- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾക്കിടെ അയ്യപ്പഭക്തർ കൂടി പിണങ്ങിയാൽ അത് ചുഴലിക്കാറ്റാവും; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലപാടിൽ വെള്ളം ചേർത്ത് എൽഡിഎഫ് സർക്കാർ; 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ദർശനമില്ലെന്ന് പുതിയ വെർച്വൽ ക്യൂ ബുക്കിങ് നിർദ്ദേശം; പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകി ദേവസ്വം ബോർഡ്; തീരുമാനം എടുത്തത് ആഭ്യന്തര വകുപ്പ് തന്നെ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലമായതോടെ ശബരിമലയിലെ യുവതി പ്രവേശനവിഷയത്തിൽ നിലപാടിൽ വെള്ളം ചേർത്ത് എൽഡിഎഫ് സർക്കാർ. 50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് ദർശനം അനുവദിക്കില്ലെന്ന് സർക്കാർ ഔദ്യോഗികമായി പറഞ്ഞിരിക്കുകയാണ്. 5 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അവസരമില്ലെന്ന് വ്യക്തമാക്കി പുതുക്കിയ വെർച്വൽ ക്യൂ ബുക്കിങ്. ദർശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വർധിപ്പിച്ചതിനെത്തുടർന്ന് ബുധനാഴ്ച വൈകിട്ട് 5ന് ആണ് പുതിയ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങിയത്. ദർശനത്തിന് ബുക്ക് ചെയ്യാനുള്ള നിർദ്ദേശത്തിലാണ് നിലപാട് മാറ്റം വ്യക്തമാക്കുന്നത്.
സുപ്രീം കോടതി വിധിക്കു പിന്നാലെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാർ നടത്തിയ നീക്കത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതാദ്യമായാണ് 50 വയസ്സിനു താഴെയുള്ള സ്ത്രീകൾക്ക് ദർശനം അനുവദിക്കില്ലെന്ന് ഔദ്യോഗികമായി പറയുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ 65 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ദർശനം അനുവദിക്കില്ലെന്നും പുതിയ നിർദ്ദേശത്തിലുണ്ട്. ജനുവരി 19 വരെയുള്ള ദിവസങ്ങളിൽ 44,000 പേർക്കായിരുന്നു ദർശനത്തിന് ബുക്ക് ചെയ്യാൻ അവസരം.
അതേസമയം, ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിംഗിൽ നിന്നും യുവതികളെ വിലക്കിയതിൽ പങ്കില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. തീരുമാനമെടുത്തത് പൊലീസാണെന്ന് ബോർഡ് പ്രസിഡന്റ് പറയുന്നു. ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം പ്രതിദിനം രണ്ടായിരമായി ഉയർത്തിയതിനെതുടർന്നാണ് കഴിഞ്ഞ ദിവസം വെർച്വൽ ക്യൂ ബുക്കിങ് വീണ്ടും തുടങ്ങിയത്. ബുക്കിങ് പൂർത്തിയായതിനാൽ ഈ മണ്ഡല മകരവിളക്ക് കാലത്ത് യുവതി പ്രവേശനം ഉണ്ടാകില്ലെന്ന് ഉറപ്പായി.
യുവതി പ്രവേശനം അനുവദിച്ചുള്ള ഉത്തരവിനെതിരായ പുനപരിശോധന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാൽ, വിധി സ്റ്റേ ചെയ്തിരുന്നില്ല. യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള ഇടത് സർക്കാരിന്റെ സത്യവാങ്ലൂലം തിരുത്തിയിട്ടുമില്ല. പുനപരിശോധന ഹർജികൾ കോടതി പരിഗണിക്കുമ്പോൾ ബോർഡിന്റെ നിലപാട് ചോദിച്ചാൽ അപ്പോൾ അഭിപ്രായം അറിയിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പൊലീസ് ക്രമീകരണങ്ങളിൽ ഇടപെടില്ലെന്നും പ്രസിഡന്റ് അറിയിച്ചു. അതേ സമയം യുവതി പ്രവേശനം വിലക്കിയ വ്യവസ്ഥയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പൊലീസ് ഇതുവരെ നൽകിയിട്ടില്ല.
പ്രായവും ലിംഗവും അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവിലക്ക് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവയ്ക്ക് എതിരാണെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഇത് ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും വഴിവെച്ചു. സുപ്രീം കോടതി വിധിക്ക് അനുകൂല നിലപാടാണ് സർക്കാർ സ്വീകരിച്ചത്
മറുനാടന് മലയാളി ബ്യൂറോ