- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കോടി രൂപ ശബരിമലയിൽ സംഭാവന നൽകി ദമ്പതികൾ; സംഭാവന നൽകിയത് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാൻ ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും; അയ്യപ്പന് വേണ്ടി ഇനിയും എന്തു ചെയ്യാനും തയ്യാറെന്ന് തമിഴ്‌നാട് സ്വദേശി; ശബരിമലയിൽ കാണിക്ക വരുമാനം ഒൻപതുകോടി കവിഞ്ഞു
ശബരിമല: ശബരിമല ക്ഷേത്രത്തിന് വൻ സംഭാവന നൽകി തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാനും എം.ഡിയുമായ തമിഴ്‌നാട് സ്വദേശി ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും ശബരിമലയിൽ അന്നദാനത്തിന് ഒരു കോടി രൂപ സംഭാവന നൽകി. ദർശനത്തിനെത്തിയതായിരുന്നു അവർ. ശബരിമലയുടെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടി എന്തുസഹായങ്ങൾ ചെയ്യാനും തയ്യാറാണെന്ന് ഡോ. കൃഷ്ണ എല്ല അറിയിച്ചു.
ദർശനത്തിന് ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി അതിയിടം കുറുവക്കാട് ശംഭു നമ്പൂതിരി എന്നിവരെ സന്ദർശിച്ചമാണ് ഇരുവരും മടങ്ങിയത്.എക്‌സിക്യുട്ടിവ് ഓഫീസർ വി. കൃഷ്ണകുമാര വാരിയർക്ക് ഓൺലൈൻ ട്രാൻസ് ഫർ വഴിയാണ് തുക കൈമാറിയത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു.
അതേസമയം ശബരിമലയിൽ കാണിക്കയായി ലഭിച്ച വരുമാനം ഒൻപതുകോടി കവിഞ്ഞു. തീർത്ഥാടനകാലം തുടങ്ങി ഞായറാഴ്ചവരെയുള്ള കണക്കാണിത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്താൻ ബാക്കിയുള്ളതിനാൽ യഥാർഥ വരുമാനം ഇതിലും കൂടുതലായിരിക്കും. രണ്ട് വർഷമായി ഇതരസംസ്ഥാനത്തുനിന്നുള്ള ഭക്തർ ദർശനത്തിന് എത്തിയിരുന്നത് കുറവായിരുന്നു. ഇത്തവണ അവരെത്തിയതോടെയാണ് കാണിക്കയിൽ വർധനയുണ്ടായത്.
അതേസമയ സന്നിധാനത്ത് ദർശനത്തിന് തീർത്ഥാടകരുടെ തിരക്കേറിയിട്ടുണ്ട്. തിങ്കളാഴ്ച നടപ്പന്തൽ നിറഞ്ഞ ഭക്തരെ നിയന്ത്രിച്ച് ബാച്ചുകളായാണ് പതിനെട്ടാംപടിയിലേക്ക് കടത്തിവിട്ടത്. വൈകീട്ട് നട തുറക്കുംമുമ്പു തന്നെ നടപ്പന്തൽ നിറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