തിരുവനന്തപുരം: തുടക്കം മുതൽ സംഘർഷഭരിതായ അന്തരീക്ഷത്തിലായിരുന്ന ശബരിമലയിൽ ഇക്കുറി ഭക്തജനങ്ങളുടെ വരവ് കുറഞ്ഞതോടെ വരുമാനത്തിലു ഗണ്യമായ കുറവ്. കഴിഞ്ഞ വർഷം ആദ്യത്തെ 30 ദിവസം കൊണ്ട് നേടിയത് 124 കോടിയോളം രൂപയാണങ്കിൽ ഇക്കുറി അതിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 72.02 കോടി രൂപ മാത്രമാണ് സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലഭിച്ച വരുമാനം. മകരവിളക്കിന് കൂടുതൽ ആളുകൾ എത്തിയാൽ ഇപ്പോഴത്തെ വരുമാനത്തിലുണ്ടായ ഇടിവ് നികത്താമെന്നാണ് പ്രതീക്ഷയെങ്കിലും എത്രകണ്ട് അതിന് സാധിക്കുമെന്ന സംശയം ബോർഡിനുണ്ട്. ഇന്ന് രാത്രി നിരോധനാജ്ഞ അവസാനിക്കുന്നതോടെ ഭക്തർ കൂട്ടത്തോടെ സന്നിധാനത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. പൊലീസ് അയഞ്ഞതോടെ ഭക്തരുടെ വരവും കൂടിയിട്ടുണ്ട്.

മകരവിളക്കോടു കൂടി വരവിലെ വ്യത്യാസം മറികടക്കാനാകുമെന്നാണു പ്രതീക്ഷയെന്നാണ് ബോർഡ് പ്രസിഡന്റ് പത്മകുമാർ പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്ന കാര്യം. സമരംകൊണ്ടും തെറ്റായ പ്രചാരണങ്ങൾ മൂലവുമാണു വരവു കുറഞ്ഞത്. ചാനലുകളിലെ വൈകുന്നേരങ്ങളിലെ ചർച്ചകൾ ശബരിമലയെപ്പറ്റി മോശം പ്രതിച്ഛായ സൃഷ്ടിച്ചു. ഈ വർഷം സംസ്ഥാന സർക്കാർ 268 കോടി രൂപയാണു ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. ദേവസ്വം ബോർഡിനു കീഴിൽ ശബരിമല ഉൾപ്പെടെയുള്ള ഒരു ക്ഷേത്രത്തിലെയും വരുമാനം സംസ്ഥാന ഖജനാവിലേക്കു പോകുന്നില്ല. ഇത്തരത്തിൽ വ്യാജമായ പ്രചാരണം നടത്തുന്നതു ക്ഷേത്രങ്ങളെ തകർക്കുകയെന്ന ലക്ഷ്യം വച്ചുള്ളതാണ്.

ശബരിമലയിൽ കാണിക്ക ഇടരുതെന്നു ചിലർ ആഹ്വാനം ചെയ്‌തെങ്കിലും ഭക്തർ അതു തള്ളി. കാണിക്ക ഇനത്തിൽ ഈ മണ്ഡലകാലത്ത് ഇതുവരെ 28.13 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഗുരുവായൂർ, ഏറ്റുമാനൂർ തുടങ്ങി സംസ്ഥാനത്തെ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. സാമ്പത്തിക സഹായം നൽകരുതെന്ന പരസ്യമായ ആഹ്വാനത്തിലൂടെ ശബരിമലയെ മാത്രമല്ല കേരളത്തിലെമ്പാടുമുള്ള ക്ഷേത്രങ്ങളെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണുള്ളത്. ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ധനലക്ഷ്മി ബാങ്കിന്റെ ശാഖകളിലാണു നിക്ഷേപിക്കുന്നത്.

