പത്തനംതിട്ട: ശബരിമല ശ്രീകോവിൽ അഗ്‌നികുണ്ഠത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് അഗ്‌നിശമന സേനയുടെ റിപ്പോർട്ട്. അടിയന്തിരമായി അരവണപ്ലാന്റ് മാറ്റിയില്ലെങ്കിൽ ദൂരവ്യാപകഫലമെന്നും റിപ്പോർട്ടിൽ പറയുന്നു. അരവണ പ്ലാന്റിൽ നിന്നു ഉയരുന്ന കനത്ത താപനിലയ്ക്ക് മുകളിലാണ് ശ്രീകോവിലിന്റെയും മേൽശാന്തിമാരുടെ മുറിയുടെയും സ്ഥാനം. പ്ലാന്റിൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ആഘാതം ശ്രീകോവിലിനായിരിക്കും അനുഭവപ്പെടുക.

അതിനാൽ ശ്രീകോവിലിന് സമീപം സ്ഥിതി ചെയ്യുന്ന അരവണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് അഗ്നിശമന സേന റിപ്പോർട്ട് നൽകി. വകുപ്പ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരിക്കാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അരവണ പ്ലാന്റിൽ ഒരു അഗ്നിബാധയുണ്ടായാൽ ശ്രീകോവിലിനെയും ഇത് ബാധിക്കുമെന്നതിനാൽ സുരക്ഷിതമായി മറ്റ് എവിടേക്കെങ്കിലും മാറ്റാനാണ് നിർദ്ദേശം. ഇവിടെ ഇരുപതോളം സ്റ്റീംബോയിലറുകൾ ഒരേ സമയം പ്രവർത്തിക്കുന്നുണ്ട്. സദാ ഊഷ്മാവ് ഉയർന്ന് നിൽക്കുന്ന പ്ലാന്റിൽ മുറിയുടെ വിസ്തീർണ്ണം വളരെ കുറവും വായുസഞ്ചാരം വളരെ പരിമിതവുമാണ്.

തറയിൽ നെയ് വീണ് വഴുക്കലുള്ളതിനാൽ അടിയന്തിര സാഹചര്യം ഉണ്ടായാൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാകുന്ന സാഹചര്യവും ഉണ്ട്. പമ്പ മുതൽ മരക്കൂട്ടം വരെയുള്ള ഭാഗത്ത് അഗ്നി ബാധയുണ്ടായാൽ നിയന്ത്രണ വിധേയമാക്കാനാവശ്യമായ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിച്ചിട്ടില്ല. പാതയുടെ ഇരുവശത്തും വ്യാപാര സ്ഥാപനങ്ങളും ആശുപത്രിയും ഉണ്ട്. കാട്ടുതീയോ മറ്റോ പടർന്നാലോ കടകളിൽ നിന്നും തീ പടർന്നാലോ അണയ്ക്കാനുള്ള ഒരു സംവിധാനവും ഇവിടെയില്ല. അതിനാൽ ഈ ഭാഗത്ത് ഓരോ മീറ്റർ ഇടവിട്ട് ഫയർ ഹൈ ഡ്രെന്റുകൾ സ്ഥാപിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

