ശബരിമല: സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കിയതായി അറിയിപ്പ്. തീരുമാനം ദേവസ്വം ബോർഡ് ഉച്ചഭാഷിണിയിലൂടെ തീർത്ഥാടകരെ അറിയിച്ചു. വലിയനടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വിരിവെയ്ക്കാം എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ മരാമത്ത് ഓഫീസിന്റെ താഴെഭാഗത്ത്, ബാരിക്കേഡു വച്ച് തിരിച്ചിരിക്കുന്നിടത്ത് വിരിവെക്കുന്നതിന് തടസ്സമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി.ശരണം വിളിക്കുന്നതിനും നാമജപം നടത്തുന്നതിനും കൂട്ടം ചേരുന്നതിന് വിലക്കില്ല. ജില്ലാ കളക്ടർ നേരിട്ടെത്തിയാണ് നിർദ്ദേശങ്ങൾ നൽകിയത്.സന്നിധാനത്തെ നിയന്ത്രണങ്ങളിലുള്ള ഹൈക്കോടതി നിർദ്ദേശമാണ് ഇപ്പോൾ വിളിച്ചുപറയുന്നത്. അതേസമയം വാവരുനടയിലേതടക്കമുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും നിയമവിരുദ്ധമായി സംഘം ചേരുന്നതിലുള്ള വിലക്ക് തുടരുമെന്നും പൊലീസ് അറിയിച്ചു.

ശബരിമലയിലെ ഈ സീസണിലെ ഇതുവരെയുള്ള വരുമാനത്തിൽ 25 കോടിയുടെ കുറവുണ്ടെന്ന് ദേവസ്വം ബോർഡ്. കാണിക്ക വരുമാനം മാത്രം ആറ് കോടി 85 ലക്ഷം രൂപയുടെ കുറവുണ്ടായെന്നും അരവണ നിർമ്മാണത്തിൽ 11 കോടി 99 ലക്ഷം രൂപയുടെ കുറവുണ്ടായെന്നും, ദേവസ്വം ബോർഡ് പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇതാണ് നിയന്ത്രണങ്ങൾ ഒരു പരിധിവരെ പിൻവലിക്കുന്നതിന് കാരണമായത്. കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ 11 ദിവസം 41 കോടിയായിരുന്നു വരുമാനം. ഇത്തവണ അതേ സ്ഥാനത്ത് 16 കോടി രൂപമാത്രമാണ് വരുമാനമായി ലഭിച്ചത്. അപ്പം വിൽപ്പന കഴിഞ്ഞകൊല്ലം മൂന്ന് കോടി രൂപയായിരുന്നു എന്നാൽ ഇപ്പോൾ അത് അറുപത് ലക്ഷമാണെന്നും കണക്കുകൾ പറയുന്നു.

മുറിവാടക ഇനത്തിലും കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പകുതിയോളമാണ് വരുമാനത്തിൽ കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഒരു കോടി രൂപ ലഭിച്ചപ്പോൾ ഈ വർഷം അത് 56 ലക്ഷം മാത്രമാണ്.ആദ്യ പതിനൊന്ന് ദിനവസത്തെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശബരിമല തീർത്ഥാടനം സുരക്ഷിതമാണെന്ന് അയൽ സംസ്ഥാനങ്ങളിൽ പത്രമാധ്യമങ്ങൾ വഴി പിആർഡി പ്രചാരണം നടത്തുന്നുണ്ട്. ഇത് ഫലം കാണുമെന്നും ഭക്തർ എത്തുമെന്നും വരുമാനം വർദ്ധിക്കുമെന്നും തന്നെയാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.

തീർത്ഥാടനം തുടങ്ങി 11 ദിവസത്തെ വരുമാനത്തിൽ 25.46 കോടി രൂപയുടെ കുറവ്. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന അരവണ വിൽപനയിൽ 11.99 കോടിയുടെ കുറവുണ്ട്. കാണിക്ക ഇനത്തിൽ 6.85 കോടിയുടെയും അപ്പം വിറ്റുവരവിൽ 2.45 കോടിയുടെയും മുറിവാടകയിൽ 50.62 ലക്ഷത്തിന്റെയും കുറവാണുള്ളത്. ബുക്ക്സ്റ്റാളിലെ വിൽപ്പനയിൽ മാത്രം ഇത്തവണ 4.37 ലക്ഷത്തിന്റെ വർധന ഉണ്ട്.