ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് നാളെ നട തുറക്കാനിരിക്കേ ശബരിമലയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ഇലവുങ്കൽമുതൽ സന്നിധാനം വരെ പൊലീസ് അറിയാതെ ഈച്ച പോലും പ്രവേശിക്കില്ലെന്ന് ഉറപ്പാക്കുന്ന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തിയ പൊലീസ് നിലയ്ക്കലിന് രണ്ടു കിലോ മീറ്റർ മുമ്പ് മാധ്യമപ്രവർത്തകരെ തടഞ്ഞു. ഇവിടെ പൊലീസ് ബാരിക്കേഡും കാവലും ഏർപ്പെടുത്തി. ഇതാദ്യമായാണ് നിലയ്ക്കൽമുതൽ സന്നിധാനംവരെ മാധ്യമവിലക്ക് ഏർപ്പെടുത്തുന്നത്. അതിനിടെ വിലക്കുകൾ യുവതീപ്രവേശത്തിന് വേണ്ടിയാണെന്നും മാധ്യമപ്രവർത്തകരെയും മറ്റും വിലക്കിക്കൊണ്ടുള്ള പൊലീസ് നീക്കം യുവതീപ്രവേശം നടത്താനാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. ഇത്തരം ശ്രമങ്ങൾ വിജയിക്കില്ലെന്നും ഹിന്ദു ഐക്യവേദിയുടെ പ്രസിഡന്റ് കെപി ശശികല അറിയിച്ചു.

യുവതി പ്രവേശനത്തെ തടയാൻ സംഘപരിവാറുകാരും തയ്യാറെടുക്കുകയാണ്. ഇതിന് ബിജെപി നേതൃത്വവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് പൊലീസ് കടുത്ത നിലപാടുകൾ എടുത്തത്. ഈ സാഹചര്യത്തിലാണ് യുദ്ധസമാനമായ അന്തരീക്ഷം ശബരിമലയിൽ പൊലീസ് ഒരുക്കിയത്. അട്ടത്തോട് നിവാസികളെയും പമ്പയിൽ നിർമ്മാണ പ്രവർത്തിനുള്ളവരെയുംമാത്രമേ നിലയ്ക്കൽ കടന്നുപോകാൻ അനുവദിക്കുന്നുള്ളൂ. അവർ പോലും കടുത്ത പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കണമല, ഇലവുങ്കൽ, വടശേരിക്കര എന്നിവിടങ്ങളിലാണ് നിലയ്ക്കലിന് താഴെ കനത്ത പൊലീസ് കാവലുള്ളത്. വാഹനങ്ങൾ പരിശോധിച്ചാണ് പൊലീസ് കടത്തിവിടുന്നത്. ശബരിമല സന്നിധാനത്ത് അതിഥി മന്ദിരം, ഡോണർ ഹൗസ് എന്നിവ അനുവദിക്കുന്നത് തിരിച്ചറിയൽ കാർഡ് കണ്ട് വേണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ സന്നിധാനത്ത് തങ്ങുന്നത് ഒഴിവാക്കാനാണ് ഇത്.

യുവതികൾ ദർശനത്തിനെത്തിയാൽ വിവരങ്ങൾ ശേഖരിച്ച് അവർ യഥാർഥ വിശ്വാസികളാണെങ്കിൽ മാത്രം മല കയറാൻ സുരക്ഷയൊരുക്കിയാൽ മതിയെന്ന നിലപാട് പൊലീസ് ഇത്തവണയും തുടർന്നേക്കും. മല കയറുമ്പോൾ എതിർപ്പുയർന്നാൽ സാഹചര്യം വിശദീകരിച്ചു തിരിച്ചിറങ്ങുകയും ചെയ്യും. അതായത് സന്നിധാനത്ത് പൊലീസ് നടപടികൾ ഒഴിവാക്കും. എന്നാൽ സന്നിധാനത്ത് പ്രതിഷേധക്കാർ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. യുവതിയ എത്തിയാൽ നട അടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് സർക്കാരിന് വെല്ലുവിളിയാണ്. ഇത് കൂടി കണക്കിലെടുത്താകും യുവതീ പ്രവേശനത്തിൽ തീരുമാനം എടുക്കുക. ചിത്തിര ആട്ടത്തിരുനാളിനു ക്ഷേത്രനട നാളെ വൈകിട്ട് 5നാണ് നട തുറക്കുന്നച്. പൂജകൾ പൂർത്തിയാക്കി 6നു രാത്രി 10നു നട അടയ്ക്കും. ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാൽ വഴിപാടുകളായുണ്ടാകും. ഇപ്പോഴത്തെ മേൽശാന്തി എ.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരിയും ഇതോടെ ചുമതല ഒഴിയുകയാണ്.

