പത്തനംതിട്ട: കെഎസ്ആർടിസിയിലേക്ക് എത്തുന്ന തുക സർക്കാർ ഖജനാവിലേക്ക് ഉള്ളതായിരിക്കില്ല. എന്നാലും ഈ കൊള്ള സർക്കാരിന്റെ അറിവോടെ തന്നെ. ഓരോ ശബരിമല തീർത്ഥാടനകാലവും ഭക്തരെ കൊള്ളയടിക്കാനുള്ള സുവർണ്ണാവസരമായാണ് കെഎസ്ആർടിസി കാണുന്നത്. ദേവസം വരുമാനം സർക്കാർ കൊള്ളയടിക്കുന്നില്ലെന്നും വാരിക്കോരി നൽകുകയാണെന്നും പറയുന്നവർക്ക് ഈ കൊള്ളയിൽ മിണ്ടാട്ടമില്ല. ഹൈന്ദവ സംഘടനകളും മൗനം തുടരുമ്പോൾ തീർത്ഥാടകരെ വഞ്ചിച്ച് കീശ വീർപ്പിക്കുകയാണ് ആന വണ്ടി. അടിസ്ഥാന സൗകര്യം ഒരുക്കാതെയും ബസുകളിൽ യാത്രക്കാരെ കുത്തി നിറച്ചും വൻ ലാഭമാണ് കെഎസ്ആർടിസി കൊയ്യുന്നത്.

കെഎസ്ആർടിസിയുടെ കിലോമീറ്റർ വരുമാനം ശരാരശി 30.80 പൈസയാണ്. എന്നാൽ ശബരിമല സർവ്വീസിൽ നിന്ന് കിലോമീറ്ററിന് കിട്ടുന്നത് 51.22 രൂപയാണ്. ഇതിന് പിന്നിൽ ബോധപൂർവ്വമായ കള്ളകള്ളിയുണ്ടെന്നാണ് ആക്ഷേപം. പ്രതികരിക്കേണ്ടവർ മിണ്ടാതിരിക്കുമ്പോൾ ചൂഷണം കൂടുകയും ചെയ്യുന്നു. 2001 ലെ ഹൈക്കോടതി വിധിയിലൂടെ അധിക ബസ് കൂലിയിലൂടെയുള്ള അയ്യപ്പ ഭക്ത ചൂഷണം നിർത്തലാക്കിയിരുന്നു. എന്നാൽ ഇതെല്ലാം ഇത്തവണ അട്ടിമറിക്കപ്പെട്ടു. ഗതാഗത മന്ത്രിയെയും കെഎസ്ആർടിസി മാനേജിങ്ങ് ഡയറക്ടറെയും അറിയിക്കാതെ ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ് ഡയറക്ടറുടെ ചുമതലയുള്ള മാനേജർ ഷറഫ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഉന്നത തല ഗൂഢാലോചനയാണിതെന്നാണ് ആരോപണം.

ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ശബരിമലയിൽ നിന്ന് കെഎസ്ആർടിസസിക്ക് ലഭിച്ച് വരുമാനം 788 ലക്ഷം രൂപയാണ്. 15,38,354 കിലോമീറ്റർ ഓടിയപ്പോൾ കിട്ടിയതാണ് ഇത്. അതായത് ശരാശരി കിലോമീറ്റർ വരുമാനം 5122 പൈസ(51 രൂപ 22 പൈസ). കെഎസ്ആർടിസിയുടെ വോൾവോ ബസുകളുടെ പോലും കിലോമീറ്റർ വരുമാനം 3841 പൈസ(38.41രൂപ). 37, 703 കിലോമീറ്റർ ഓടുന്ന സൂപ്പർ എക്‌സ് പ്രസ് കിലോമീറ്റർ വരുമാനം 3003 പൈസ(30.03 പൈസ). 5504 കിലോമീറ്റർ പ്രതിദിനം സർവ്വീസ് നടത്തുന്ന വോൾവോയുടെ കിലോമീറ്റർ വരുമാനം വരെ 3841 പൈസ(38.41 രൂപ) മാത്രം. ഇവിടെയാണ് ശബരിമല 5122 പൈസ കിലോമീറ്റർ നേട്ടമുണ്ടാക്കുന്നത്.

