ശബരിമല: കുംഭ മാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ശ്രീകോവിലിലെ ദീപങ്ങളും പതിനെട്ടാംപടിയിറങ്ങി ആഴിയും തെളിച്ചു. ഇന്നലെ പൂജകൾ ഇല്ലായിരുന്നു.

തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ഇന്നു രാവിലെ നടന്ന മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങി. ഇന്ന് മുതലാണ് തീർത്ഥാടകർക്ക് പ്രവേശനം.
പൊലീസിന്റെ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് എത്തുന്ന 5000 പേർക്കു മാത്രമാണ് പ്രവേശനം. ഇവർ ആർടിപിസിആർ, ട്രൂനാറ്റ് എന്നിവയിൽ ഏതെങ്കിലുമൊരു കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിലയ്ക്കലും പമ്പയിലും പരിശോധനാ സൗകര്യം ഉണ്ട്.

17 വരെയാണ് പൂജകൾ ഉണ്ടാകുക. നെയ്യഭിഷേകത്തിനുള്ള നെയ്യ് നേരിട്ട് ശ്രീകോവിലിൽ നൽകാൻ ഭക്തർക്ക് അനുവാദമില്ല.ഉദയാസ്തമനഃപൂജ, പടിപൂജ, കലശാഭിഷേകം തുടങ്ങിയ വിശേഷാൽ വഴിപാടുകൾ ഉണ്ട്. കളഭാഭിഷേകം, അർച്ചന, ഗണപതിഹോമം, പുഷ്പാഞ്ജലി, ഭഗവതി സേവ തുടങ്ങിയവ വഴിപാടുകളും നടത്താൻ സൗകര്യമുണ്ട്.