യുവതി പ്രവേശനം തടയാൻ ശബരിമല കർമസമിതിയുടെ ഇത്തവണത്തെ നീക്കങ്ങളും കരുതലോടെയാണ്. ഭക്തരായിത്തന്നെ വ്രതമെടുത്ത് 5000 6000 പേരെ എത്തിക്കാനാണു തീരുമാനം. കഴിഞ്ഞ തവണ നിലയ്ക്കൽ സംഭവിച്ചതുപോലെ സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ മുതിർന്ന പ്രചാരകരെയാണ് ആർഎസ്എസ് ശബരിമലയ്ക്ക് നിയോഗിച്ചിട്ടുള്ളത്. എരുമേലിയിൽ നാളെ ഉച്ചകഴിഞ്ഞു 3 മുതൽ ചൊവ്വ രാത്രി 10 വരെ അഖണ്ഡ നാമ ശരണഘോഷം നടക്കും. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ 250 പൊലീസുകാർ ഇവിടെയുണ്ട്. അതിനിടെ തുലാമാസ പൂജയ്ക്കിടെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 3719 പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 546 കേസുകളിലായാണിത്. ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടെ ഒളിവിലുള്ള മുന്നൂറ്റിയൻപതിലേറെപ്പേർക്കായി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കാനുള്ള ഒരുക്കത്തിലാണു പൊലീസ്. ഇതും ശബരിമലയിലേക്ക് പ്രതിഷേധക്കാരെ കുറയ്ക്കാനുള്ള നീക്കമാണ്.

യുവതീപ്രവേശം തടയാൻ സംഘമായി എത്തുന്നവരെ ആവശ്യമെങ്കിൽ മുൻകരുതലായി കസ്റ്റഡിയിലെടുക്കാൻ പൊലീസ് തീരുമാനം ഉണ്ച്. പമ്പയിൽനിന്നു സന്നിധാനത്തേക്കു നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീർത്ഥാടകരെ കയറ്റുക. ദർശനം കഴിഞ്ഞു സ്വാമി അയ്യപ്പൻ റോഡിലൂടെ മാത്രം മലയിറങ്ങാം. 3 ദിവസത്തെ നിരോധനാജ്ഞ അർധരാത്രി പ്രാബല്യത്തിലായി. തുലാമാസപൂജയ്ക്കു നട തുറന്ന ദിവസങ്ങളിലെ സംഘർഷങ്ങളിൽ ഉൾപ്പെട്ട 450 പേരടക്കം 1500 പേരുടെ ചിത്രങ്ങൾ പൊലീസിന്റെ 'ഫേസ് ഡിറ്റക്ഷൻ' സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തി. പൊലീസ് തയാറാക്കിയ ആൽബത്തിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്ന 350ലേറെപ്പേരും ഇതിൽപ്പെടും. നിലയ്ക്കൽ, പമ്പ, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലായി പൊലീസിന്റെ നിരീക്ഷണ ക്യാമറകൾക്കൊപ്പം 12 ഫെയ്‌സ് ഡിറ്റക്ഷൻ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 1500 പേരിൽ ആരെങ്കിലും എത്തിയാൽ ഈ ക്യാമറകൾ മുഖം തിരിച്ചറിഞ്ഞു പൊലീസ് കൺട്രോൾ റൂമിൽ മുന്നറിയിപ്പു നൽകും. അത്തരക്കാരെ ഉടൻ കസ്റ്റഡിയിലെടുക്കും. മുഖം മറച്ചെത്തിയാൽ പ്രത്യേകം പരിശോധിക്കും.