ഹൈഡ്രന്റ് സംവിധാനത്തിനായി 18 ലക്ഷം ലിറ്ററിന്റെ ഫയർ വാട്ടർ ടാങ്കും അനുബന്ധ പൈപ്പ് ലൈനുകളും വാൽവുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഹൈഡ്രന്റിന്റെ പ്രവർത്തനത്തിനാവശ്യമായ മർദം ടാങ്കിന്റെ ഹെഡിൽ നിന്ന് ലഭിക്കുന്നതിനാൽ പ്രത്യേകം പമ്പ് സ്ഥാപിച്ചിട്ടില്ല. സന്നിധാനം, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളിലായി 34 ഫയർ ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും തകരാറായതും ജലലഭ്യത ഇല്ലാത്തതുമാണ് എന്ന് പരിശോധനയിൽ കണ്ടെത്തി. ഹൈഡ്രന്റുകൾ പ്രത്യേകം ഡിസൈൻ ചെയ്തിട്ടുള്ള വീൽ ഉപയോഗിച്ചാണ് തുറക്കുന്നത്. എന്നാൽ ഇവിടെ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളും മറ്റും വീലിന് പകരം സ്പാനറും മറ്റും ഉപയോഗിച്ച് സ്പിൻഡിൽ തിരിച്ച് വെള്ളം എടുക്കുന്നതിനാൽ ഇത് തേയ്മാനം സംഭവിച്ച് നശിക്കുകയും വെള്ളം കുറേശ്ശേ ചോർന്ന് പോകുകയും ചെയ്യുന്നുണ്ട്.

അതിനാൽ എല്ലാ പോയിന്റു കളിലെയും സ്പിൻഡിൽ ഉൾപ്പെടുന്ന ഭാഗം അന്യർക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധം ബോക്സ് ഉണ്ടാക്കി പൂട്ടി സംരക്ഷിക്കണം. ഒരേ സമയം കൂടുതൽ ഹൈഡ്രന്റുകൾ ഒരുമിച്ച് ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിൽ മർദ്ദം കുറയുന്നത് ഒഴിവാക്കുന്നതിനും ഫോം മേക്കിങ്ങിനാവിശ്യമായ മർദ്ദം ഉറപ്പാക്കുന്നതിനും ഹൈഡ്രന്റ് സംവിധാനത്തിനായി ഫയർ പമ്പുകളും ബൂസ്റ്റർ പമ്പുകളും സ്ഥാപിക്കണം. മണ്ണിനടിയിൽ കൂടി പോകുന്ന ഹൈഡ്രന്റ് ലൈനുകളുടെ അവസ്ഥ മനസിലാക്കാനും കഴിയുന്നില്ല. അതിനാൽ ഈ ലൈനുകളിൽ മർദ പരിശോധന നടത്തി ചോർച്ച യോ മറ്റ് അപാകതകളോ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സന്നിധാനത്തും പരിസരത്തുമുള്ള സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫയർ എക്സ്റ്റിങ്വിഷറുകൾ പലതും കാലഹരണപ്പെട്ടതാണ്. നിലവിലുള്ള ഫയർ എക്സിറ്റിങ്വിഷറുകളുടെ എണ്ണം പര്യാപ്തമല്ല. 50 ഫയർ എക്സ്റ്റിങ്വഷറുകളെങ്കിലും കൂടുതലായി സ്ഥാപിക്കണം. ഇവ എളുപ്പത്തിൽ കാണത്തക്ക രീതിയിലും എടുത്ത് ഉപയോഗിക്കത്തക്ക രീതിയിലും ഭിത്തിയിൽ സ്ഥാപിക്കണം. കൃത്യമായി പരിശോധിച്ച് പ്രവർത്തന ക്ഷമത ഉറപ്പ് വരുത്തേണ്ടതും കൃത്യമായ ഇടവേളകളിൽ റീഫില്ലിങ് നടത്തേണ്ടതുമാണ്. ഗ്യാസ് സിലിണ്ടർ ഗോഡൗണിൽ 24 മണിക്കൂറും പരിശീലനം സിദ്ധിച്ച വാച്ച് മാനെ നിയോഗിക്കണം.