ഈ സാഹചര്യത്തിലാണ് 51 യാത്രക്കാരെ കയറ്റാവുന്ന ബസുകളിൽ 150 യാത്രക്കാരെ വരെ കയറ്റി കെഎസ്ആർടിസി അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്നത്. യാത്രക്കാരുടെ ആവശ്യത്തിന് ബസുകൾ ഇല്ലാതെ സൂപ്പർ ഫാസ്റ്റ് ബസുകളിൽ അയ്യപ്പ ഭക്തരെ കുത്തി നിറക്കുകയാണ് കെഎസ്ആർടിസി. തിങ്ങി നിറഞ്ഞ പമ്പ സ്‌പെഷ്യൽ സർവ്വീസുകളിൽ അയ്യപ്പ ഭക്തരെ കൂടാതെ സാധാരണ യാത്രക്കാരെ കെഎസ്ആർടിസി കുത്തി നിറക്കുകയാണ്. 41 ദിവസത്തെ വൃതത്തിന് ശേഷം എത്തുന്ന അയ്യപ്പ ഭക്തർ യാത്ര ചെയ്യുന്ന പമ്പ സ്‌പെഷ്യൽ ബസുകളിൽ സ്ത്രീ യാത്രക്കാരെ വരെ കയറ്റുന്നു. തുടർന്ന് അയ്യപ്പ ഭക്തരെ സ്ത്രീകളുടെ സീറ്റുകളിൽ നിന്നും എണീപ്പിച്ചു വിടുന്നതും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. അയൽ സംസ്ഥാന അയ്യപ്പ ഭക്തർ കൂട്ടത്തോടെ കെഎസ്ആർടിസി ബസുകളെ ഒഴിവാക്കുന്നതിന്റെ കാരണവും വേറൊന്നല്ല. എന്നിട്ടും കൊള്ള ലാഭമാണ് ആനവണ്ടിക്ക്.

അയ്യപ്പ ഭക്തരിൽ നിന്നും കെഎസ്ആർടിസി കൂടിയ തുക കൂലിക്കായി ഈടാക്കുന്നത് വലിയ നിയമ പ്രശ്‌നങ്ങൾക്കും കോടതി കേസുകൾക്കും വഴി വച്ചിരിക്കുന്നു. കൂടിയ വരുമാനം ചൂണ്ടിക്കാട്ടി ശബരിമല സർവ്വീസുകളിലെ 30% അധിക ബസ് കൂലി പിൻവലിക്കണമെന്നാവശ്യപ്പെട്ട 2001 വരെ നിരവധി കേസുകളായിരുന്നു പാലായിലെ സെന്റർ ഫോർ കൺഡക്ടർ എജ്യുക്കേഷൻ ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. ഒരു ഘട്ടത്തിൽ ഈ കേസുകൾ ഫുൾ ബെഞ്ചിന്റെ തന്നെ പരിഗണനക്കെത്തി. യാതൊരു മാനദണ്ഢങ്ങളുമില്ലാതെ കെഎസ്ആർടിസി അയ്യപ്പ ഭക്തരിൽ നിന്നും കൂടുതൽ ബസ് കൂലി ഈടാക്കുന്നതായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് കണ്ടെത്തിയിരുന്നു. അയ്യപ്പ ഭക്തരിൽ നിന്നും ഈടാക്കുന്ന യാത്രക്കൂലി സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങേണ്ടതാണെന്നും വിധിച്ചിരുന്നു.

സാധാരണ ഗതിയിൽ യാത്രക്കൂലി നിശ്ചയിക്കാനുള്ള അധികാരം റീജിയണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റികൾക്കാണ്. കേരള മോട്ടോർ വാഹന ചട്ടങ്ങൾ 211 പ്രകാരം ഫെയർ സ്റ്റേജുകൾ തമ്മിലുള്ള ദൂരം അളന്നു നിശ്ചയിച്ചാണ് ബസ് ചാർജ് തീരുമാനിക്കുന്നത്. എന്നാൽ കെഎസ്ആർടിസി ബസുകൾക്ക് 211 ാം ചട്ടം ബാധകമല്ല. ഈ ഇളവിന്റെ മറവിൽ തോന്നിയ പോലെ നിരക്കുകൾ ഈടാക്കുകയാണ് കെഎസ്ആർടിസി. വിവിധ ഫെയർ സ്റ്റേജുകൾ തമ്മിലുള്ള ദൂരം പോലും ഗൂഗിൾ മാപ്പ് വഴിയാണ് കണക്കാക്കുന്നത്. 211 ാം ചട്ടം കെഎസ്ആർടിസിക്കും ബാധകമാക്കിയാലെ അധികം ബസ് കൂലിയിലെ തീവെട്ടി കൊള്ള അവസാനിക്കൂ.

