹങ്ങൾ അവിടെയുണ്ട്. അവരുടെ ഇടയിൽ ബോധവൽക്കരണത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെ കുലദ്രോഹികളായിട്ടാണ് അവർ കാണുന്നത്.

ഹിന്ദുമതം നേപ്പാളിൽ തുറന്നു വിട്ടിരുന്ന ആർത്തവ പാപബോധം

ഹിന്ദുമത വിശ്വാസത്തിന്റെ ദുരന്തമായി നേപ്പാളി പെൺകുട്ടികളെയും സ്ത്രീകളെയും നാളുകളിത്രയും അകറ്റി നിർത്തിയ ഒന്നാണ് ആർത്തവത്തിന്റെ അശുദ്ധി. ചാവുപടി എന്നറിയപ്പെടുന്ന മതാചാരം അനുസരിച്ച് ആദ്യമായി ഋതുമതിയാകുന്ന പെൺകുട്ടി അക്കാലം ഏതാണ്ട് പത്തുദിവസവും പിന്നീട് ഓരോ മാസമുറകളിൽ ഏഴുദിവസം വരെയും വീടിനുവെളിയിൽ തയ്യാറാക്കിയ ചെറിയ കുടിലിൽ താമസിക്കണം. ആരെയും സ്പർശിക്കുവാനോ പുറത്തെങ്ങും പോകുവാനോ അവൾക്ക് സ്വാതന്ത്ര്യമുണ്ടാകില്ല. ആഹാരത്തിലും വസ്ത്രധാരണത്തിലും ആചാരനിഷ്ഠകളുണ്ട് പാലോ പാലുല്പന്നങ്ങളോ മാംസമോ ഭക്ഷിക്കാൻ പാടില്ല. ഉപ്പു ചേർത്ത കഞ്ഞിയോ ചോറോ ഉണങ്ങിയ പഴങ്ങളോ മാത്രം!

ഓരോ മാസത്തിലും ഏഴുദിവസം ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾ അനുഭവിക്കേണ്ട ഈ ദുരിതം അവിടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടരുന്നുണ്ട്. നേപ്പാൾ സുപ്രീംകോടതി 2005ൽ അത് നിരോധിച്ചിട്ടും ആളുകൾ ആചാരം ഒഴിവാക്കാൻ തയ്യാറായില്ല. രാത്രികാലത്തെ മഞ്ഞുകൊണ്ടും പാമ്പുകടിയേറ്റും അനവധി സ്ത്രീകൾ ഇങ്ങനെയുള്ള ഒറ്റപ്പെട്ട ജീവിതത്തിൽ മരണപ്പെട്ടു. സ്‌കൂളുകളിലും കോളേജുകളിലും പോകാൻ ഈ സമയത്ത് പെൺകുട്ടികൾക്ക് കഴിയില്ല. ഏതായാലും സാമൂഹിക പ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി നേപ്പാളി സർക്കാർ 2017ൽ ചാവുപടി നിരോധന ബില്ല് കൊണ്ടുവന്നു. പെൺകുട്ടികളെയും സ്ത്രീകളെയും ആർത്തവകാലത്ത് പുറത്ത് താമസിപ്പിക്കുന്നത് മൂന്നുമാസം തടവോ മൂവായിരം നേപ്പാൾ റുപ്പീസ് പിഴവോ കൊടുക്കണം.

ശക്തമായ ഈ നിയമം വന്നതിൽ പിന്നെയാണ് നൂറ്റാണ്ടുകളായി നേപ്പാളി സ്ത്രീകളെ പിന്തുടർന്നുവന്ന മതഭൂതം ഒഴിഞ്ഞുപോയത്. ശബരിമല സമരപോരാളികളായ സ്ത്രീകൾ വായിക്കണം ഹിന്ദുമതം നേപ്പാളിൽ തുറന്നു വിട്ടിരുന്ന ആർത്തവപാപബോധത്തെ !

അവരെ നിരന്തരം ബോധവത്ക്കരിക്കുക

സതിയും നരബലിയും ശൈശവവിവാഹവും പോലെയുള്ള ദുരാചാരങ്ങൾ നിരോധിച്ചതും ക്ഷേത്രപ്രവേശനം അയിത്തോച്ചാടനം തുടങ്ങിയവയൊക്കെ നാം നേടിയെടുത്തതതും കേവലം അതിന്റെ പ്രയോക്താക്കളോട് സമരം ചെയ്തിട്ട് മാത്രമല്ല. അതെല്ലാം ചെയ്യേണ്ടതും അനുസരിക്കേണ്ടതും തങ്ങളുടെ ജീവിതധർമ്മമാണ് എന്ന് ശാഠ്യത്തോടെ പൊരുതിയ ഒരു സമൂഹത്തെ നിരന്തരം ബോധവൽക്കരിച്ചും ചൊല്ലിക്കൊടുത്തും തന്നെയാണ്. ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതി നടത്തിയ വിധി ഉൾക്കൊള്ളാൻ മാത്രം ജനാധിപത്യ-സ്വാതന്ത്ര്യബോധങ്ങൾ നാം സ്വയം നേടിയിട്ടില്ല എന്നതിന്റെ തെളിവാണ് തെരുവിൽ തടിച്ചുകൂടുന്ന വിശ്വാസികൾ .ചരിത്രത്തിൽ നമുക്കുണ്ടായിരുന്ന ചങ്ങലക്കെട്ടുകളെ കുറിച്ച് ഓർമ്മിപ്പിച്ചും കണ്ണികൾ ഒന്നൊന്നായി അഴിച്ചുമാറ്റിയതിന്റെ പോരാട്ടകഥകൾ പറഞ്ഞും നമുക്കവരെ ഉണർത്താൻ കഴിയും. ചിലപ്പോൾ നിയമത്തിന്റെ ഷോക്ക് ട്രീറ്റ്മെന്റ് ആവശ്യമായും വരും.

ശബരിമലയിലേക്കെത്തുന്ന ഓരോ മനുഷ്യനും അവിടുത്തെ വനഭൂമിക്കും വന്യജീവികൾക്കും ഭീഷണിയാണ് എന്നതാണ് പരമമായ ഒരു സത്യം. പക്ഷെ അപ്പോഴും ശബരിമലയിലെ യുവതിപ്രവേശനം സംബന്ധിച്ച വിഷയത്തിന്റെ സാമൂഹിക പ്രസക്തി സ്ത്രീകളുടെ സുപ്രധാനമായ ഒരു ജൈവപ്രക്രിയയുടെ പേരിൽ അശുദ്ധിയും അയിത്തവും കൽപ്പിക്കുന്ന ഒരു പ്രാകൃതബോധത്തെ ആചാരത്തിന്റെ മറവിൽ സംരക്ഷിക്കുവാനുള്ള ഒരു മതതിട്ടൂരത്തെ ചോദ്യം ചെയ്യുക എന്നുള്ളതാണ്. ഇത്തരം വിവേചനത്തിന് ഭരണഘടനാപരമായ അവകാശലംഘനമുണ്ടെന്ന് ഓർമ്മിപ്പിക്കുവാനാണ് ! ആ രീതിയിൽ ചരിത്രപ്രാധാന്യമുള്ളതാണ് സുപ്രീംകോടതിയുടെ വിധി.