രണത്തിലെ കലയും, പൊതുഭരണത്തിലെ ശാസ്ത്രീയതയും രാഷ്ട്രീയമാണ്, പക്ഷേ ഐക്യമില്ലായ്മയും, ഭിന്നിപ്പും, അശാന്തിയുമുണ്ടാക്കുന്നത് കുടില രാഷ്ട്രീയമാണ്! ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലുണ്ടായ സുപ്രീംകോടതി വിധി ഭരണകക്ഷിക്ക് രാഷ്ട്രീയമായി ഒരു അഗ്നിപർവ്വതമായി ഭവിച്ചിരിക്കുന്നു! സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾ ഇതിൽ കുടില രാഷ്ട്രീയം കളിക്കുകയുമാണ്. കേരള സംസ്ഥാനവും ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷനും മറ്റുള്ളവരുമായി ഉള്ള കേസിൽ, തീർത്തും യാന്ത്രികമെന്ന് തന്നെ കരുതാവുന്ന ഒരു വിധിന്യായം സൃഷ്ടിച്ചിരിക്കുന്ന അരാജക പരിതസ്ഥിതിയിൽ, ശരിയായ ഹിന്ദു വിശ്വാസികളും ഭക്തരും, മറ്റു മതസ്ഥരും തങ്ങൾക്കും ഇന്ത്യൻ ഭരണഘടന അനുശാസിച്ചിട്ടുള്ള ഏതെങ്കിലും തരത്തിലുള്ള മതസ്വാതന്ത്ര്യം ഉണ്ടോ എന്ന ഉദ്വേഗത്തിലാണ്. കുടില രാഷ്ട്രീയം കളിക്കുന്നവർ നമ്മുടെയെല്ലാം ഭരണഘടനയാൽ വ്യവസ്ഥാപിതമായ മതസ്വാതന്ത്ര്യത്തെ സംരക്ഷിച്ചു പോന്ന സ്റ്റേറ്റിന്റെ സാമൂഹിക ഘടന തന്നെ ഛിന്നഭിന്നമാക്കും എന്ന് തുനിഞ്ഞിറങ്ങിയിരിക്കുകയാണ്!

വാർട്ടൺസ് സ്‌ക്കൂൾ ഓഫ് എക്കണോമിക്സ്' രാഷ്ട്രീയത്തെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്: 'ഭരണത്തിലെ ശാസ്ത്രീയതയും, പൊതുഭരണത്തിലെ കലയും' എന്നാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരിലാരും മനസ്സിലാക്കുകയോ അതിനായി ശ്രമിക്കുക പോലുമോ ചെയ്യാത്ത കാര്യം; ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേരള സർക്കാറിന്റെ നിലപാട്. തന്ത്രി സമൂഹത്തിന്റെയും, ക്ഷേത്രം ഊരാഴ്മ അവകാശപ്പെടുന്ന പന്തളം രാജ കുടംബത്തിന്റെയും, ഭരണഘടനാ അനുഛേദം 25 പ്രകാരം വിശ്വാസവും, മതാചാരവും സംരക്ഷിക്കാൻ മുന്നോട്ടു വന്ന ചില സംഘടനകളുടേയും എതിർപ്പ് വകവയ്ക്കാതെ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തെ മാത്രം അടിസ്ഥാനമാക്കിയാണ് 10-നും 50-നും വയസിനുമിടയ്ക്കുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രപ്രവേശനം അനുവദിച്ചു കൊണ്ട് വിവാദമായ സുപ്രിംകോടതി വിധിയെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

