പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാർക്ക് ഇതെന്തു പറ്റി? കാനനവാസന്റെ സന്നിധിയിൽ കാര്യങ്ങളെല്ലാം കീഴ്്‌മേൽ മറിയുകയാണ്. ഉറക്കുപാട്ടിന് പാതിവഴിയിൽ അന്ത്യം, ഉണർത്തു പാട്ടിന് പകരം സുപ്രഭാതകീർത്തനവും ഭക്തിഗാനവും.

കഥയറിയാതെ കണ്ണും മിഴിച്ചു നിന്ന് തലയിൽ കൈവച്ച് ശരണം വിളിച്ചു പോവുകയാണ് ഭക്തർ. കഴിഞ്ഞദിവസം വൈകിട്ട് ശ്രീകോവിൽ നടതുറക്കുമ്പോൾ ഇടേണ്ട ഭക്തിഗാനം സമയം തെറ്റിച്ച് കേൾപ്പിച്ചതും ഗാനം മാറിയതും ഭക്തരെ ആശങ്കപ്പെടുത്തി. ഉച്ചഃപൂജയ്ക്കു അടച്ചതിനു ശേഷം വൈകിട്ട് നാലിനു നട തുറക്കുമ്പോൾ ജയവിജയന്മാർ ആലപിച്ച, 'ശ്രീകോവിൽ നട തുറന്നൂ..' എന്ന ഗാനമാണ് പതിവായി മൈക്കിലൂടെ കേൾപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് കേൾപ്പിക്കേണ്ട ഗാനം 3.50 ന് തന്നെ ഇട്ടു. ഇട്ടതാകട്ടെ മറ്റൊരു ഗാനം, മാത്രമല്ല അത് മറ്റൊരു ഭക്തിഗാനവും. ഈ സമയം നട തുറക്കുന്നതിനായി ശബരിമല, മാളികപ്പുറം മേൽശാന്തിമാർ അവരുടെ മുറികളിൽ നിന്ന് ഇറങ്ങിയിട്ടു പോലുമില്ലായിരുന്നു. അബദ്ധം മനസിലാക്കി ഗാനം ഓഫ് ചെയ്തു. പിന്നീട് കൃത്യം നാലിന് വീണ്ടും ഗാനമിട്ടു. ഇക്കുറിയും ഗാനം മാറിപ്പോയി. പിന്നെയും തിരുത്തി 4.04 ന് ശ്രീകോവിൽ നട തുറന്നൂ... എന്ന ഗാനം ഇട്ടെങ്കിലും ഇടയ്ക്ക് മുറിഞ്ഞു. പിന്നെയും ഗാനം കേൾപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടർന്ന് തീർത്ഥാടകർക്കുള്ള വിവിധ ഭാഷകളിലുള്ള അറിയിപ്പുകളിലേക്ക് തിരിയുകയായിരുന്നു.

പൊലീസിന്റെ തെറ്റായ നിർദ്ദേശം മൂലമാണ് ഇത്തരത്തിൽ സംഭവിച്ചതെന്നായിരുന്നു ദേവസ്വം ഇൻഫർമേഷൻ സെന്ററിൽ നിന്ന് ലഭിച്ച മറുപടി. കഴിഞ്ഞ ദിവസം പുലർച്ചെ സമയം തെറ്റിച്ച് 3.50 ന് അയ്യപ്പസുപ്രഭാതം റെക്കോർഡിട്ടിരുന്നു. മൂന്നിന് നട തുറക്കുമ്പോൾ ഇടേണ്ട ഗാനമാണ് നട തുറന്ന് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കേൾപ്പിച്ചത്. മണ്ഡലപൂജയ്ക്ക് നട അടച്ചതിന് മൂന്നു ദിവസം മുമ്പ് ഉറക്കുപാട്ടും പാതിവഴിയിൽ നിലച്ചു. മേൽശാന്തിമാർ ശ്രീകോവിലിനുള്ളിൽ ഇരുന്ന് ഹരിവരാസനം പാടുമ്പോൾ തന്നെയാണ് പുറത്തേക്ക് യേശുദാസ് പാടിയ ഹരിവരാസനം കേൾപ്പിക്കുന്നത്.

അന്നാകട്ടെ മേൽശാന്തിമാർ പൂജകൾ പൂർത്തിയാക്കി ഹരിവരാസനം ആലപിക്കുന്നതിന് മുമ്പു തന്നെ റിക്കാർഡ് ഇടുകയായിരുന്നു. ഉറക്കുപാട്ട് പാതി വഴിയിൽ എത്തിയപ്പോഴാണ് മേൽശാന്തിമാർ അത് പാടാൻ തുടങ്ങിയിരുന്നില്ല എന്നു മനസിലായത്. തുടർന്ന് റിക്കോർഡ് നിർത്തുകയും മേൽശാന്തിമാർ ആദ്യം മുതൽ ഉറക്കുപാട്ടു പാടി നടയടയ്ക്കുകയുമായിരുന്നു.