കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കൊപ്പമായിരുന്നു കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും. എന്നാൽ ഭക്തരുടെ പ്രതിഷേധം അതിരുവിടുമ്പോൾ അവരും നിലപാട് മാറ്റുകയാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ചുവടു മാറ്റം നടത്തിയത് മാതൃഭൂമിയാണ്. ശബരിമല സ്ത്രീ വിഷയത്തിലെ പ്രതിഷേധം മാതൃഭൂമിക്ക് ഇന്ന് പ്രധാന വാർത്തയായി.

രണ്ട് ദിവസം വരെ വലിയ പ്രാധാന്യം അവർ ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നില്ല. എന്നാൽ ഹിന്ദു വികാരം ഉയരുമ്പോൾ വെറുതെ ഇരിക്കാനാകില്ലെന്ന് മാതൃഭൂമി തിരിച്ചറിഞ്ഞു. അങ്ങനെ അവർ ശബരിമല വിഷയത്തിൽ ഇടപെടലിന് എത്തുകയാണ്. മീശ നോവൽ പ്രദ്ധീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാതൃഭൂമിയെ ബഹിഷ്‌കരിക്കാൻ എൻ എസ് എസ് പരസ്യ ആഹ്വാനം നൽകി. വലിയ തോതിൽ സർക്കുലേഷനിൽ കുറവും വന്നു. ശബരിമലയിലും വിശ്വാസികൾക്ക് അനുകൂല നിലപാട് എടുത്തില്ലെങ്കിലുള്ള തിരിച്ചടി തിരിച്ചറിഞ്ഞാണ് മാതൃഭൂമി അതിശക്തമായ വാർത്തകൾ വിഷയത്തിൽ നൽകുന്നത്.

വളരെ വിശദമായ വാർത്തയാണ് മാതൃഭൂമി നൽകുന്നത്. ഹൈന്ദവസംഘടനകളുടെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സുപ്രീംകോടതിവിധിക്കെതിരേ പുനഃപരിശോധനാഹർജി നൽകില്ലെന്ന് സംസ്ഥാനസർക്കാരും തിരുവതാംകൂർ ദേവസ്വം ബോർഡും നിലപാട് എടുക്കുന്നുവെന്ന കുറ്റപ്പെടുത്തലാണ് ഇന്നത്തെ മാതൃഭൂമിയുടെ പ്രധാന വാർത്ത. വിധിക്കെതിരേ ക്ഷേത്രവിശ്വാസികളുടെ പ്രതിഷേധം അയൽസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമം തുടങ്ങി.

ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം തമിഴ്‌നാട്ടിൽ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിൽ ക്ഷേത്രവിശ്വാസികൾ ഇതേനിലപാട് എടുക്കുമെന്നാണ് കേരളത്തിലെ ഹൈന്ദവസംഘടനകൾ കരുതുന്നത്. ചൊവ്വാഴ്ച പമ്പയിലും പന്തളത്തും തിരുവനന്തപുരത്തും ഭക്തസംഗമം നടന്നു. പന്തളത്തും പമ്പയിലും പ്രതീക്ഷയ്ക്കപ്പുറത്തായിരുന്നു പങ്കളിത്തം. പന്തളത്തെ പ്രാർത്ഥനായാത്രയിലും ആചാരസംരക്ഷണയോഗത്തിലും യുവതികളടക്കം ഒട്ടേറെ സ്ത്രീകളാണ് എത്തിയതെന്നും മാതൃഭൂമി ഇന്ന് വാർത്തായി നൽകുന്നു.

നേരത്തെ പന്തളത്തെ പ്രതിഷേധം മാതൃഭൂമി കാര്യമായെടുത്തില്ലെന്ന പരാതി ഭക്തർക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമി ചാനലിലേക്ക് ഭക്തൻ വിളിച്ചതും കിട്ടിയ മറുപടിയും വൈറലായിരുന്നു. പന്തളത്തെ പ്രതിഷേധം കൊടുക്കണമോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കുമെന്നാണ് ചാനലിൽ നിന്ന് വിളിച്ചയാൾക്ക് കിട്ടിയ മറുപടി. ഇതോടെ ഈ സംഭാഷണം ഹിന്ദു ഗ്രൂപ്പുകളിൽ വൈറലായി.