വിധിക്ക് മുമ്പ് കേരള സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ എടുത്ത മലക്കം മറിഞ്ഞ നിലപാടുകൾ പരിശോധിക്കുമ്പോൾ രാഷ്ട്രീയ നിക്ഷിപ്ത താൽപര്യം ആരോപിക്കേണ്ടി വരുന്നു, അതും വിശ്വാസികളെ അനുകൂലിച്ചുകൊണ്ടുള്ള മുൻ സർക്കാരിന്റെ നിലപാടിനെ പൂർണ്ണമായും തള്ളിക്കളഞ്ഞും എതിർത്തും കൊണ്ട്: ശബരിമലയിലെ താന്ത്രിക പ്രതിഷ്ഠാ സങ്കൽപ്പത്തിന്റെ താന്ത്രിക സങ്കീർണതകളും, പ്രതിഷ്ഠാ സങ്കൽപ്പവും, തന്ത്രിമാരോട് ചർച്ച പോലും ചെയ്യാതെ നടത്തിയതാണ് ടി നിലപാട് മാറ്റം. ഇസ്ലാം, ക്രിസ്തീയ മത വിഭാഗങ്ങളിലെ വിശ്വാസത്തെ അപേക്ഷിച്ച് ഹൈന്ദവ പ്രതിഷ്ഠാ സങ്കൽപ്പത്തിന്റെ കാതലായ വശങ്ങൾ സർക്കാർ മനസ്സിലാക്കുകയോ, ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ താന്ത്രികവും, പ്രപഞ്ച ഊർജ്ജ അസ്തിത്വം എന്തെന്ന് അറിയുകയോ ചെയ്തിട്ടല്ല നിലവിലെ പ്പോലുള്ള ഒരു സത്യവാങ്ങ്മൂലം ഫയൽ ചെയ്തിട്ടുള്ളത്. മുൻ സർക്കാരിന്റെ നിലപാടുകളായിരുന്ന സ്വതന്ത്ര മനസ്സാക്ഷിയോടെയുള്ള സ്വതന്ത്രമായ ഹിന്ദുധർമ്മ ആചരണത്തിലും പ്രചരണത്തിലും, ഭരണഘടനയുടെ അനുച്ഛേദം 25-ൽ പ്രതിപാദിച്ചത് അതേപടി, അധിഷ്ഠിതമായ നിലപാടിനെ പൂർണ്ണമായും നിരാകരിച്ചിരിക്കുന്നു.

ഹൈന്ദവ വിശ്വാസി സമൂഹത്തോട് നിലവിലെ സർക്കാർ തൃപ്തികരമായ വിശദീകരണം നടത്തിയില്ലെങ്കിൽ, വിശ്വാസ കാര്യങ്ങളിൽ സർക്കാർ ഏകപക്ഷീയമായി ഇടപെടുന്നു എന്ന ആരോപണം നീതീകരിക്കത്തക്കതാകും. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ കാണിക്കുന്ന സംശയാസ്പദമായ ധൃതി. വിവേചനത്തിനെതിരേ അനുഛേദം 14 ന്റെ സംരക്ഷണം എന്ന കേവല അർത്ഥത്തിൽ സാങ്കേതികമായി ഈ വിധി ശരിയെന്ന് പറയാമെങ്കിലും സാമാന്യമായി ഹൈന്ദവരുടെ ഭക്തി, വിശ്വാസ, ആചാര കാര്യങ്ങൾക്ക് (അനുഛേദം 25 ന്റെ രക്ഷ ഇവക്കുണ്ടെങ്കിലും) വിരുദ്ധമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. പൗരനെ പ്രതി സ്റ്റേറ്റ് ഉറപ്പാക്കേണ്ട അനുഛേദങ്ങൾ 14 ഉം 25 ഉം മൗലികാവകാശങ്ങളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും ഏത് അവകാശമാണ് സ്റ്റേറ്റ് ഉയർത്തിപ്പിടിക്കേണ്ടത് എന്നത് വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണ്. തെറ്റായ ഏത് തീരുമാനവും സമൂഹത്തിൽ അരാജകത്വവും, അനൈക്യവും, ഭിന്നിപ്പും ഉണ്ടാക്കും. സമൂഹത്തിൽ ഐക്യവും സമാധാനവും നിലനിർത്തുന്ന നിലപാടായിരിക്കണം സർക്കാർ എടുക്കേണ്ടത്.

എന്തിനീ അനാവശ്യ ധൃതി? ഇപ്പോഴും വൈകിയിട്ടില്ല. ഈ വിധി, കേരളത്തിലെ ഹൈന്ദവേതരരുടെ ഇടയിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഭരണഘടന അനുശാസിച്ചിട്ടുള്ള മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന അവരുടെ ആവശ്യങ്ങളും ഒഴുകിയെത്തിത്തുടങ്ങിയിരിക്കുന്നു. ഇവ സംസ്ഥാന സർക്കാർ പരിഗണിക്കുമോ അതോ യാന്ത്രികമായി ഇതെല്ലാം പൊട്ടിത്തെറിക്കാൻ കാക്കുമോ, ജനം ഉദ്വേഗത്തോടെ നോക്കുകയാണ്!