ക്ഷേത്രങ്ങളിലെ നിത്യനിദാന ചെലവ്, നിർമ്മാണ വികസന പ്രവർത്തനങ്ങൾ, ശമ്പളം, െപൻഷൻ, തുടങ്ങിയ ആവശ്യങ്ങൾക്കായി ചെലവഴിച്ചശേഷം മിച്ചം വരുന്ന പണം ദേവസ്വം കമ്മിഷണറുടെ പേരിൽ മറ്റു ചില ബാങ്കുകളിൽ കൂടി സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ട്. നിലവിൽ 233.39 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണു ദേവസ്വം ബോർഡിനുള്ളത്. ജീവനക്കാരുടെ പെൻഷൻ മുടക്കം കൂടാതെ നൽകുകയെന്ന ഉദ്ദേശ്യത്തോടെ 970 കോടി രൂപയുടെ സ്ഥിരനിക്ഷേപവും നിലവിലുണ്ട്. 201718 വർഷത്തെ വരവ് 356.60 കോടി രൂപയായിരുന്നു. സന്നിധാനത്തു നിന്നും പഴകിയ അരവണ ലഭിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തും. ഇക്കാര്യത്തിൽ വ്യാജപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിക്കു ശുപാർശ ചെയ്യുമെന്നും പത്മകുമാർ അറിയിച്ചു.

അതിനിടെ മണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്കിനാണു സന്നിധാനം തിങ്കളാഴ്ച സാക്ഷ്യംവഹിച്ചത്. രാത്രി 12 മുതൽ വൈകിട്ട് 7.30 വരെയുള്ള കണക്കനുസരിച്ച് 83,648 പേർ മലകയറി ദർശനം നടത്തി. ഒരുലക്ഷം തികച്ചില്ലെങ്കിലും ഇത് വരും ദിവസങ്ങളിൽ ഭക്തർ കൂട്ടത്തോടെ എത്തുമെന്നതിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെടുന്നു. തിരക്കു പരിഗണിച്ച് വലിയനടപ്പന്തലിൽ വെർച്വൽക്യു പാസുകാർക്ക് പ്രത്യേക ക്യു ഏർപ്പെടുത്തി. ഒപ്പം വടക്കേനടയിലുടെ ദർശനത്തിനു പൊലീസ് പുതിയ പരിഷ്‌ക്കാരവും കൊണ്ടുവന്നു.

പകലാണ് അയ്യപ്പന്മാരുടെ പ്രവാഹം തുടങ്ങിയത്. രാവിലെ 8 മുതൽ വൈകിട്ട് 7 വരെ മാത്രമുള്ള കണക്ക് അനുസരിച്ച് 47,799 പേരാണ് എത്തിയത്. തിരക്ക് കുറവായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വെർച്വൽ ക്യു പാസ് ഉള്ളവരെയും അല്ലാത്തവരെയും ഒരുപോലെ ഒറ്റ ക്യുവിലൂടെയാണ് കടത്തിവിട്ടത്. തിരക്കു കൂടിയപ്പോൾ വെർച്വൽ ക്യുവിലുള്ളവരെ പ്രത്യേകമായി തിരിച്ചുവിടാൻ കഴിഞ്ഞത് ഒരുവിഭാഗത്തിനെങ്കിലും ആശ്വാസമായി.

കഴിഞ്ഞ ദിവസങ്ങൾ ഉച്ചപൂജ കഴിഞ്ഞു നടഅടച്ചാൽ അപ്പോൾ തന്നെ പതിനെട്ടാംപടി കയറുന്നതു നിർത്തിവയ്ക്കുമായിരുന്നു. തിരക്കു കൂടിയതോടെ ഉച്ചപൂജ കഴിഞ്ഞു നടഅടച്ച ശേഷം 2 വരെ തീർത്ഥാടകരെ പടികയറാൻ അനുവദിച്ചു. നട തുറക്കുമ്പോൾ തന്നെ ദർശനത്തിന് ഇവരെ നേരത്തെതന്നെ വടക്കേനടയിലെ ക്യുവിലും കയറ്റി ഇരുത്തി. അതിനാൽ നടതുറക്കുമ്പോൾ വടക്കേനടയിലൂടെ ദർശനത്തിനു പോകാൻ മാളികപ്പുറം നടപ്പന്തലിലെ പ്രവേശന കവാടത്തിൽ തിക്കും തിരക്കും കൂട്ടുന്നത് ഒഴിവാക്കാൻ കഴിഞ്ഞു.

ഈസമയത്തു വടക്കേനടയിൽ ക്യു നിൽക്കാനുള്ള നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർത്ഥാടകരായിരുന്നു. നെയ്യഭിഷേകത്തിനു വടക്കേനടയിൽ ഇരുന്നു തയ്യാറെടുക്കാനുള്ള സമയവും നീട്ടി. പുലർച്ചേ 3 മുതൽ 11.30 വരെയായിയിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്. അത് 12 വരെയാക്കി നീട്ടാനും പൊലീസ് തയാറായി.