കോട്ടയം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് വേണ്ടിയുള്ള മുറവിളികളും മറിച്ചുള്ള വാദങ്ങളും ഏറെക്കാലമായി നിലനിൽക്കുന്നു. സോഷ്യൽ മീഡിയയിൽ റെഡി ടു വെയ്റ്റഅ കാംപയിനും സജീവമായിരുന്നു. എന്നാൽ, ഇത്തരം വാദപ്രതിവാദങ്ങൾളുടെല്ലാം വിധി ഇന്നുണ്ടാകും. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി വിധി തിങ്കളാഴ്‌ച്ച പുറപ്പെടുവിക്കാനിരിക്കയാണ്.

ശബരിമല പ്രവേശനത്തിന് ഒരു വിഭാഗം കാത്തിരിക്കുമ്പോൾ തങ്ങൾക്ക് അങ്ങനെയുള്ള പ്രവേശനം അനുവദിക്കാതിരിക്കാൻ കോടതി വിധി പറയണമെന്ന പ്രാർത്ഥനയിലാണ് വിശ്വാസികളായ സ്ത്രീകളെന്നാണ് വിചിത്രമായ മറുവാദം. ഇങ്ങനെയൊരു വിധി വരാൻ വേണ്ടി അനുഗ്രഹത്തിനായി വിവിധ പ്രായത്തിലുള്ള സ്ത്രീകളുടെ പ്രാർത്ഥനയും പാരായണവും ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്റെ നടയിൽ ഞായറാഴ്ച നടന്നു. നിലവിലുള്ള രീതിയിൽ പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾ മാത്രം ശബരിമലയിൽ പ്രവേശിച്ചാൽ മതിയെന്ന വിധിയാണ് തങ്ങൾക്കനുകൂലമെന്ന് പ്രാർത്ഥനയിൽ പങ്കെടുത്ത സ്ത്രീകൾ പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു പ്രാർത്ഥന.

സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് സമർപ്പിച്ച വാദമുഖങ്ങളടങ്ങിയ രേഖ പ്രയാർ ജഡ്ജിയമ്മാവന്റെ പരിഗണനക്കായി നടയിൽ സമർപ്പിച്ചു. സത്യവാങ്മൂലം സമർപ്പിച്ചതിനു ശേഷം ക്ഷേത്രസന്നിധിയിൽ നൂറ്റന്പതിലധികം സ്ത്രീകളടക്കം പങ്കെടുത്ത നാരായണീയ പാരായണയജ്ഞം നടന്നു. പ്രയാർ ഗോപാലകൃഷ്ണൻ ഭദ്രദീപം തെളിച്ചു. ജഡ്ജിയമ്മാവന്റെ അനുഗ്രഹത്താൽ കോടതിവിധി അനുകൂലമാകുമെന്ന് പ്രയാർ പ്രത്യാശ പ്രകടിപ്പിച്ചു. ജഡ്ജിയമ്മാവന്റെ അനുഗ്രഹമുള്ളതിനാലാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിലെ രണ്ട് ജഡ്ജിമാർ മാറിയതെന്ന് വിശ്വസിക്കുന്നു. ഇക്കൊല്ലത്തെ തീർത്ഥാടനത്തെ ബാധിക്കുന്ന പരാമർശമൊന്നും കോടതിയിൽനിന്നുണ്ടാവാത്തതും കേസ് തീർത്ഥാടനകാലം കഴിയുംവരെ നീട്ടിവയ്ക്കപ്പെട്ടതും ജഡ്ജിയമ്മാവന്റെ അനുഗ്രഹത്താലാണെന്നും പ്രയാർ പറഞ്ഞു.

പത്തനംതിട്ട ജില്ലാ ഉപഭോക്തൃഫോറം പ്രസിഡന്റ് പി.സതീശ്ചന്ദ്രൻ നായർ, ബോർഡ് അസി. കമ്മിഷണർ കെ.എ.രാധികാദേവി, വള്ളിയാംകാവ് അഡ്.ഓഫീസർ വി.ജി.മുരളീധരൻ നായർ, അയ്യപ്പസേവാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.രാജഗോപാൽ റാന്നി, ചെറുവള്ളി സബ്ഗ്രൂപ്പ് ഓഫീസർ ഗോപിനാഥൻ നായർ, ചെറുവള്ളി ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.ആർ.അജയകുമാർ, സെക്രട്ടറി പി.വി.ദിലീപ് പടിക്കാമറ്റം എന്നിവർ പങ്കെടുത്തു. നാരായണീയകോകിലം ടി.എൻ.സരസ്വതിയമ്മയുടെ നേതൃത്വത്തിലായിരുന്നു നാരായണീയയജ്ഞം.

എന്തായാലും സംസ്ഥാന സർക്കാറിന് സ്ത്രീപ്രവേശനത്തെ എതിർക്കുന്ന നിലപാടായിരുന്നില്ല. എന്നാൽ, ദേവസ്വം ബോർ്ഡ് നഖശിഖാന്തം ഇതിനെ എതിർത്തു വരികയും ചെയ്തു. ഇതിനിടെയാണ് ഇന്ന് സുപ്രീംകോടതിയിൽ വിഷയം എത്തുന്നത്.