പമ്പ: നിലയ്ക്കലിന് അപ്പുറം സ്വകാര്യ വാഹനങ്ങൾ കയറ്റിവിടില്ല. എല്ലാവർക്കും നിലയ്ക്കലിൽ എത്തി കെ എസ് ആർ ടി സിയിൽ പോകാമെന്ന സർക്കാർ തീരുമാനത്തിന് പിന്നിലെ ചതി വിശ്വാസികൾ തിരിച്ചറിയുകയാണ്. പൊലീസിന് തോന്നുമ്പോൾ പമ്പയിൽ നിന്നും നിലയ്ക്കലിൽ നിന്നും സർവ്വീസുകൾ റദ്ദ് ചെയ്യാനാണ് ഇത്തരത്തിലൊരു തീരുമാനം സർക്കാർ നടപ്പാക്കിയതെന്നാണ് വ്യക്തമാകുന്നത്. വലിയൊരു ഭക്തജനതിരക്ക് സന്നിധാനത്തോ പമ്പയിലോ നിലയ്ക്കലിലോ ഇല്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ ഒരു വിധം ഭംഗിയായി പോകുന്നു. ആൾതിരക്ക് കൂടുമ്പോഴും പൊലീസ് നിലപാടുകൾ തുടർന്നാൽ പ്രതിസന്ധിയിലാകുക കെ എസ് ആർ ടി സിയാകും. ഭക്തരുടെ രോഷം കെ എസ് ആർ ടി സിയെയാകും കൂടുതൽ ബാധിക്കുക. കെ എസ് ആർ ടി സിയെ ലാഭത്തിലെത്തിക്കാനുള്ള കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരിയുടെ ശ്രമങ്ങൾക്കും പൊലീസ് തീരുമാനങ്ങൾ തിരിച്ചടിയാണ്.

തീർത്ഥാടകർക്കു നിലയ്ക്കലിൽനിന്നു പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ കെഎസ്ആർടിസി ഏർപ്പെടുത്തിയ ഇ ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂർ മാത്രമാണ്. നിലയ്ക്കൽ- പമ്പ ചെയിൻ സർവീസുകളിൽ ഇക്കുറി കണ്ടക്ടർമാരില്ല. നിലയ്ക്കലും പമ്പയിലുമുള്ള 20 വെൻഡിങ് മെഷീനുകളിൽനിന്നു ടിക്കറ്റുകൾ ലഭിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഐടി കമ്പനിയാണ് യന്ത്രം തയാറാക്കിയത്. പണമിട്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും ടിക്കറ്റെടുക്കാം. ഇതൊക്കെ കെ എസ് ആർ ടി സിയെ രക്ഷിക്കാനുള്ള തച്ചങ്കരിയുടെ നീക്കമായിരുന്നു. ഇതെല്ലാം തകർക്കുന്ന തരത്തിലാണ് പൊലീസ് നിയന്ത്രണങ്ങൾ. ബുക്ക് ചെയ്ത് സമയത്ത് ആർക്കും സന്നിധാനത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം അടുത്ത സമയത്ത് യാത്ര ബുക്ക് ചെയ്തവരും പ്രതിസന്ധിയിലാകും. നെയ്യഭിഷേകം അടക്കമുള്ള ചടങ്ങിനായി മല കയറിയ ശേഷം വീണ്ടും മല ഇറങ്ങി കയറേണ്ട അവസ്ഥ. അതുകൊണ്ട് തന്നെ 48 മണിക്കൂർ സമയപരിധി നടക്കാതെ പോകും. അങ്ങനെ ആകെ പ്രതിസന്ധിയിലാണ് ഭക്തർക്കൊപ്പം കെ എസ് ആർ ടി സിയും.

ഭക്തരെ കഷ്ടത്തിലാക്കാൻ കെ എസ് ആർ ടി സർക്കാരിനൊപ്പം കൂട്ടു നിൽക്കുന്നുവെന്ന ചർച്ചയും അയ്യപ്പഭക്തർക്കിടയിലുണ്ട്. എന്നാൽ ഏകപക്ഷീയമായി കാര്യങ്ങൾ നിയന്ത്രിക്കുന്നത് പൊലീസാണ്. നയപരമായ തീരുമാനമൊന്നും കെ എസ് ആർ ടി സിക്ക് എടുക്കാനാവുന്നില്ല. പൊലീസ് പറയുന്നത് മാത്രമേ കേൾക്കാൻ കെ എസ് ആർ ടി സിക്ക് കഴിയുന്നുള്ളൂ. ഇതിലൂടെ അയ്യപ്പഭക്തരെല്ലാം പൊലീസിന് എതിരാവുകയാണ്. ഇത് വലിയ തോതിൽ ബാധിക്കുമോ എന്ന സംശയം കെ എസ് ആർ ടി സി മാനേജ്‌മെന്റിന് ഉണ്ടാകുന്നുണ്ട്. രാത്രി സമയത്ത് ബസ് യാത്ര നിരോധിച്ചതും കെ എസ് ആർ ടി സി പോലും മനസ്സിൽ കാണാത്ത തീരുമാനമാണ്. ഇത്തരം നിയന്ത്രണങ്ങൾ വലിയ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് ഡിജിപി റാങ്കുള്ള മുതിർന്ന ഐപിഎസുകാരനായ ടോമിൻ തച്ചങ്കരിക്കും അറിയാം. എന്നാൽ ഈ ഘട്ടത്തിൽ ഇടപെടലുകൾ നടക്കില്ലെന്ന് തച്ചങ്കരിക്കും അറിയാം. സർക്കാരിന്റെ നിലപാടാണ് ഇതിന് കാരണം.

