- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവാഭരണ ഘോഷയാത്ര 12 ന് പന്തളത്ത് നിന്ന് പുറപ്പെടും; രാജപ്രതിനിധി പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ മൂലം നാൾ ശങ്കർ വർമ്മ
പന്തളം: മകരസംക്രമ സന്ധ്യയിൽ ശബരിമല ശ്രീ ധർമ്മശാസ്താ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങളുമായി പന്തളം വലിയ തമ്പുരാൻ രേവതി നാൾ പി. രാമവർമ രാജായുടെ പ്രതിനിധിയായി സ്രാമ്പിക്കൽ കൊട്ടാരത്തിൽ മൂലം നാൾ ശങ്കർ വർമ്മ (56) അനുഗമിക്കും. സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും കോട്ടയം കാഞ്ഞിരക്കാട് നല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ഇളയ പുത്രനാണ് രാജപ്രതിനിധി.
സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്നും സീനിയർ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയ റായി വിരമിച്ച ഇദ്ദേഹം കേരള ക്ഷത്രിയ ക്ഷേമസഭയുടെ തൃശൂർ മേഖലാ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. കൊച്ചിയിൽ ഇളംകുന്നപ്പുഴ നടക്കൽ കോവിലകം അംഗവും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ദന്തൽ സിവിൽ സർജനുമായ ഡോ. ബിന്ദു വർമയാണ് ഭാര്യ.
മക്കൾ: ആര്യ അരവിന്ദ്, അജയ് എസ്.വർമ്മ (മെഡിക്കൽ വിദ്യാർത്ഥി). പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ നാരായണ വർമ, ജയലക്ഷ്മി തമ്പുരാട്ടി,സുജാത തമ്പുരാട്ടി, ശ്രീലത തമ്പുരാട്ടി, പരേതനായ ആർ.കേരളവർമ്മ (മുൻ രാജപ്രതിനിധി) എന്നിവർ സഹോദരങ്ങളാണ്. തിരുവാഭരണ മാളികയിൽ വച്ച് കൊട്ടാരം നിർവാഹസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, സെക്രട്ടറി പി.എൻ.നാരായണ വർമ എന്നിവരാണ് ശങ്കർ വർമ്മയെ രാജപ്രതിനിധിയായി പ്രഖ്യാപനം നടത്തിയത്. ആചാരങ്ങൾ പാലിച്ചു മാത്രമെ പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടുകയുള്ളു എന്ന് നിർവാഹക സംഘം പ്രസിഡന്റ് ശശികുമാർ വർമയും സെക്രട്ടറി നാരായണ വർമയും പറഞ്ഞു.
തിരുവാഭരണ ഘോഷയാത്രയെ കുറിച്ച് അന്തിമ തീരുമാനം ഇത് വരെ ആയിട്ടില്ല. ഘോഷയാത്ര മുൻ വർഷത്തെ പോലെ പോകേണ്ട സ്ഥലങ്ങളിൽ മുഴുവൻ പോകും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഘോഷയാത്രയിൽ രാജ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ എണ്ണം ചുരുക്കും. സാമൂഹിക അകലം നിർബന്ധമാക്കും എന്നും അവർ പറഞ്ഞു. തുടർന്ന് സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും നിയുക്ത രാജപ്രതിനിധി മൂലം നാൾ ശങ്കർ വർമ്മയെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്