- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആചാരം മാറ്റുമ്പോൾ ഉണ്ടാകുന്ന ആശങ്ക ഒരു വിഭാഗം ആൾക്കാർ പ്രകടിപ്പിച്ചിട്ടുണ്ട്; ശബരിമല വിഷയത്തിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ
ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പുതിയ സത്യവാങ്മൂലം നൽകുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഭരണഘടനയിലെ സ്ത്രീ - പുരുഷ സമത്വമാണ് സുപ്രീംകോടതിപറഞ്ഞിരിക്കുന്നതെന്നും എന്നാൽ, വളരെ കാലമായി നിലനിൽക്കുന്ന ആചാരങ്ങൾ മാറ്റേണ്ടി വരുമ്പോൾ ഒരു വിഭാഗം ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക കൂടി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയുടെ ക്ലോസ് എൻകൗണ്ടർ പരിപാടിയിൽ പറഞ്ഞു.
‘ക്രമസമാധാനം സംരക്ഷിക്കുകയെന്ന നിലയിൽ സർക്കാർ ചില സുരക്ഷ ഉറപ്പ് വരുത്തി. സർക്കാർ വിധി നടപ്പിലാക്കാനുള്ള യാതാരു വാശിയും കാണിച്ചിട്ടില്ല. സുപ്രീംകോടതിയുടെ മുന്നിൽ പഴയ സത്യവാങ്മൂലം പരിഗണിച്ചുകൊണ്ട് പുതിയ തീരുമാനം എടുത്ത് കഴിഞ്ഞു. ഇനി വിശാല ബെഞ്ച് കേരള സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടാൽ തീർച്ചയായിട്ടും പുതിയത് സമർപ്പിക്കും. ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം അവിടെ കിടക്കുന്നുണ്ട്. അത് പഴയതാണ്. യുഡിഎഫിന്റെ കാലത്തുകൊടുത്തത്. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നമായതിനാൽ കരുതലോടെ തീരുമാനമെടുക്കാൻ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം എടുക്കുന്നതിന് മുമ്പ് ഹിന്ദു മത വിഭാഗത്തിൽപ്പെട്ട വിശ്വാസികളായിട്ടുള്ള ഉൽപതിഷ്ണുക്കളുമായി ചർച്ച ചെയ്യണം. എന്നിട്ടേ തീരുമാനം എടുക്കാൻ പാടുള്ളൂവെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളും സുപ്രീം കോടതിക്ക് മുന്നിൽ സമർപ്പിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുന്നത് വരെ കാത്തിരിക്കുക.' കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത് ഭരണഘടനയിലെ സ്ത്രീ-പുരുഷ സമത്വം സംബന്ധിച്ചാണ്. അത് എല്ലാവരും അംഗീകരിക്കണം. നിലവിൽ വളരെകാലമായി നിലനിൽക്കുന്ന ആചാരം മാറ്റുമ്പോൾ ഉണ്ടാകുന്ന ആശങ്ക ഒരു വിഭാഗം ആൾക്കാർ പ്രകടിപ്പിച്ചിട്ടുണ്ട്. അത് കൂടി സുപ്രീംകോടതിക്ക് മുന്നിൽ വെക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയെ തുടർന്ന് ഭക്തജനങ്ങൾക്ക് ആശങ്കയുണ്ടെന്നാണ് സിപിഎം മനസിലാക്കുന്നത്. ഇതിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ സംഭവങ്ങൾ അറിയിക്കുന്നതടക്കമുള്ള കാര്യങ്ങൾ പുതിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടും. സത്യവാങ്മൂലം സുപ്രീംകോടതി ആവശ്യപ്പെടുമ്പോൾ സമർപ്പിക്കും. അഞ്ചംഗ വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ വാശി കാണിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