യുവതി പ്രവേശന വിവാദങ്ങൾക്കിടയിൽ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നുത്. കനത്ത സുരക്ഷാവലയത്തിലാണ് ശബരിമലയും പമ്പയും പരിസര പ്രദേശങ്ങളുമെല്ലാം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം തീർത്ഥാടകർ വലയുന്നു. മണ്ഡലപൂജക്ക് നട തുറന്നതോടെ നിലക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തർ കൂടുതലായി എത്തി തുടങ്ങി. നിലക്കലിലെ ബേസ് ക്യാമ്പിൽ നിന്ന് കെ.എസ് ആർ ടി സി ബസ്സുകൾ അയ്യപ്പന്മാരെയും നിറച്ചുകൊണ്ടുള്ള പ്രത്യേക സർവ്വീസും സജീവമായി. കർശന പരിശോധനകൾക്ക് ശേഷമാണ് ഭക്തരെ പമ്പയിലേക്ക് കടത്തിവിട്ടിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിത നിയന്ത്രണങ്ങൾ കെ എസ് ആർ ടി സിക്കും മറ്റും ഏർപ്പെടുത്തിയത്. 24 മണിക്കൂറും ഭക്തരെ കടത്തി വിടുന്നതു കൊണ്ട് മാത്രമാണ് തീർത്ഥാടനം സുഗമമായി നടക്കുന്നത്. എന്നാൽ ഇതിന് വിഘാതമുണ്ടാക്കുന്ന തരത്തിലെ പൊലീസ് ഇടപെടലുകൾ എന്ത് പ്രതികരണമുണ്ടാക്കുമെന്ന് ആർക്കും എത്തും പിടിയുമില്ല.

നെടുമ്പാശ്ശേരിയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നും അയ്യപ്പ ദർശനം പാക്കേജും കെ എസ് ആർ ടി സിയുടെ സ്വപ്‌ന പദ്ധതിയായിരുന്നു. പൊലീസ് വിലക്ക് തുടർന്നാൽ ഇതെല്ലാം അട്ടിമറിക്കപ്പെടും. അയ്യപ്പഭക്തരുടെ പിന്തുണയോടെ കെ എസ് ആർ ടി സിക്ക് പുതു ജീവൻ നൽകാനുള്ള അവസരമായാണ് തച്ചങ്കരി ഇതിനെ കണ്ടത്. പമ്പയിലേക്ക് നിരന്തരം സർവ്വീസ് നടത്തി കളക്ഷൻ ഉയർത്താമെന്നും പ്രതീക്ഷിച്ചു. അങ്ങനെ ചിട്ടയായ തീരുമാനങ്ങളുമായാണ് തച്ചങ്കരി ശബരിമയിൽ നേട്ടമുണ്ടാക്കാനായൊരുക്കിയത്. പൊലീസ് ഭക്തരെ തടയുമെന്ന് ഒരു ഘട്ടത്തിലും ചിന്തിച്ചിരുന്നില്ല. ഇതിപ്പോൾ ബസിനായെത്തുന്ന ഭക്തരെ രാത്രിയിലും മറ്റും മണിക്കൂറുകൾ കാത്തിരിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനെതിരായ പ്രതിഷേധങ്ങൾ കെ എസ് ആർ ടി സിയ്‌ക്കെതിരേയും തിരിയാൻ സാധ്യതയുണ്ട്.

അതിനിടെ ശബരിമലയിൽ പൊലീസിനെ വിന്യസിക്കുന്നതല്ലാതെ ഭക്തർക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. യുവതി പ്രവേശത്തിന് ആവേശം കാട്ടുന്ന സർക്കാർ ഭക്തന്മാർക്ക് സൗകര്യമൊരുക്കുന്നതിൽ ആവേശം കാണിക്കാത്തത് എന്താണ് നിയന്ത്രണങ്ങളുടെ പേരിൽ തീർത്ഥാടനം അസാധ്യമാക്കുന്ന നടപടി സർക്കാരും ദേവസ്വം ബോർഡും ഉപേക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും പരാജയപ്പെട്ടിരിക്കുകയാണ്. ആറ് മാസം മുൻപ് നടത്തേണ്ട ഒരുക്കങ്ങൾ പോലും നടത്തിയിട്ടില്ല. സർവകക്ഷി യോഗത്തിൽ ഇക്കാര്യം പ്രതിപക്ഷം പറഞ്ഞിട്ടും സർക്കാർ ഗൗരവത്തോടെ കണ്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയിലെത്തുന്ന ഭക്തർക്ക് ശുദ്ധം ജലം ലഭിക്കുന്ന സാഹചര്യം പോലുമില്ല, റോഡുകൾ യാത്രാ യോഗ്യമല്ല, പമ്പയിലും ത്രിവേണിയിലും ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. പ്രളയത്തിലുണ്ടായ മൺകൂനകൾ പോലും മാറ്റിയിട്ടില്ല. ഒരു മഴപെയ്താൽ തീർത്ഥാടകർക്ക് പോകാൻ കഴിയാത്ത സാഹചര്യമാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനൊപ്പം കെ എസ് ആർ ടി സിയ്‌ക്കെതിരേയും പ്രതിഷേധം ഉയർത്തി കൊണ്ടു വരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.