നിലയ്ക്കൽ ഇടത്താവളത്തിലെത്തി സുരക്ഷാനടപടികൾ റിപ്പോർട്ട് ചെയ്യവേ മാധ്യമപ്രവർത്തകരോട് ഇവിടെനിന്ന് പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർ നിലയ്ക്കലിന് രണ്ടുകിലോമീറ്റർ അകലെയുള്ള വനത്തിൽ വരെയേ വരാവൂ എന്നും അറിയിച്ചു. ഈ പ്രദേശം മൊബൈൽ റേഞ്ചുപോലും കിട്ടുന്ന ഇടമല്ല. തിങ്കളാഴ്ച രാവിലെ എട്ടുമണിക്കുമാത്രമേ ഇവിടെനിന്ന് മുന്നോട്ടുപോകാൻ അനുവദിക്കൂ എന്നാണ് പൊലീസ് അറിയിച്ചത്. അതിനിടെ നിയന്ത്രണം സുരക്ഷയുടെ ഭാഗമാണെന്നും മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയത് സുരക്ഷാ വിന്യാസം പൂർണമാകാത്തതിനാലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊലീസ് വിവിധയിടങ്ങളിൽ ചുമതലയേൽക്കുന്നത് ഞായറാഴ്ച വൈകുന്നേരമേ പൂർത്തിയാകൂ. ഇതാണ് തിങ്കളാഴ്ച രാവിലെമാത്രം എല്ലാവരെയും കടത്തിവിടാനുള്ള തീരുമാനത്തിനുപിന്നിലെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു.

സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നവരിൽ 3 കമാൻഡോ സംഘങ്ങളും ഉണ്ട്. നിലയ്ക്കലും പമ്പയിലും സന്നിധാനത്തുമാണ് ഇവർക്കു ഡ്യൂട്ടി. 90 വനിതാ പൊലീസുകാരുമുണ്ടാകും. സുരക്ഷാ ഡ്യൂട്ടിയിലുള്ള 1850 പൊലീസുകാരിൽ പകുതിപ്പേരെയും നിലയ്ക്കൽ, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിലായി വിന്യസിച്ചു. പൊലീസ് വെള്ളിയാഴ്ച തന്നെ എല്ലാ കെട്ടിടങ്ങളിലും പരിശോധന നടത്തി. തീർത്ഥാടന ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു തങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിക്കുന്ന തീർത്ഥാടകരുടെ വിലാസം ശേഖരിക്കാനും നിർദ്ദേശമുണ്ട്. യുവതികളെ തടയാൻ വിവിധജില്ലകളിൽനിന്നു സംഘമായി ആളുകളെത്തുമെന്നു സംസ്ഥാന ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നടക്കം 20 അംഗ സംഘമെത്തി ലോഡ്ജിൽ തങ്ങുന്നതായും വിവരമുണ്ട്. തീർത്ഥാടകർ അല്ലാത്തവരെ നിലയ്ക്കലിലോ പമ്പയിലോ തങ്ങാൻ അനുവദിക്കില്ല. നിരോധനാജ്ഞയുള്ളതിനാൽ സമരങ്ങൾക്ക് അനുമതിയില്ല. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലേക്കു നാളെ മാത്രമേ വാഹനങ്ങൾ പ്രവേശിപ്പിക്കൂ. ഇതിനു മുകളിലായി പൊലീസിന്റെ താൽക്കാലിക ക്യാംപ് സജ്ജമായി.

ചിത്തിര ആട്ടത്തിരുനാളിന് മുന്നോടിയായി എരുമേലി കനത്ത സുരക്ഷയാണുള്ളത്. യുവതീപ്രവേശത്തിൽ പ്രതിഷേധിച്ചു ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ഇന്നു വലിയമ്പലം നടപ്പന്തലിൽ നാമ ജപപ്രാർത്ഥന നടത്തും. നാളെ നാലിനു ആരംഭിക്കുന്ന 29 മണിക്കൂർ അഖണ്ഡ നാമ ശരണ ഘോഷത്തിനു വിപുലമായ ഒരുക്കങ്ങളാണു നടക്കുന്നത്. അമ്മമാരായ വിശ്വാസികളായിരിക്കും അഖണ്ഡനാമ ശരണ ഘോഷത്തിൽ പങ്കെടുക്കുകയെന്നു ശബരിമല കർമ സമിതി ഭാരവാഹികൾ പറഞ്ഞു. നാളെ വൈകിട്ട് നാലു മുതൽ ചൊവ്വ രാവിലെ 10 വരെ അഖണ്ഡ നാമ ശരണ ഘോഷം. ഇതിനിടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എരുമേലിയിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ 250 പൊലീസുകാരെ വിന്യസിച്ചു. ഇന്നലെ രാവിലെ തന്നെ പൊലീസ് എരുമേലിയുടെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണം ആരംഭിച്ചു. ഇതിൽ 30 പേർ വനിതകളാണ്. വലിയമ്പലം, കൊച്ചമ്പലം, മസ്ജിദ്, പാർക്കിങ് മൈതാനങ്ങൾ, കെഎസ്ആർടിസി എന്നിവിടങ്ങളിൽ പൊലീസിനെ വിന്യസിക്കും.