പമ്പ: ആചാര സംരക്ഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മനിതിയുടെ 11 അംഗ സംഘം പൊലീസ് സംരക്ഷണയിൽ മടങ്ങി. മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് ശേഷമാണ് മടക്കം. പ്രതിഷേധം ശക്തമായതോടെയാണ് മനിതി സംഘം മടങ്ങിയത്. മനിതി സംഘവും പൊലീസും തമ്മിൽ പമ്പയിൽ നടന്ന ചർച്ചകൾക്കുശേഷമാണ് സംഘത്തിന്റെ മടക്കം. മനിതി സംഘം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവരെ മടക്കി അയച്ചതെന്ന് എസ്‌പി കാർത്തികേയൻ ഗോകുലചന്ദ്രൻ പറഞ്ഞു. മടങ്ങിയ സംഘത്തിനു പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും എസ്‌പി കൂട്ടിച്ചേർത്തു.അതേസമയം പൊലീസ് ബലം പ്രയോഗിച്ച് തങ്ങളെ മടക്കി അയക്കുകയാണെന്ന് മനിതി സംഘം നേതാവ് സെൽവി പറഞ്ഞു. ശബരിമല ദർശനത്തിനായി മടങ്ങി വരുമെന്നും സെൽവി കൂട്ടിച്ചേർത്തു.

വയോധികരും കുട്ടികളുമടക്കം ഒരുലക്ഷത്തോളം തീർത്ഥാടകരാണ് ശബരിമലയിൽ ഉള്ളത്. ഇവരുടെ സുരക്ഷ കൂടി പൊലീസിന് കണക്കിലെടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നമുണ്ടാക്കുന്നവർക്കു നേരെ ബലം പ്രയോഗിക്കാൻ ബുദ്ധിമുട്ടുണ്ട്. ശബരിമലയിൽ വരുന്നവരെല്ലാം അയ്യപ്പന്മാരാണ്. അതിൽ നിന്നും പ്രതിഷേധക്കാരെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെന്നും പമ്പയുടെ ചുമതലയുള്ള എസ്‌പി കാർത്തികേയൻ പറഞ്ഞു.

ശബരിമല ചവിട്ടിയേ അടങ്ങൂവെന്നായിരുന്നു മനിതിക്കാരുടെ നിലപാട്. നേരത്തെ തന്നെ തീയതി പ്രഖ്യാപിച്ച് എത്തിയതു കൊണ്ട് പമ്പയിലും സന്നിധാനത്തും ആചാര സംരക്ഷണത്തിന് മതിയായ സംഘപരിവാറുകാരും തയ്യാറെടുത്തു. ഇവർ നാമജപവുമായി യുവതികളെ പമ്പയിൽ തടഞ്ഞു. മല കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭക്തർ കൂടിയായപ്പോൾ പ്രതിഷേധ സ്ഥലത്ത് വലിയ തിരക്കായി. ഇത് മനസ്സിലാക്കി പൊലീസ് തന്ത്രപരമായി നീങ്ങി. ഏത് വിധേനേയും സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസ് എല്ലാം ചെയ്തുവെന്ന് വരുത്താനുള്ള നീക്കമായിരുന്നു അത്. ഇതിനെ എല്ലാ ഭക്തരും ചേർന്ന് പൊളിച്ചു. ഇതോടെ മനിതിക്കാർ ജീവനും കൊണ്ട് കാട്ടിലൂടെ ഓടി. പിറകെ പൊലീസും. പമ്പയിലെ ഗാർഡ് റൂമിൽ നിന്ന് പാടുപെട്ട് പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. അവിടെ നിന്ന് നിലയ്ക്കലിലേക്ക്. ഭക്തരുടെ പ്രതിഷേധത്തിന്റെ കരുത്ത് കണ്ട അന്ധാളിച്ചവർ തിരിച്ചു മടങ്ങും. ഇതോടെ ആചാര ലംഘനത്തിന്റെ പേരിൽ ശബരിമല നട അടയ്ക്കേണ്ടി വരുന്ന സാഹചര്യവും ഒഴിവായി.

മധുരയിലേക്ക് തിരിച്ചു മടങ്ങുകയാണെന്ന് മനിതിക്കാർ പൊലീസിനെ അറിയിച്ചു. ആവശ്യപ്പെടുന്ന സ്ഥലം വരെ പൊലീസ് അവർക്ക് സുരക്ഷ ഒരുക്കി. പൊലീസിന് പരാതിയും നൽകിയിട്ടുണ്ട്. ഭക്തർ ആക്രമിച്ചുവെന്നാണ് പരാതി. എന്നാൽ ആരാണ് ഭക്തർ ആരാണ് പ്രതിഷേധക്കാർ എന്ന് തിരിച്ചറിയാനാകാത്ത സ്ഥിതായണുള്ളതെന്ന് പൊലീസും പറയുന്നു. യുവതികൾ മടങ്ങുന്നത് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്നലെ രാത്രിയോടെ തുടങ്ങിയ അനിശ്ചിതത്വമാണ് മാറുന്നത്.

