തിരുവനന്തപുരം: ശബരിമല ദർശനത്തിന് കുട്ടികൾക്ക് ആർ ടി പി സി ആർ ടെസ്റ്റിന്റെ നെഗറ്റീവ് റിസൾട്ട് ആവശ്യമില്ലെന്ന് സർക്കാർ ഉത്തരവ്. ഇന്ന് പുറപ്പെടുവിച്ച പുതുക്കിയ തീർത്ഥാടന മാനദണ്ഡത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആർ ടി പി സി ആർ ടെസ്റ്റ് ഇല്ലാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ ശബരിമല ദർശനത്തിന് കൊണ്ടുപോകാം. കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും ഉറപ്പാക്കേണ്ടത് രക്ഷകർത്താക്കളുടെ ചുമതലയാണ്.

മറ്റ് തീർത്ഥാടകർക്ക് ആർ ടി പി സി ആർ സർട്ടിഫിക്കറ്റും രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റും നിർബന്ധമാണ്. ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് 72 മണിക്കൂറിനുള്ളിൽ എടുത്തത് ആയിരിക്കണം. നിലയ്ക്കലിൽ ആർ ടി പി സി ആർ ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളായ പനി, ചുമ, ശ്വാസതടസം എന്നിവ ഉള്ളവർ തീർത്ഥാടനം ഒഴിവാക്കണമെന്നും തീർത്ഥാടന മാനദണ്ഡങ്ങളിൽ പറയുന്നു.മൂന്ന് മാസത്തിന് മുമ്പ് കോവിഡ് വന്ന് മാറിയവരും തീർത്ഥാടനം പരമാവധി ഒഴിവാക്കണമെന്ന് മാനദണ്ഡങ്ങളിൽ പറയുന്നു.

ഇത്തരക്കാർക്ക് ഗുരുതരമായ ശ്വാസകോശ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് തീർത്ഥാടനം ഒഴിവാക്കാൻ ആവശ്യപ്പെടുന്നത്. അഥവാ ഇത്തരക്കാർക്ക് തീർത്ഥാടനത്തിന് പോകണമെന്നുണ്ടെങ്കിൽ ശാരീരിക ക്ഷമത ഉറപ്പ് വരുത്താൻ ആവശ്യമായ പൾമണോളജി കാർഡിയോളജി പരിശോധനകൾ നടത്തുന്നത് അഭികാമ്യമാണെന്നും നിർദ്ദേശമുണ്ട്.മല കയറുന്നതിനിടയിൽ ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്. ഇതിനു വേണ്ടി പമ്പ മുതൽ സന്നിധാനം വരെ അടിയന്തര മെഡിക്കൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.