- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടനത്തിൽ കെഎസ്ആർടിസിക്ക് തിരിച്ചടി; 18.50 കോടി രൂപയുടെ വരുമാന നഷ്ടം
കോട്ടയം: ശബരിമല മണ്ഡലകാല തീർത്ഥടന സീസണിൽ കെഎസ്ആർടിസിക്ക് വൻ വരുമാന നഷ്ടം. 18.50 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഈ മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സിക്കുണ്ടായത്. കഴിഞ്ഞ വർഷം മണ്ഡലകാലത്ത് മാത്രം 18.64 കോടി വരുമാനം ലഭിച്ചിരുന്നു. ശബരിമല നട തുറന്നതുമുതൽ ഈ മാസം 26ന് മണ്ഡലപൂജ സമാപിക്കുന്നതുവരെ നടത്തിയ സ്പെഷൽ സർവിസിലൂടെ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചതാകട്ടെ 10 ലക്ഷത്തിൽ താഴെയും.
പ്രധാന ഡിപ്പോകളും മൂന്ന് റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് കഴിഞ്ഞ വർഷം പ്രതിദിനം എണ്ണൂറോളം ബസുകൾ പമ്പ സർവിസ് നടത്തിയിരുന്നു. പുറമെ നിലക്കൽ-പമ്പ ചെയിൻ സർവിസും. എന്നാൽ, ഇത്തവണ സർവിസുകൾ നാമമാത്രമായി. നിലക്കൽ-പമ്പ ചെയിൻ സർവിസും കനത്ത നഷ്ടത്തിലായി. പോയവർഷം പ്രതിദിനം 80 ലക്ഷം രൂപ വരെ ചെയിൻ സർവിസിൽനിന്ന് വരുമാനം ലഭിച്ചിരുന്നു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽനിന്നുള്ള സർവിസുകൾ ഇത്തവണ പൂർണമായും നിലച്ചു.
കോട്ടയം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽനിന്നായി 300 ബസുകൾ വരെ പമ്പക്ക് പ്രതിദിന സർവിസ് നടത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിക്ക് ശബരിമല വരുമാനം വലിയ ആശ്വാസമായിരുന്നു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കെ.എസ്.ആർ.ടി.സിയെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ വർഷം മണ്ഡലകാലത്ത് കോട്ടയം ഡിപ്പോയിൽ രണ്ടുകോടി വരുമാനം ലഭിച്ചിരുന്നു. മകരവിളക്ക് കാലത്തെ വരുമാനംകൂടി കണക്കാക്കുമ്പാൾ 3.56 കോടിയും.
മറുനാടന് ഡെസ്ക്