പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന് ആദ്യദിവസങ്ങളിൽ 25000 പേർക്ക് ദർശനത്തിന് അനുമതി നൽകാൻ തീരുമാനം. പമ്പാ സ്നാനത്തിന് അനുമതി നൽകാനും ഇന്നുചേർന്ന ഉന്നത തല അവലോകനസമിതി യോഗം തീരുമാനിച്ചു. വെർച്വൽ ക്യൂ തുടരാനും ബുക്കിങ് കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയാണ് ഉന്നതതലയോഗം വിളിച്ചത്. വെർച്വൽ ക്യൂ സംവിധാനത്തിലൂടെയായിരിക്കും ഇത്തവണയും തീർത്ഥാടകരെ ദർശനത്തിന് അനുവദിക്കുക. രജിസ്ട്രേഷൻ ബുക്കിങ് കൂട്ടാനും അനുവദിക്കും. വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാതെ ഏതെങ്കിലും ഭക്തൻ വന്നാലും, സ്പോട്ടിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ദർശനത്തിന് സന്നിധാനത്തേക്ക് പോകാൻ അനുമതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. നെയ്യഭിഷേകം മുൻവർഷത്തെ രീതിയിൽ നടക്കും.

സന്നിധാനത്ത് വിരിവെക്കാൻ ഇത്തവണയും അനുമതിയില്ല. താമസിക്കാൻ മുറികൾ അനുവദിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. മുതിർന്നവർക്ക് രണ്ടു ഡോസ് വാക്സിൻ അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ പോകാൻ അനുവദിക്കൂ. അവിടെ നിന്നും കെഎസ്ആർടിസിയിൽ ആണ് പമ്പയിലേക്ക് പോകാൻ അനുമതിയുള്ളൂ.