നാടകീയ നീക്കങ്ങൾ രാവിലെ പതിനൊന്നോടെ പൊലീസ് നടത്തിയത്. ഒരു മണിക്ക് നട അടയ്ക്കും. അതുകൊണ്ട് പതിനൊന്ന് മണി കഴിഞ്ഞാൽ മല ചവിട്ടാനെത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകും. ഇത് മനസ്സിലാക്കിയാണ് തന്ത്രങ്ങൾ ആവിഷ്‌കരിച്ചത്. പ്രതീക്ഷിച്ചതു പോലെ പതിനൊന്ന് മണിയോടെ ഗണപതി കോവിൽ കടന്ന് മലകയറുന്നവരെ പൊലീസ് നിയന്ത്രിച്ചു. ഇതിനൊപ്പം മല ഇറങ്ങി ഭക്തരെത്തുന്നില്ലെന്നും ഉറപ്പായി. ഇതോടെ പ്രതിഷേധക്കാർ മാത്രമായി മാറുന്ന അവസ്ഥയുണ്ടായി. നാമജപവുമായി പൊരിവെയിലത്തിരുന്ന ഭക്തരെ കമാണ്ടോകൾ ബലം പ്രയോഗിച്ച് മാറ്റി. ജീപ്പിൽ ഇവരെ ഒഴിപ്പിച്ച ശേഷം മനിതിക്കാരുമായി മല ചവിട്ടി. ഇവിടെയാണ് പൊലീസിന്റെ തന്ത്രങ്ങൾ പൊളിഞ്ഞത്. മല ഇറങ്ങി വരുന്ന അയ്യപ്പഭക്തർ പ്രതിഷേധത്തിന് മുതിരില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അയ്യപ്പഭക്തരുടെ കണ്ണിൽ വനിതകൾ പെട്ടതോടെ പൊലീസിന്റെ കണക്ക് കൂട്ടൽ തെറ്റി. ആളുകളെ മലയിറക്കാതെ തടഞ്ഞു നിർത്തിയത് വിനയായി. എല്ലാ ഭക്തരും യുവതികൾക്ക് നേരെ ഓടി അടുത്തു. ഇതോടെ മനിതിക്കാർ കാടു വഴി കണ്ടം തേടി ഓടി. അങ്ങനെ യുവതികളുടെ വീര്യം ചോർന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ വരെ അറിയിച്ചായിരുന്നു പൊലീസ് മനിതികൾക്ക് മുമ്പോട്ട് പോകാൻ വഴിയൊരുക്കിയത്. സന്നിധാനത്ത് എത്തുമ്പോൾ തന്ത്രി നട അടച്ചാൽ അത് പുതിയ വിവാദങ്ങളുണ്ടാക്കും. വനിതാ മതിലിൽ ബ്രാഹ്മണ്യവും മറ്റും ചർച്ചയാക്കാൻ ഇതിലൂടെ കഴിയുമെന്നും വിലയിരുത്തി. ഇത് മനസ്സിലാക്കിയാണ് മനിതികളെ മല കയറ്റി നടപ്പന്തലിലെത്തിച്ച് പതിനെട്ടാം പടിക്ക് അടുത്ത് എത്തിക്കാൻ പൊലീസ് ശ്രമിച്ചത്. ഇതാണ് പൊളിയുന്നത്. ഇതിനിടെ ശബരിമലയിൽ വിശ്വാസം സംരക്ഷിക്കുമെന്ന് മന്ത്രി ഇപി ജയരാജനും പ്രതികരിച്ചു. മനിതികളെ ഇനി സർക്കാർ പിന്തുണയ്ക്കില്ലെന്ന സൂചനയാണ് ഇതിലുള്ളത്.

മനിതിക്കാരെ സന്നിധാനത്തേക്ക് പൊലീസ് അകമ്പടിയോടെ കൊണ്ടുപോയെങ്കിലും നീലിമലയ്ക്ക് താഴെവെച്ച് അതിശക്തമായ പ്രതിഷേധമാണ് പൊലീസിന് നേരിടേണ്ടിവന്നത്. നൂറുകണക്കിന് പ്രതിഷേധക്കാർ സംഘടിച്ച് പൊലീസിനെതിരെ തിരഞ്ഞതോടെ മനിതി കൂട്ടായ്മയിലെ സ്ത്രീകളുമായി പൊലീസ് താഴേക്ക് പോവുകയായിരുന്നു. ശബരിമലയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധമുള്ള നാടകീയ രംഗങ്ങളാണ് നീലിമയ്ക്ക് താഴെ അരങ്ങേറിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ കയ്യാങ്കളിയുണ്ടായി. പ്രതിഷേധക്കാരിൽ നിന്ന് സ്ത്രീകളെ രക്ഷിക്കാൻ ഇവരെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റേണ്ടിവന്നു. ഇവരെ ഇപ്പോൾ നിലയ്ക്കലിലേക്ക് മാറ്റി. ഇവരെ സുരക്ഷിതമായി കേരള അതിർത്തി കടത്തി വിടാനാണ് ഇനി പൊലീസിന്റെ പദ്ധതി. ഇനി യുവതി പ്രവേശനത്തിന് പൊലീസ് റിസ്‌ക് എടുക്കില്ലെന്നാണ് സൂചന. ർശനം നടത്താതെ തിരിച്ചു പോകില്ലെന്ന നിലപാടുമായി മനിതി സംഘം. ദർശനത്തിനായി എത്തിയ സംഘം സ്വയം കെട്ടു നിറച്ച സംഘമാണ് ലക്ഷ്യം കാണാതെ മടങ്ങുന്നത്.

