ശബരിമല: ശബരിമലയിൽ ഇന്ന് ഉച്ചയോടെ സ്ഥാപത്ത് പുതിയ സ്വർണ്ണക്കൊടിമരം കേടുവരുത്തി. കൊടിമരത്തിന്റെ പഞ്ചവർഗത്തറയിൽ മെർക്കുറി (രസം)ഒഴിച്ചതായാണ് കണ്ടെത്തിയത്. മെർക്കുറി ഒഴിച്ചതിനെ തുടർന്ന് പഞ്ചവർഗത്തറയിലെ സ്വർണം ഉരുകിയൊലിച്ചു. ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവർഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് മെർക്കുറി ഒഴിച്ചതായി മനസിലായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സന്നിധാനം പൊലീസ് കേസെടുത്തിട്ടുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സന്നിധാനത്തുണ്ട്. ഉച്ചപൂജ വരെ കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും അതു കഴിഞ്ഞ് പോകുംവഴി ആരോ മനപ്പൂർവം ചെയ്തതായിരിക്കാമെന്ന് മന്ത്രി പ്രതികരിച്ചു. സമീപത്തെ സിസിടിവി ക്യാമറകളും പരിശോധിച്ചിട്ടുണ്ട്. മൂന്ന് പേരാണ് പഞ്ചവർഗ്ഗത്തറയിലേക്ക് ദ്രാവകം സ്േ്രപ ചെയ്തിരിക്കുന്നതു സിസി ടിവി ക്യാമറകളിൽ വ്യക്തമായിട്ടുണ്ട്.

ദേവസ്വം ബോർഡ് ഡിജിപിക്ക് നേരിട്ട് പരാതി നൽകിയിട്ടുണ്ട്. പ്രത്യേക ഫോറൻസിക് സംഘത്തെ അയക്കാമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അറിയിച്ചു. മനപ്പൂർവ്വം ചെയ്ത ചതിയായിട്ടാണ് ഈ സംഭവത്തെ കാണുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. 'പക ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉച്ച പൂജയ്ക്ക് ശേഷമാണ് ഇത് സംഭവിച്ചതെന്ന് കരുതുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാവും' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെ 11.50നും 12.30നും മധ്യേയാണ് കൊടിമരത്തിൽ വാജിവാഹനപ്രതിഷ്ഠ നടത്തിയത്. അതിന് ശേഷം അഷ്ടദിക്പാലകന്മാരെ പ്രതിഷ്ഠിച്ച് അഭിഷേകം നടത്തുകയും ചെയ്തിരുന്നു. കൊടിമരത്തിന്റെ പറകൾ തേക്കുമരത്തിൽ സ്ഥാപിക്കുന്ന ചടങ്ങ് ശനിയാഴ്ച പുലർച്ചെ പൂർത്തിയായിരുന്നു. ശനിയാഴ്ച പുലർച്ചെ 4.25നായിരുന്നു പണികഴിഞ്ഞത്.

തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ തത്വഹോമം, തത്വകലശം, വാജിവാഹന വിഗ്രഹത്തിന്റെ ജലോധ്വാനം, നേത്രോന്മീലനം, ജലദ്രോണിപൂജ, കുംഭേശകൽക്കരിപൂജ, ശയ്യാപൂജ, ജീവകലശപൂജ, ബ്രഹ്മകലശപൂജ, പരികലശപൂജ, അധിവാസ ഹോമം, അധിവാസ പൂജ എന്നിവ നടത്തിയാണു കൊടിമരം പ്രതിഷ്ഠിച്ചത്. ഇന്നു രാവിലെ ശയ്യയിൽ ഉഷഃപൂജ, ധ്വജപരിഗ്രഹം, മരപ്പാണി എന്നിവ നടത്തിയാണ് പ്രതിഷ്ഠ നടത്തിയത്. ആകെ 3.20 കോടി രൂപയാണു ചെലവ്. 9.161 കിലോഗ്രാം സ്വർണമാണ് ഉപയോഗിച്ചത്.

കൊടിമരം കേടുവരുത്തിയതിന് പിന്നിൽ കുടിപ്പകയാണെന്ന സംശയവും ശക്തമായിട്ടുണ്ട്. കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരിക്കാമെന്ന വിധത്തിലാണ് പൊലീസ് നിഗമനം. എന്തായാലും സിസി ടിവി ക്യാമറയിൽ ദൃശ്യമായവർക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.