ഹൈന്ദവ പ്രതിഷേഷധത്തോട് മാതൃഭൂമി നിഷേദാത്മക നിലപാട് എടുക്കുന്നുവെന്ന വാദം ചർച്ചായയി. ഇതോടെ വീണ്ടും സർക്കുലേഷനിൽ ഇടിവുണ്ടാകുമോ എന്ന ഭയം മാതൃഭൂമിക്കുണ്ടായി. നേരത്തെ മീശ വിഷയത്തിലും തുടക്കത്തിലെ എതിർപ്പ് തിരിച്ചറിയാൻ മാതൃഭൂമി വീഴ്ച വരുത്തി. ക്ഷേത്രത്തിൽ പോകുന്ന ഹിന്ദു സ്ത്രീകളെ മോശക്കാരാക്കുന്ന മീശ നോവലിലെ ഭാഗത്തെ മാതൃഭൂമി പരസ്യമായി അനുകൂലിച്ചു. വിഷയത്തിൽ മാപ്പ് പറയണമെന്ന ആവശ്യവും അംഗീകരിച്ചില്ല. നോവൽ മതിയാക്കിയെങ്കിലും അത് എഴുത്തുകാരൻ ഹരീഷിന്റെ നിർദ്ദേശ പ്രകാരമാണെന്ന് വരുത്തി തീർത്തു.

മീശ എന്ന നോവൽ ഡിസി പ്രസിദ്ധികരിച്ചപ്പോൾ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന സംഭാഷണത്തിൽ ചില കൂടിച്ചേർക്കുലകൾ നടന്നു. ഇതോടെ ഡിസി സമർത്ഥമായി തടിയൂരി. ഇവിടെ മാതൃഭൂമിക്ക് വലിയ പാളീച്ചകൾ ഉണ്ടായി എന്നതാണ് പൊതുവേ ഉയർന്ന വിലയിരുത്തൽ. ആ സാഹചര്യത്തിലാണ് ശബരിമലയിലെ ഹൈന്ദവ പ്രതിഷേധം മാതൃഭൂമി വലിയ പ്രാധാന്യത്തോടെ ചർച്ചയാക്കുന്നത്. അനുകൂലമാകുന്ന തരത്തിൽ ചർച്ചകൾ എത്തിക്കുകയാണ് മാതൃഭൂമി. കോടതി വിധി വന്ന ദിവസം ചരിത്ര പരമെന്നാണ് ജന്മഭൂമി നിലപാട് എടുത്തത്.

അവരും പ്രതിഷേധത്തെ ആളിക്കത്തിക്കാൻ തുടങ്ങി. വിശ്വാസികൾക്കൊപ്പമാണ് തങ്ങളെന്ന് ആർഎസ്എസ് നിലപാട് എടുത്തു. ഇതോടെയാണ് ജന്മഭൂമിയും മലക്കം മറിയുന്നത്. എന്നാൽ ആർഎസ്എസ് നേതാവ് ആർ സഞ്ജയന്റെ ലേഖനവും വിവാദമാകുന്നു. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയാണ് ജന്മഭൂമിയുടെ എഡിറ്റോറിയൽ പേജിൽ ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ നടത്തുന്നത്. ആർഎസ്എസ് സംസ്ഥാന എക്‌സിക്യൂട്ടിവിലെ അംഗമാണ് സഞ്ജയൻ.

ഏഷ്യാനെറ്റും മനോരമയും അടക്കമുള്ള ചാനലുകളും സ്ത്രീ പ്രവേശനത്തിലെ പ്രതിഷേധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു. കോൺഗ്രസും സ്ത്രീ പ്രവേശനത്തിനെതിരെ രംഗത്ത് വന്നതാണ് ഇതിന് കാരണം.