തിരുവനന്തപുരം: സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബവും തന്ത്രി കുടുംബവും പങ്കെടുക്കുമെന്നും അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് ചർച്ചകൾ നടക്കുന്നത്. മണ്ഡലക്കാലത്ത് യുവതീ പ്രവേശനം പാടില്ലെന്ന ആവശ്യവും രാജകുടുംബം അറിയിക്കും. അതിനിടെ ശബരിമല യുവതീപ്രവേശവിധിക്കു സ്റ്റേ ഇല്ലാത്തതിനാൽ വെള്ളിയാഴ്ച തുടങ്ങുന്ന തീർത്ഥാടനം സംഘർഷമില്ലാതെ നടത്താൻ സർക്കാർ നിയമോപദേശം തേടുന്നുവെന്നാണ് സൂചന. ഇപ്പോഴത്തെ സാഹചര്യത്തിൽ തീർത്ഥാടനകാലത്ത് യുവതികൾക്ക് ശബരിമലയിൽ വിലക്കില്ല. യുവതികളെത്തിയാൽ തടയണമോ എന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കും.

അതേസമയം സർക്കാർ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കണോ എന്ന് എൻഡിഎ യോഗം ചേർന്ന് തീരുമാനിക്കുമെന്ന ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. വിശ്വാസികളുടെ വിശ്വാസം ആർജിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ശബരിമല വിധി ചർച്ച ചെയ്യുന്നതിനായുള്ള മുഖ്യമന്ത്രിയുടെ സർവ്വകക്ഷിയോഗത്തിൽ എൻഎസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും തീരുമാനമായിട്ടില്ല. യുവതീ പ്രവേശനത്തിൽ പുനപരിശോധന ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ വാദംകേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചതിന് പിന്നാലെയാണ് സർവകക്ഷിയോഗം വേണ്ടെന്ന മുൻ നിലപാട് മാറ്റാൻ സർക്കാർ തയ്യാറായത്. ഇതോടെ ശബരിമലയിലെ സംഘർഷാവസ്ഥയ്ക്ക് അയവുവരുമെന്നാണ് എല്ലാവരും കരുതുന്നത്.

ശബരിമലയിൽ സ്ത്രീ പ്രവേശനമാകാമെന്ന് സർക്കാർ നേരത്തേതന്നെ പ്രഖ്യാപിച്ചെങ്കിലും നിയമോപദേശം കേട്ടും സമവായം ഉണ്ടാക്കിയും മുന്നോട്ടുപോകാനാണ് തീരുമാനം. ശബരിമലയിൽ സർക്കാരെടുത്ത നിലപാടിൽ അയവുവരുന്നു എന്നാണ് സൂചന. ഇതിന്റെ ഭാഗമാണ് സർവ്വ കക്ഷിയോഗം. വെള്ളിയാഴ്ച തുടങ്ങുന്ന തീർത്ഥാടനകാലം ജനുവരി 20-നാണ് സമാപിക്കുക. അതിനുശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. രണ്ടുമാസത്തിലേറെ നീളുന്ന തീർത്ഥാടനക്കാലത്ത് എത്തുന്ന സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുമോ എന്നതാണ് ഉറ്റുനോക്കുന്ന വിഷയം. വിധിക്കുശേഷം രണ്ടുതവണ നടതുറന്നപ്പോഴും ശബരിമല സംഘർഷത്തിലായിരുന്നു. മണ്ഡലകാലത്തും സ്ഥിതി അതീവ രൂക്ഷമാകും.

ഹർജി പരിഗണിച്ച് കോടതി വാദം കേൾക്കുന്നതിനാൽ നിലവിലെ വിധി നടപ്പാക്കുന്നത് അന്തിമവിധിക്കുശേഷം മതിയെന്നു സർക്കാർ തത്വത്തിൽ തീരുമാനിക്കാൻ സാധ്യതയുണ്ട്. ഇത് കോടതിയലക്ഷ്യമാകുമോ എന്നു പരിശോധിക്കാൻകൂടിയാണ് നിയമോപദേശം തേടുന്നത്. രണ്ടുതവണ നടതുറന്നപ്പോൾ ഉണ്ടായതുപോലെ ശബരിമലയിലെത്തുന്ന സ്ത്രീകളെ പ്രതിഷേധത്തിന്റെ പേരിൽ അനുനയിപ്പിച്ച് തിരിച്ചയക്കുകയാണ് രണ്ടാമത്തേത്. സർക്കാരിന്റെ ഈ നീക്കത്തെ കോടതികളൊന്നും ചോദ്യം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇത് തുടരാനാണ് സാധ്യത.

ഈ മാസം 16-നും 20-നുമിടയിൽ ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയിൽ എത്താൻ 550 യുവതികൾ ഇതിനകം ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ വിധി അതേപടി നിലനിൽക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിൽനിന്ന് വ്യക്തമാകുന്നതെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. എന്നാൽ ഇത് സർക്കാരിന് ദോഷമാകുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. ആലോചിച്ച് തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്.

എല്ലാം കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറയുന്നത്. ഇത്തരം പ്രതികരണങ്ങളും സർവകക്ഷിയോഗം വിളിക്കാനുള്ള തീരുമാനവുമൊക്കെ സൂചിപ്പിക്കുന്നത് ശബരിമലയിലെ പ്രതിസന്ധി തീർക്കാൻ സർക്കാരിനും ആഗ്രഹം ഉണ്ടെന്നു തന്നെയാണ് ഇപ്പോൾ വിലയിരുത്തൽ വരുന്നത്. എന്നാൽ എൻ എസ് എസിനെ ചർച്ചയുടെ ഭാഗമാക്കാൻ സർക്കാർ തയ്യാറാകില്ല. ശബരിമലയുമായി ബന്ധമില്ലാത്ത സംഘടനകളെ ക്ഷണിക്കാനാവില്ലെന്ന് തന്നെയാണ് സർക്കാർ പക്ഷം. ശബരിമല വിഷയത്തിൽ സർക്കാരിനെ വെട്ടിലാക്കിയത് എൻ എസ് എസ് നിലപാടാണ്. അതുകൊണ്ട് തന്നെ എൻഎസ് എസുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

തന്ത്രി കുടുംബത്തേയും പന്തളം രാജകുടുംബത്തേയും സർക്കാർ ചർച്ചയ്ക്ക് വിളിച്ചതും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് ചർച്ചനിശ്ചയിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇരുവരും പിന്മാറിയിരുന്നു. മണ്ഡലകാലം സുഗമമമായി നടക്കണമെന്നാണ് രാജകുടുംബത്തിന്റെയും ആവശ്യം. സർവകക്ഷി യോഗം വിളിച്ചതിനെയും രാജകുടുംബം സ്വാഗതം ചെയ്തു.