സംഭരണ കേന്ദ്രത്തിന് പിൻവശം കാടുംപടലും നീക്കി സുരക്ഷിതമാക്കണം. സ്ഥാപനങ്ങൾ സ്വകാര്യമായി പരിധിയിൽ കവിഞ്ഞ് സിലിണ്ടറുകൾ സംഭരിക്കാൻ അനുവദിക്കരുതെന്നും റിപ്പോർട്ടിലുണ്ട്. വെടിമരുന്ന് സൂക്ഷിക്കുന്ന മാഗസിൻ അകലേക്ക് മാറ്റി സ്ഥാപിച്ച് 15 മീറ്ററിൽ വേലി കെട്ടി തിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഫയർ എക്സ്റ്റിങ്വിഷറുകൾ സ്ഥാപിച്ചിട്ടില്ല. സംഭരണ ശേഷി 500 കിലോഗ്രാം ആയതിനാൽ വാച്ച് മാനെ നിയോഗിക്കണമെന്നും റിപ്പാർട്ടിലുണ്ട്. മാഗസിന് സമീപം 5000 ലിറ്ററിന്റെ വാട്ടർ ടാങ്ക് സ്ഥാപിച്ച് സമീപത്ത് ഫയർ ബക്കറ്റുകൾ വയ്ക്കണം വെടിമരുന്ന് നിറയ്ക്കുന്ന സ്ഥലവും പൊട്ടിക്കുന്ന സ്ഥലവും തമ്മിൽ ലൈസൻസ് മാനദണ്ഡമനുസരിച്ചുള്ള ദൂരപരിധി പാലിക്കണം. വെടിവഴിപാട് നടത്തുന്ന സ്ഥലത്ത് ഒരു കാരണവശാലും അഞ്ചു കിലോയിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിക്കാൻ അനുവദിക്കുകയില്ല.

സന്നിധാനത്ത് ബ്രോയിലർ റൂമിലും ദേവസ്വം സ്റ്റാഫ് ക്വാർട്ടേഴ്സിനും ഭസ്മക്കുളത്തിനും സമീപത്തായി ഉള്ള ഡീസൽസ് സ്റ്റോറേജ് ടാങ്കുകൾ ഉണ്ട്. ഇവിടെ മെക്കാനിക്കൽ ഫോം ഫയർ എക്സ്റ്റിങ്വിഷർ, ഫോം കോമ്പൗണ്ട്, ഫോം മേക്കിങ് ബ്രാഞ്ച് പൈപ്പ് സ്ഥാപിക്കണം. സ്റ്റോറേജ് ടാങ്കിൽ നിന്നും ഡീസൽ പുറത്തേക്ക് ഒഴുകി അപകടം ഉണ്ടാകുന്നത് തടയുന്നതിനായി ഇതിന് ചുറ്റുമായി ഡെക്ക് വാൾ അടിയന്തിരമായി സ്ഥാപിക്കണം. ഭസ്മക്കുളത്തിന് സമീപത്തെ ഡീസൽ സ്റ്റോറേജ് ടാങ്കിൽ നിന്നും ബോയിലർ റൂമിലേക്ക് ഡീസൽ എത്തിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനിലെ ചോർച്ച അടിയന്തരമായി പരിഹരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇവിടെ അഞ്ച് ഡീസൽ സ്റ്റോറേജ് കേന്ദ്രമാണ് ഉള്ളത്. അഗ്നിബാധയ്ക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള കൊപ്രാക്കളത്തിൽ മല പോലെ കൂട്ടിയിട്ടിരിക്കുന്ന ചിരട്ടകൾ നീക്കം ചെയ്യാൻ നിർദ്ദേശം ഉണ്ട്. കൊപ്രാക്കളത്തിന് സമീപമുള്ള വെടി വഴിപാട് കേന്ദ്രം അപകട സാധ്യത വർധിപ്പിക്കുന്നു. കൊപ്രാക്കളത്തിന് വിസ്തൃതി കൂട്ടണമെന്നും കൊപ്രയുടെ സംഭരണത്തിനും വേർതിരിക്കലിനും മറ്റ് പ്രവർത്തനങ്ങൾക്കും കൂടുതൽ സുരക്ഷിതവും നൂതനമായ മാർഗം അവലംബിക്കണമെന്നും റിപ്പോർട്ടിലുണ്ട്.