11 പേരുള്ള സംഘത്തിൽ ആറ് പേരാണ് ഇരുമുടികെട്ടു നിറച്ചത്. കെട്ടു നിറയ്ക്കാൻ പരികർമ്മികൾ തയ്യാറാവാത്തതിനെ തുടർന്നാണ് സംഘം സ്വയം കെട്ടു നിറച്ചത്. പൊലീസ് മനീതി സംഘവുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ സ്വാമിയെ ദർശിക്കാതെ തിരിച്ചു പോകില്ലെന്ന് തങ്ങൾ പൊലീസിനെ അറിയിച്ചതായി ശെൽവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങൾ ആക്ടിവിസ്റ്റുകളല്ല ഭക്തരാണെന്നും എന്തൊക്കെ സംഭവിച്ചാലും ദർശനം നടത്തുമെന്നും സംഘം അറിയിച്ചു. ദർശനം നടത്താൻ പൊലീസ് സുരക്ഷ നൽകണമെന്നു മനീതി സംഘം ആവശ്യപ്പെട്ടിട്ടു. ഇതോടെയാണ് തന്ത്രങ്ങളുമായി പൊലീസ് എത്തിയത്. സെൽവിയടക്കം ആറ് പേരാണ് കെട്ട് നിറച്ച് മല കയറാൻ മുന്നോട്ട് പോയത്. ഇവർക്കെല്ലാം തിരികെ പോരേണ്ടിയും വന്നു. തടുക്കത്തിൽ ശബരിമല ദർശനത്തിനെത്തിയ മനിതി കൂട്ടായ്മയിലെ വനിത സംഘത്തെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് നടന്നു കയറുന്നത് ഭക്തർ കാനനപാതയിൽ കുത്തിയിരുന്ന് നാമജപ പ്രതിഷേധം അടക്കം നടത്തിയാണ് തടഞ്ഞത്. ഇതോടെ മനിതി സംഘത്തിലെ യുവതികൾ പമ്പയിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ എന്തും വരട്ടേ എന്ന് പറഞ്ഞ് നീലമല കയറുമ്പോൾ മനിതിക്കാർ കണ്ടത് ഭക്തരുടെ മറ്റൊരു മുഖമാണ്.

കമ്പംമേട് ചെക്ക്‌പോസ്റ്റ് വഴിയാണ് സംഘം എത്തിയത്. ഇതിനിടെ ഇവരുടെ കെട്ട് നിറയ്ക്കാനായി പൂജാരിമാർ സമ്മതിച്ചില്ല. തുടർന്ന് ഇവർ സ്വയമെ കെട്ട് നിറയ്ക്കുകയായിരുന്നു. ഇത്രയും വലിയ സംഭവങ്ങൾ അരങ്ങേറുമ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഒന്നും തന്നെ ശബരിമലയിൽ എത്തിയിട്ടില്ല. മനിതി സംഘവും പൊലീസും നടത്തിയ അനുനയ ചർച്ചയും പരാജയപ്പെട്ടു. തമിഴ് നാട്ടിൽ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലർച്ചെ പമ്പയിലെത്തിയത്. ശനിയാഴ്‌ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തിൽ പ്രവേശിച്ച സംഘം എരുമേലിയിൽ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. ഇവർ പോരുന്ന വഴിയാകെ ബിജെപിക്കാരുടെ പ്രതിഷേധം ഉണ്ടായിരുന്നു. കട്ടപ്പന പാറക്കടവിൽ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. പൊലീസാണ് പ്രതിഷേധ സംഘത്തെ നീക്കിയത്.

അതിനിടെ ആക്ടിവിസ്റ്റുകളുടെ സംഘടനയാണ് 'മനിതി'യെന്നു കേന്ദ്ര ഇന്റലിജൻസ് അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജൻസ് കൈമാറി. ഇത് സംസ്ഥാന സർക്കാരിനും നൽകിയിട്ടുണ്ടെന്നാണ് സൂചന.