തിരുവനന്തപുരം: കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഈ മാസം 12 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറക്കും.ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്‌നി പകരും. ആദ്യദിനം പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല.

കുംഭമാസം ഒന്നായ 13-ാം തീയതി പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടക്കും. 5.20ന് മഹാഗണപതി ഹോമം. 6 മണി മുതൽ 11മണി വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ, 7.45 ന് ബ്രഹ്മരക്ഷസ്സ് പൂജ, 12 മണിക്ക് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം.12.30 ന് ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് ക്ഷേത്രനട അടയ്ക്കും.വൈകുന്നേരം 5 മണിക്ക് നട വീണ്ടും തുറക്കും. 6.30ന് ദീപാരാധന. 6.45 ന് പടിപൂജ, 8.30 ന് അത്താഴ പൂജ എന്നിങ്ങനെയാണ് പൂജാ ചടങ്ങുകൾ.

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ടിക്കറ്റ് ലഭിച്ച അയ്യപ്പഭക്തർക്ക് മാത്രമെ കുംഭ മാസ പൂജാദിനങ്ങളിൽ ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ദിവസവും 5000 ഭക്തർക്ക് വീതമാണ് പ്രവേശനാനുമതി.48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്- 19 ആർ ടി പി സിആർ/ ആർ ടി ലാമ്പ് /എക്‌സ്‌പേർട്‌സ് നാറ്റ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർ നിർബന്ധമായും കൈയിൽ കരുതണം.

വെർച്വൽ ക്യൂ വഴി പാസ്സ് ലഭിക്കാത്ത ആരെയും ശബരിമല അയ്യപ്പദർശനത്തിനായി കടത്തിവിടുകയില്ല. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഭക്തർക്ക് താമസ സൗകര്യം ഉണ്ടാവില്ല. കോവിഡ് -19 പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചായിരിക്കും ക്ഷേത്ര ദർശനത്തിനായി അയ്യപ്പഭക്തർക്ക് സൗകര്യം ഒരുക്കുക.കുംഭമാസ പൂജകൾ പൂർത്തിയാക്കി കലിയുഗവരദസന്നിധി ഫെബ്രുവരി 17ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.