17 കിലോമീറ്റർ യാത്ര ദൂരമുള്ള നിലക്കൽ പമ്പ റൂട്ടിലെ ഓർഡിനറി ബസ് കൂലി 29 രൂപയാണ്. 18 രൂപ യാത്ര ഈടാക്കുന്നിടത്താണ് കെഎസ്ആർടിസി 29 രൂപ വാങ്ങി 11 രൂപ ഓരോ യാത്രാക്കാരിൽ നിന്നും കൊള്ളയടിക്കുന്നത്. ആകെയുള്ള 17 കിലോമീറ്ററിൽ മിനിമം ചാർജായ 7 രൂപയ്ക്ക് 5 കിലോമീറ്റർ യാത്ര ചെയ്യാം. ബാക്കി 12 കിലോമീറ്ററിന് കിലോമീറ്റർ യാത്ര കൂലി നിരക്കായ 64 പൈസ വച്ച് 768 പൈസ മാത്രം. പക്ഷേ ഇതൊന്നുമല്ല പമ്പ-നിലയ്ക്കൽ റൂട്ടിലെ ബസ് നിരക്ക്. 17 കിലോമീറ്റർ ദൂരെയുള്ള നിലക്കൽ പമ്പ റൂട്ടിൽ ഫാസ്റ്റോ സൂപ്പർ ഫാസ്റ്റോ ലോക്‌ഫോർ ബസോ ഓടിക്കാൻ കെഎസ്ആർടിസിക്ക് അധികാരമില്ല. അതും ലംഘിക്കപ്പെടുന്നു. അങ്ങനെ വലിയ കൊള്ളയാണ് നടക്കുന്നത്. ഇത് ഹൈക്കോടതി വിധികൾക്ക് വിരുദ്ധമാണ്.

1995 മുതൽ 2500 വരെ സെന്റർ ഫോർ കൺക്ടർ എഡ്യുക്കേഷൻ ഫയൽ ചെയ്ത ശബരിമല അധിക കൂലി കേസിലൊക്കെ അന്നത്തെ വിശ്വ ഹിന്ദു പരിഷത്ത് നേതാവായിരുന്ന കുമ്മനം ശേഖരൻ സ്വന്തമായി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ ബിജെപി അടക്കമുള്ള എല്ലാ ഹൈന്ദവ അനുകൂല സംഘടനകൾക്കും ഇക്കാര്യങ്ങൾ അറിയാം. എന്നാൽ ദേവസം തുക ഖജനാവിലേക്ക് കൊണ്ടു പോകുന്നുവെന്ന് പറയുന്നവർ ഇതിനോട് മാത്രം പ്രതികരിക്കുന്നില്ല. അതിനുള്ള ഗൂഢാലോചനയും കെഎസ്ആർടിസിയെ ഉദ്യോഗ്സ്ഥ തലത്തിൽ നടക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി.ക്ക് ഇത്തവണ ശബരിമല സർവീസിൽ 15,38,354 കിലോമീറ്റർ ഓടിയപ്പോൾ കിട്ടിയത് 7.88 കോടി മാത്രമെന്നാണ് ഔദ്യോഗിക വിശദീകരണം.

ലാഭവുമില്ല നഷ്ടവുമില്ല എന്നതാണ് ഇതുവരെയുള്ള വരുമാനത്തിന്റെ കണക്കെടുക്കുമ്പോൾ കിട്ടുന്ന സൂചനയെന്ന് വരുത്തുകയാണ്. എങ്കിലും മകരവിളക്കിന് തീർത്ഥാടകരുടെ തിരക്കനുസരിച്ച് 1000 ബസ് ഓടിക്കും. 750 ബസ് പമ്പയിൽത്തന്നെ ഉണ്ടാകും. അടുത്തകൊല്ലംമുതൽ ചെന്നൈയിലേക്കും ബസ് അയയ്ക്കും. കഴിഞ്ഞവർഷം മണ്ഡലക്കാലത്ത് 3.74 കോടി രൂപയായിരുന്നു വരുമാനം. 7,29,288 കിലോമീറ്റർ ഓടിയപ്പോഴാണിത്. തമിഴ്‌നാട്ടിലെ മഴക്കെടുതിമൂലം തീർത്ഥാടകവരവ് കുറഞ്ഞിട്ടും ഏറെ വരുമാനം കിട്ടിയിരിക്കുന്നു. എന്നാൽ കിലോമീറ്റർ കണക്ക് പറായതെ കഴിഞ്ഞ വർഷത്തെ കണക്കുയർത്തി നഷ്ടമാക്കാനാണ് ശ്രമം. കഴിഞ്ഞ തവണത്തേക്കാൽ ഡീസൽ വില ഇത്തവണ കുറവാണെന്നത് കൂടി കണക്കാക്കുമ്പോൾ ലാഭം എത്രയെന്ന് വ്യക്തം.