സന്നിധാനം: ഇന്നലെ രാത്ര് സന്നിധാനത്ത് നിരോനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ 82 പേർക്കും ജാമ്യം. അറസ്റ്റു ചെയ്ത ശേഷം മണിയാർ ക്യാമ്പിൽ എത്തിച്ചവർക്ക് സ്റ്റേഷൻ ജാമ്യം നൽകി പൊലീസ് വിട്ടയക്കുകയായിരുന്നു. നേരത്തെ അറസ്റ്റിലായവരിൽ ബിജെപി ജില്ലാ ട്രഷററും ഉൾപ്പെടുന്നു. നടയടയ്ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സന്നിധാനത്തെ അപ്രതീക്ഷിത പ്രതിഷേധം. കോടതി നടപടികളിലേക്ക് നീങ്ങാതെ തന്നെ സ്റ്റേഷൻ ജാമ്യം നൽകിയത് പൊലീസ് നിലപാട് മയപ്പെടുത്തുന്നു എന്നതിന്റെ സൂചയാണ്. വരും ദിവസങ്ങളിൽ നിരോധനാജ്ഞ പൂർണമായും പിൻവലിക്കാൻ പൊലീസ് ഒരുങ്ങുന്നുണ്ട്. ഇതിനിടെ ഇനിയും കർശന നടപടി വേണ്ടെന്നാണ് പൊലീസിന് ലഭിച്ച നിർദ്ദേശം.

പതിനെട്ടാം പടിക്ക് പരിസരത്തും വാവർ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളിൽ കടന്നും നാമം വിളിച്ച 82 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി പത്തരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പൊലീസിന്റെ കണ്ണുവെട്ടിച്ച് വാവർ നടയ്ക്ക് മുന്നിലെ ബാരിക്കേട് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതിലേറെ പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിന്മാറിയില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.

എന്നാൽ ഇരു സംഘങ്ങൾക്ക് ചുറ്റും പൊലീസ് നിലയുറപ്പിച്ചെങ്കിലും ശരണം വിളി തുടർന്നു. ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ കസ്റ്റഡിയിലെടുക്കുന്നതായി പൊലീസ് പ്രഖ്യാപിച്ചു. തുടർന്ന് എസ്‌പി ശിവ വിക്രത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ചു. അന്യായമായാണ് പൊലീസ് കുട്ടികളെയടക്കം കസ്റ്റഡിയിലെടുത്തതെന്നും നടയടച്ചശേഷം ശരണം വിളിച്ചിട്ടില്ലെന്നും കസ്റ്റഡിയിലായവർ പറഞ്ഞു.

ഒരു സംഘടനയുമായും ബന്ധമില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ ബിജെപി കോട്ടയം ജില്ലാ ട്രഷറർ കെജി കണ്ണൻ അടക്കം സംഘത്തിലുള്ളതായി വിവരം പുറത്തുവന്നു. സമരം തികച്ചും ആസൂത്രിതമെന്നും വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതികളായവരും ഇക്കൂട്ടത്തിലുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത 89 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. നിരോധനാജ്ഞ ലംഘിച്ചു, മാർഗ്ഗതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിട്ടുള്ളത്. പമ്പയിൽ നിന്ന് രണ്ടു ബസുകളിലായി മണിയാർ എ ആർ ക്യാംപിലേക്ക് മാറ്റിയ ശേഷമാണ് ഇവർക്ക് ജാമ്യം നൽകിയത്.

അതേസമയം സംഘത്തിലുണ്ടായിരുന്നവരിൽ ഭൂരിപക്ഷവും അയ്യപ്പഭക്തരായതു കൊണ്ടാണ് പൊലീസ് കർശന നടപടികളിലേക്ക് കടക്കാത്തതും. കുട്ടികൾ അടങ്ങുന്ന സംഘമായിരുന്നു നിരോധനാജ്ഞ ലംഘിച്ച് നാമജപം നടത്തിയത്.

ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതിന് തൊട്ടുമുമ്പാണ് നാമജപം അവസാനിച്ചത്. ഇതുകഴിഞ്ഞ ഉടൻ നിയമപ്രകാരം അവരെ അറസ്റ്റുചെയ്യുമെന്ന് ഡിവൈ.എസ്‌പി. അറിയിക്കുകയായിരുന്നു. നവംബർ 20ന് ഉണ്ടായ കൂട്ടഅറസ്റ്റിന് ശേഷം പിന്നീട് ഇന്നാണ് ശബരിമല സന്നിധാനത്ത് പൊലീസ് നടപടി. അന്ന് 69 പേർക്ക് എതിരേയായിരുന്നു നിയമ നടപടി. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അറസ്റ്റാണ് സന്നിധാനത്ത് ശനിയാഴ്ച രാത്രി ഉണ്ടായത്.

അതേസമയം ശബരിമലയിൽ അക്രമങ്ങൾ ഉണ്ടാക്കിയതിൽ ഒന്നാം സ്ഥാനം ബിജെപിക്കെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ആത്മീയതയെ ഉപയോഗിച്ചു സമരം നടത്താനാണു ചിലർ ശ്രമിച്ചത്. സർക്കാർ ജാഗ്രതയോടെ നേരിട്ടതിനാൽ ആ ശ്രമം വിലപ്പോയില്ല. രാഷ്ട്രീയപ്പാർട്ടികൾ ശബരിമലയെ ശവപ്പറമ്പാക്കി മാറ്റി. പ്രശ്‌നങ്ങൾ ഉണ്ടാക്കിയവർ അതു ശബരിമലയാണെന്ന് ഓർക്കണമായിരുന്നു. യുവതീപ്രവേശവിധി സർക്കാരിന് ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയാണ്. ശബരിമലയിൽ സ്ഥിതി ശാന്തമായതിൽ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇന്നലെ രാവിലെ ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ധർമ സേനാ നേതാവ് രാഹുൽ ഈശ്വറിനെ പൊലീസ് തിരിച്ചയച്ചു. കോടതി ഉത്തരവില്ലാതെ കടത്തിവിടാനാകില്ലെന്നു പൊലീസ് നിലപാട് എടുത്തു. നിലയ്ക്കൽ സ്റ്റേഷനിൽ എസ്‌പി വിനോദ് കുമാറുമായി ചർച്ച നടത്തിയെങ്കിലും കടത്തിവിടില്ലെന്ന് പൊലീസ് പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണിതെന്നു രാഹുൽ ഈശ്വർ പ്രതികരിച്ചു. ഹൈക്കോടതിയിലെ യുവതീപ്രവേശ ഹർജിയിൽ ഭക്തരുടെ വികാരം ഗൗനിക്കാതെ ദേവസ്വംബോർഡ് നിലപാട് എടുത്തേക്കില്ലെന്നു സൂചന.

സമാധാന അന്തരീക്ഷത്തിനു പ്രശ്മുണ്ടാകുന്ന നീക്കങ്ങൾ തൽക്കാലം വേണ്ടെന്നു സിപിഎം നേതൃത്വം ദേവസ്വം ബോർഡിനു നിർദ്ദേശം നൽകി. ഹൈക്കോടതിയിലെ ഹർജിയുടെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും ചർച്ച നടത്തി. സമാധാനപരമായ അന്തരീക്ഷത്തിൽ മണ്ഡലകാലം പുരോഗമിക്കെ ശബരിമല ദർശനത്തിനു സുരക്ഷ തേടി യുവതികൾ ഹൈക്കോടതിയെ സമീപിച്ചതു സർക്കാരിനെയും ദേവസ്വം ബോർഡിനെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു.