മാവേലിക്കര: നമ്പിനാർ കെടുവതില്ലൈ. അതായിരുന്നു ആ തമിഴ് സിനിമയുടെ പേര്. നടിമാരെ അടക്കം കയറ്റി പതിനെട്ടാം പടിയും സന്നിധാനവുമൊക്കെയായി നടത്തിയ ഷൂട്ടിങ്. അന്നത്തെ സൂപ്പർ താരങ്ങളായ പ്രഭു, മനോരമ, സുധാ ചന്ദ്രൻ, ജയമാല എന്ന ജയശ്രീ എന്നിവരെ അണിനിരത്തി കെ ശങ്കർ ഒരുക്കിയ ചിത്രം. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ ഈ ചിത്രം വീണ്ടും പരാമർശ വിധേയമാവുകയാണ്.

യൗവനയുക്തകളെ സന്നിധാനത്ത് കയറ്റിയതിനും സിനിമ ഷൂട്ട് ചെയ്തതിനും ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും ദേവസ്വം ബോർഡ് ഭാരവാഹികളെയും റാന്നി കോടതി തടവിനും പിഴയൊടുക്കാനും ശിക്ഷിച്ചു. അതിന് കാരണക്കാരനായത് നൂറനാട് ചാരുംമൂട് പറയംകുളം പൂക്കോയിക്കൽ വീട്ടിൽ വി രാജേന്ദ്രനാണ്. ഒരു പറ്റം തമിഴ് യുവാക്കളുടെ നിർദേശ പ്രകാരം കേസിന് ഇറങ്ങിത്തിരിച്ച രാജേന്ദ്രന് ഒരിടത്തു നിന്നും സഹായം ലഭിച്ചില്ല. എന്നിട്ടും അയാൾ ഒറ്റയ്ക്ക് പൊരുതി. ശബരിമലയിൽ നടത്തിയ പേക്കൂത്തുകൾക്ക് പ്രതികൾ ശിക്ഷിക്കപ്പെട്ടു.

രാജേന്ദ്രൻ ഓർക്കുന്നു ആ കാലം...

ബിരുദ പഠനം കഴിഞ്ഞുള്ള പതിവ് സാമ്പത്തിക ഞെരുക്കം. ഒരാശ്വസം തേടി കുലത്തൊഴിലായ സ്വർണപ്പണി ചെയ്തു വരികയായിരുന്നു രാജേന്ദ്രൻ അന്ന്. ആർഎസ്എസുകാരനും എബിവിപി പ്രവർത്തകനുമായിരുന്നു. ഒരു ദിവസം രാജേന്ദ്രൻ ജോലി ചെയ്തിരുന്ന യൂണിറ്റിലേക്ക് രണ്ടു തമിഴന്മാർ വന്നു. തമിഴ് മാസികയായ ആനന്ദ വികടന്റെ സഹോദര പ്രസിദ്ധീകരണമായ ജൂനിയർ വികടന്റെ ഒരു കോപ്പി രാജേന്ദ്രന് നൽകിക്കൊണ്ട് അവർ പറഞ്ഞു. ശബരിമല സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നടന്നതിന്റെ ഫോട്ടോ ഇതിലുണ്ട്. എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ഞാനൊന്ന് പഠിച്ചു നോക്കട്ടെ എന്നു പറഞ്ഞ് രാജേന്ദ്രൻ അവരെ വിട്ടു.

അവർ വീണ്ടും വന്നു. നമ്പിനാർ കെടുവതില്ലൈയുടെ ഷൂട്ടിങ് സെറ്റ് റിപ്പോർട്ടും ഫോട്ടോകളുമുള്ള ബൊമ്മൈ എന്ന സിനിമാ മാസികയുമായി. രാജേന്ദ്രൻ ഇതുമായി പല വാതിലുകളിലും മുട്ടിനോക്കി. ഒരു രക്ഷയും കണ്ടില്ല. ആഴ്ചകൾക്ക് ശേഷം തിരിച്ചുവന്ന തമിഴർ രോഷാകുലരായി. സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ കഴിയാത്ത നീയൊക്കെ എവിടുത്തെ ഹിന്ദുവാടാ എന്ന ചോദ്യത്തിന് മുന്നിൽ അയാൾ മുഖം കുനിച്ചു നിന്നു. ചിത്രത്തിലെ നായിക സുധാചന്ദ്രൻ ജൂനിയർ വികടനിൽ ഒരു ഇന്റർവ്യൂ നൽകിയിട്ടുണ്ടായിരുന്നു. അതിലെ ഒരു വാചകം രാജേന്ദ്രനെ വല്ലാതെ ഉലച്ചു.

ക്ഷേത്രഭരണകൂടം എല്ലാം അനുവദിച്ചു. ഇഷ്ടപ്പെടുന്ന വസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ചില്ല. സ്വിമ്മിങ് സ്യൂട്ടിൽ ഒരു നീന്തൽ നായിക ആഗ്രഹിച്ചിരുന്നു. അത് അവർ അനുവദിച്ചില്ലത്രേ. സുധാചന്ദ്രനോടൊപ്പം ജയശ്രീ, വടുവിക്കരശി, മനോരമ, അനു, പ്രഭു, എംഎൻ നമ്പ്യാർ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. സംവിധായകൻ കെശങ്കറും. ജയശ്രീയുടെ നൃത്തം, സുധാചന്ദ്രന്റെ വിവാഹം എന്നീ സീനുകളാണ് സന്നിധാനത്തും പതിനെട്ടാം പടിയിലുമൊക്കെയായി ചിത്രീകരിച്ചിരുന്നത്. അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഭാസ്‌കരൻ നായരെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. തനിക്ക് ഒന്നും അറിയില്ല ദേവസ്വം കമ്മിഷണറോട് ചോദിക്കൂ എന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു. മറുചോദ്യം ചോദിച്ചതിൽ അരിശംമൂത്ത് അദ്ദേഹം അലറി: താൻ കൊണ്ടുപോയി കേസ് കൊടുക്കെടോ.

അതാണ് പിന്നീട് നടന്നത്. കായംകുളം ബാറിലെ അഡ്വഎകെപ്രശാന്ത്, അഡ്വ എൻ കുമാരൻ പോറ്റി എന്നിവരെ സമീപിച്ച രാജേന്ദ്രന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. സിആർപി.സി 295-ാം വകുപ്പ് പ്രകാരം സംഗതി കുറ്റകരമാണെന്നും ശിക്ഷാർഹമാണെന്നും പ്രഥമദൃഷ്ട്യാ കുറ്റം നടന്നതായി കാണുന്നുണ്ടെന്നും അവർ പറഞ്ഞു. നടീനടന്മാർക്കും സംവിധായകനുമൊപ്പം ശബരിമല ക്ഷേത്രഭരണ സമിതിയുടെചുമതലയുള്ള തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ ഭാസ്‌കരൻ നായർ, ദേവസ്വം കമ്മിഷണർ വിശ്വനാഥവാര്യർ, മെമ്പർമാർ സരസ്വതി കുഞ്ഞികൃഷ്ണൻ, എസ്എസ് ഹരിഹര അയ്യർ എന്നിവരെ കക്ഷി ചേർത്ത് റാന്നി കോടതിയിൽ രാജേന്ദ്രൻ സ്വകാര്യ അന്യായം ഫയൽ ചെയ്തു. എല്ലാ വിവരങ്ങളും രേഖകളും കൃത്യമായി ഫയൽ ചെയ്ത ഹർജിയിന്മേൽ വന്ന സമൻസ് അനുസരിച്ച് ഒരു മെയ്‌ അഞ്ചിന് റാന്നി കോടതിയിൽ ഹാജരായി മൊഴി നൽകി.

പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തിയ കോടതി പ്രതിഭാഗം കക്ഷികൾക്ക് നോട്ടീസയച്ചു. വാദിഭാഗത്തിന് സ്വന്തമായി വക്കീലോ ഹാജരാകാൻ സാക്ഷികളോ ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ അന്നത്തെ അതിപ്രശസ്തരായ ക്രിമിനൽ വക്കീലന്മാരായിരുന്ന എംവിജി നമ്പൂതിരി, എഡി ശശികുമാർ, അമ്മാഞ്ചി രാമചന്ദ്രക്കുറുപ്പ് എന്നിവരായിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്. വാദിഭാഗത്തിന് സാക്ഷികളില്ലാതെ കേസ് തള്ളിപ്പോകുമെന്നെ അവസ്ഥയായി. തെളിവുകളും വേണ്ടത്രയില്ല.

ഒരു നല്ല വക്കീൽ തുടക്കം മുതലെ ഇല്ല. സാക്ഷികൾ എത്തി. ഡി അശ്വനീദേവ്, വി എൻ പ്രഭാകരപിള്ള പിന്നെ പ്രശസ്തനായ പത്രപ്രവർത്തകൻ എസ് ബാലസുബ്രഹ്മണ്യം, ആനന്ദവികടൻ ഗ്രൂപ്പിന്റെ പ്രിന്റർ ആൻഡ് പബ്ലിഷർ. ആ കക്ഷി യഥാർത്ഥത്തിൽ അവിടെ ധർമ്മ ശാസ്താവിന്റെ പ്രതിപുരുഷനായി. തന്റെ പ്രസ് ഫോട്ടോഗ്രാഫർ മെല്ലൈ സോമസുന്ദരത്തിന്റെ ഫോട്ടോകൾ യാഥാർഥ്യമാണെന്നും അത് വിമർശിക്കുന്നവനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹം കോടതിയിൽ തുറന്നടിച്ചു. ഫിലിം ഷൂട്ടിങ് സെറ്റിന്റെയും ഒപ്പം നൈഷ്ഠിക ബ്രഹ്മചാരിയുടെ ശ്രീകോവിലിന് മുമ്പിൽ പുറംതിരിഞ്ഞു നിന്ന് ജയശ്രീ ഡാൻസ് ചെയ്യുന്ന സീനും വിവാഹരംഗവും ഒക്കെ ഫോട്ടോകളായി കോടതിയിൽ സമർപ്പിക്കപ്പെട്ടു. അങ്ങിനെ സന്നിധാനത്തല്ല; സെറ്റുണ്ടാക്കി പുറത്താണ് ഷൂട്ടിങ് നടത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം അവിടെ പൊളിഞ്ഞു. താമസിയാതെ കേസ് വിധിയായി. സംവിധായകനേയും മനോരമയേയും മാത്രം ഒഴിവാക്കികൊണ്ട് 1990 ഓഗസ്റ്റ് 13 ന് വിധി വന്നു. മനോരമ ആദ്യം തന്നെ മാപ്പുസാക്ഷിയായി മാറിയിരുന്നു. ബാക്കി എല്ലാവർക്കും മൂന്നുമാസം തടവും ആയിരം രൂപ പിഴയും കോടതി വിധിച്ചു. വാദിക്ക് ആയിരം രൂപ കോടതി ചെലും വിധിച്ചു.

ഈ കേസ് നടക്കുന്നതിനിടെ സിനിമ റിലീസ് ആകാൻ തീയതി തീരുമാനിച്ചു. കോട്ടയത്തുള്ള നസ്രത്ത് ഫിലിപ്പ് എന്നയാൾ വിതരണാവകാശം നേടി. സെൻസേഷണലായ സിനിമ കേരളം മുഴുവനും ശബരിമല കേന്ദ്രമാക്കി പ്രത്യേകിച്ചും പ്രദർശിപ്പിച്ച് കോടികൾ ലാഭം കൊയ്യാമെന്ന് ഇന്നത്തെപ്പോലെ തന്നെ അന്നും വിതരണക്കാർ മനക്കണക്ക് കൂട്ടിയിരുന്നു. പുതിയിടം ക്ഷേത്രഭരണസമിതി പ്രസിഡന്റ് കന്നേൽ വിഎൻ പ്രഭാകരൻപിള്ള ഒന്നാം വാദിയായി കോട്ടയം പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ പ്രദർശനത്തിനെതിരെ കേസ് ഫയൽ ചെയ്തു. പ്രദർശനം മുടങ്ങി.

അയ്യപ്പസ്വാമിയുടെ സവിധത്തിലാണ് താനെന്ന തോന്നൽ ഈ കേസിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയപ്പോൾ മുതൽ തനിക്ക് അനുഭവപ്പെട്ടിരുന്നു എന്ന് വി രാജേന്ദ്രൻ പറയുന്നു. കേസിൽ വക്കീലിനെ വെക്കാൻ പോലും കഴിവില്ലാത്ത ഏകനായ ചെറുപ്പക്കാരനെ വിസ്താരത്തിനിടയിൽ അപമാനിച്ച് പീഡിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ച വക്കീലന്മാരെ മജിസ്ട്രേറ്റ് തന്നെ താക്കീത് ചെയ്തു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ പ്രഗത്ഭമതികൾ ഭീഷണിയുടെ പാത വിട്ട് അനുരഞ്ജനത്തിന്റെ വഴിയേ തിരഞ്ഞുവെന്നും അദ്ദേഹം ഓർക്കുന്നു. ഈ ഒറ്റയാൾ പോരാളി തന്റെ പോരാട്ടം ഇവിടെ നിർത്തിയില്ല. പൊന്മുട്ടയിടുന്ന തട്ടാൻ എന്ന സിനിമയുടെ തലക്കെട്ട് വിശ്വകർമ്മസമൂഹത്തിന്റെ തന്നെ അന്തസത്തയെ തകർക്കുന്നതാണെന്ന രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആ ടൈറ്റിൽ താറാവ് എന്നാക്കി റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ നിർബന്ധിതരായത്.