- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെർച്യൂൽ ക്വൂവിലെ വിവാദത്തെ തുടർന്ന് ശബരിമലയിൽ 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന അറിയിപ്പ് പിൻവലിച്ച് പൊലീസ്; എല്ലാ ദിവസത്തേക്കുമുള്ള ബുക്കിങ് പൂർത്തിയായതു കൊണ്ട് ഇനി യുവതികൾക്ക് പ്രവേശനത്തിന് ബുക്ക് ചെയ്യാനും സാഹചര്യമില്ല; ഭക്തരെ പിണക്കാതെ നവോത്ഥാനക്കാർക്ക് വേണ്ടിയുള്ള നിലപാട് മാറ്റം; ശബരിമലയിൽ ചർച്ച തുടരുമ്പോൾ
പത്തനംതിട്ട : ശബരിമലയിൽ 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന പൊലീസിന്റെ അറിയിപ്പ് പിൻവലിച്ചു. ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് പോർട്ടലിലാണ് യുവതികൾക്ക് പ്രവേശനമില്ലെന്ന് അറിയിച്ചത്. ഇത് ഏറെ വിവാദമായി. സ്ത്രീ പ്രവേശന വിധി സുപ്രീംകോടതി വിലക്കിയിട്ടില്ല. ഇതിനിടെയിലും ഇത്തരമൊരു അറിയിപ്പ് എത്തിയത് വിവാദമായി. ഇതിനൊപ്പം ശബരിമലയിൽ തെരഞ്ഞെടുപ്പുകാലത്തെ സർക്കാരിന്റെ ഇരട്ടത്താപ്പായും ഈ അറിയിപ്പ് ചർച്ചയായി.
ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ പൊലീസ് അറിയിപ്പ് സൈറ്റിൽ നിന്നും പിൻവലിക്കുകയായിരുന്നു. യുവതികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന പൊലീസ് നിലപാട് പരസ്യമാക്കിയതോടെ സർക്കാരിന് വലിയ നാണക്കേടാണുണ്ടായത്. ഇതിനെ തുടർന്ന് പൊലീസിന്റെ നടപടിയെ സർക്കാരും ദേവസ്വംബോർഡും പരസ്യമായി തള്ളിപ്പറയുകയും ചെയ്തിരുന്നു. അതോടെ യുവതികൾക്ക് പ്രവേശനം പാടില്ലെന്ന വരി വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു.
ഇതോടെ യുവതികൾക്കും വിർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യാമെന്ന അവസ്ഥ വരുമെങ്കിലും അതിന് കഴിയില്ലെന്നതാണ് വസ്തു. കാരണം എല്ലാ ദിവസത്തേക്കുമുള്ള ബുക്കിങ് പൂർത്തിയായി കഴിഞ്ഞു. ഇനി തീർത്ഥാടകരുടെ എണ്ണം കൂട്ടിയാൽ മാത്രമേ കൂടുതൽ പേർക്ക് ബുക്കിങ് ചെയ്യാനാകൂ. ഫലത്തിൽ സ്ത്രീകൾക്ക് ബുക്കിംഗിനുള്ള അവസരം ഇല്ലാതാവുകയാണ് ചെയ്തത്. നാമമാത്ര തീർത്ഥാടകരെ മാത്രം അനുവദിക്കുന്നതു കൊണ്ടാണ് അതിവേഗത്തിൽ ബുക്കിങ് തീർന്നത്.
ദർശനവുമായി ബന്ധപ്പെട്ട മർഗ നിർദ്ദേശങ്ങളിൽ മൂന്നാമതായി നൽകിയ യുവതി പ്രവേശനത്തിനെതിരായ വരി നീക്കം ചെയ്ത് പകരം 61നും 65നും ഇടയിൽ പ്രായമുള്ള ഭക്തർ ആരോഗ്യ സർട്ടിഫിക്കറ്റ് കൊണ്ടുവരണം എന്നാക്കിമാറ്റിയിട്ടുണ്ട്. യുവതി പ്രവേശനത്തിന് അനുകൂലമായി ആദ്യഘട്ടത്തിൽ സ്വീകരിച്ച നിലപാടിൽ ജനങ്ങൾക്കിടയിൽ നിന്നും കനത്ത എതിർപ്പ് ഉണ്ടായിരുന്നു. ഇതോടെ സർക്കാർ നിലപാട് മാറ്റി. സ്ത്രീകളെ പ്രവേശിപ്പിക്കാതെയായി. ഇതിനിടെ കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിലുമായി.
ദർശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതലാണ് പുതിയ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങിയത്. ഇതിനായി വെബ്സൈറ്റിലെ മാർഗനിർദ്ദേശങ്ങളിൽ വരുത്തിയ മാറ്റത്തിലാണ് സ്ത്രീകളെ ഒഴിവാക്കിയത്. യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയിൽ 50 വയസിന് താഴെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് സർക്കാർ നേരിട്ടത്. അതിനുശേഷം നിലപാടിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായിരുന്നില്ല.
അതിനുശേഷം ഇതാദ്യമായാണ് 50 വയസിന് താഴെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനാനുമതിക്ക് അവസരമുണ്ടാകില്ലെന്ന് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കുന്നത്. ശബരിമല വിധിക്കെതിരായ റിവ്യൂ ഹർജികൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാരിന്റെ നിലപാട് മാറ്റം എന്നതും ചർച്ചകൾക്ക് വഴി വച്ചു. ഇതോടെ വീണ്ടും മാറ്റമെത്തി. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഈ മണ്ഡലകാലത്ത് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം നൽകുന്നത്.
65 വയസിനു മുകളിലുള്ളവർക്കും 10 വയസിന് താഴെയുള്ള കുട്ടികൾക്കും ദർശനം അനുവദിക്കില്ലെന്നു സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ ജനുവരി 19 വരെ 44000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യാൻ അവസരമുണ്ടായിരുന്നു. ഇത് അതിവേഗം തീരുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