സന്നിധാനം: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്രം ഉത്സവത്തിന് പമ്പയിൽ നടന്ന തിരു ആറാട്ടോടെ സമാപനമായി. ഇന്ന് ഉഷപൂജക്ക് ശേഷം ആറാട്ടുബലി നടന്നു. തുടർന്ന് പമ്പയിലേക്കുള്ള ആറാട്ട് പുറപ്പാട്. വെളിനല്ലൂർ മണികണ്ഠന്റെ പുറത്തേറി ആയിരുന്നു ഭഗവാൻ അയ്യപ്പസ്വാമിയുടെ തിരു ആറാട്ട് ഘോഷയാത്ര. ഘോഷയാത്രക്ക് പമ്പയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു ,ശബരിമല സ്‌പെഷ്യൽ കമ്മീഷണർ മനോജ് എന്നിവർ ചേർന്ന്ആചാരപൂർവ്വമുള്ള സ്വീകരണം നൽകി.ശേഷം പ്രത്യേകം ക്രമീകരിച്ചിട്ടുള്ള ആറാട്ട് മണ്ഡപത്തിൽ ആറാട്ട് പൂജ നടന്നു. തുടർന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ, ശരണം വിളികളുടെ നടുവിൽ ഭഗവാൻ പമ്പയിൽ ആറാടി.

അയ്യപ്പസ്വാമിയുടെ തിരു ആറാട്ട് കണ്ട് സായുജ്യമടയാനും ദർശനപുണ്യത്തിനുമായി നിരവധി ഭക്തർ ആണ് പമ്പയിൽ എത്തിയിരുന്നത്.. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ദേവസ്വം ബോർഡ് ചീഫ് എഞ്ചീനിയർ കൃഷ്ണകുമാർ ,ശബരിമല സ്‌പെഷ്യൽ കമ്മീഷണർ മനോജ് തുടങ്ങിയവരും ആറാട്ടിന് സന്നിഹിതരായി.

ആറാട്ടിനു ശേഷം പമ്പ ഗണപതി ക്ഷേത്രത്തിൽ അലങ്കരിച്ചൊരിക്കിയിരുന്ന മണ്ഡപത്തിൽ ഭഗവാനെ ഇരുത്തി പറയിടീലും പൂജകളും നടത്തി. വൈകുന്നേരം 4 മണിക്ക് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് തിരിച്ചു ആറാട്ട് വിഗ്രഹം പതിനെട്ടാം പടി കയറ്റി മുകളിലെത്തിച്ച ഉടൻ തന്ത്രി കണ്ഠരര് രാജീവരര് കൊടിയിറക്കി. തുടർന്ന് വിഗ്രഹം ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി ആചാരപ്രകാരമുള്ള പൂജകൾ നടത്തി.ശേഷം അയ്യപ്പവിഗ്രഹത്തിൽ 25കലശാഭിഷേകം നടത്തി .

പിന്നേട് ഉച്ചപൂജയും ദീപാരാധനയും അത്താഴപൂജയും കഴിക്കുകയായിരുന്നു. തുടർന്ന് ഭഗവാനെ ഭസ്മം കൊണ്ട് മൂടിയ ശേഷം ഹരിവരാസനം പാടി കലിയുഗവരദനെ യോഗനിദ്രയിലാക്കി തിരുനട അടച്ചു. മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല ക്ഷേത്രനട ഏപ്രിൽ 10ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ഏപ്രിൽ 14 ന് ആണ് വിഷുക്കണി ദർശനം. പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട 18ന് രാത്രി അടയ്ക്കും.