വിധിയെപ്പറ്റി : അത് അടിസ്ഥാനപരമായി തെറ്റെന്ന് വേണം പറയാൻ, കാരണം അത് കെട്ടിപ്പൊക്കിയിരിക്കുന്നത്, ഭരണഘടനാ ശില്പികൾ അനുഛേദം 25 ന് കൽപിച്ചിരിക്കുന്ന ക്രിയാത്മകമായ അത്ഥം മനസ്സിലാക്കാതെയാണ്. കാരണം, പൊതു ധാർമ്മികതയ്ക്കും, പൊതു ആരോഗ്യത്തിനും, വിധേയമായി 'എല്ലാവർക്കും അവനവന്റെ മതത്തിൽ വിശ്വസിക്കാനും, പ്രചരിപ്പിക്കാനും' ഉള്ള സ്വാതന്ത്ര്യമുണ്ട്. ഇപ്പറഞ്ഞ നിബന്ധനകൾക്ക് വിധേയമായി മാത്രമേ അനുഛേദം 25 (1) നെ വായിക്കാനും മനസ്സിലാക്കാനും കഴിയുകയുമുള്ളൂ.
ഇവയൊന്നും, ഓരോന്നും വിശകലനം ചെയ്യാതെ ശരിയായ സ്ഥിതിവിശേഷം വിഷയത്തിലുള്ള വിദഗ്ധരുമായി ചർച്ച ചെയ്ത് മനസ്സിലാക്കാതെ ശബരിമലയിലെ യുവതീ പ്രവേശം നിശ്ചയിച്ച ഭൂരിപക്ഷ ജഡ്ജ്‌മെന്റ് കൃത്യതക്കുറവുള്ളത് തന്നെ! ഇക്കാരണം കൊണ്ടു തന്നെ ഈ വിധി 'പെർ ഇൻക്യൂറിയം', അതായത് ഈ വിഷയത്തിൽ മുൻപുണ്ടായിരുന്നതും പ്രാബല്യത്തിലുള്ളതുമായ വിധിന്യായങ്ങൾ കണക്കിലെടുക്കാതെയുള്ളത് എന്ന സ്ഥിതിയിലുള്ളതും അതിനാൽ അനുഛേദം 141 ന്റെ അധികാരത്തെ സ്വയം നിരാകരിക്കുന്നതുമാണ്. പ്രധാനമായും പൊതു ധാർമ്മികത, പൊതു ആരോഗ്യം എന്നിവ പരിശോധിക്കേണ്ടത് ഈ രാജ്യത്തെ സിവിൽ കോടതികളാണ് അല്ലാതെ (ജ. ഇന്ദുമൽഹോത്രയുടെ വിയോജന ജഡ്ജ്മെന്റിൽ അടങ്ങിയിരിക്കുന്നതു പോലെ) പൂർണമായും അധികാരപരിധീനിർണ്ണയത്തിൽ നിന്നു കൊണ്ടാണെങ്കിൽ, സുപ്രീംകോടതിയല്ല.

ഇങ്ങിനെയൊക്കെയെങ്കിലും, സുപ്രീംകോടതിയുടെ മുൻപാകെ ഈ വിഷയം, പുനഃപരിശോധനാ ഹർജികളിലൂടെ ഇപ്പോഴും പരിഗണയിലുള്ളതിനാൽ ഈ വിഷയത്തിലെ കാതലായ വശങ്ങൾ സുപ്രീംകോടതി തന്നെയാണ് പരിശോധിക്കേണ്ടത്. ആത്യന്തികമായി സദ്ഭരണ തത്ത്വങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട് വിശ്വാസ സമൂഹത്തിന്റെ ഉൽകണ്ഠയും ആകാംക്ഷയും ഉൾകൊള്ളിച്ചുകൊണ്ട് ഒരു പുനഃപരിശോധനാ ഹർജി സംസ്ഥാന സർക്കാർ നൽകേണ്ടതാണെന്ന് ഈ ലേഖകൻ കരുതുന്നു. പൊതുസദാചാര, പൊതു ആരോഗ്യതത്ത്വങ്ങളിൽ നിന്നു കൊണ്ട്, താന്ത്രിക വിഷയത്തിലെ പ്രഗൽഭരുടെ ഉപദേശം സ്വീകരിച്ച് വേണം ഇത് ചെയ്യാൻ.

സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ തീർപ്പാക്കുന്നതു വരെ തുല്യതാ പ്രശ്നം തീർപ്പാക്കാത്തതാണ് നല്ലത്. വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉടലെടുത്തിട്ടുള്ള സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇതാവും പ്രായോഗികം.

സംസ്ഥാന സർക്കാരിന് ലഭ്യമായ വഴികൾ:

ഭരണഘടനയുടെ അനുഛേദം 25 (1) ലെ തത്ത്വങ്ങൾ ഉൾക്കൊണ്ട് സംസ്ഥാന നിയമസഭയോട് നിയമനിർമ്മാണം ആവശ്യപ്പെടാൻ സർക്കാരിന് അധികാരമുള്ളതാണ്; അപ്രകാരം ഒരു നിയമനിർമ്മാണം നടന്നാൽ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനാനുമതി അവകാശമായി അംഗീകരിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ അന്ത:സത്തയും ആധാരശിലയും നഷ്ടമാകും.

ഭൂരിപക്ഷമായ വിശ്വാസികളുടെ അഭ്യർത്ഥന മാനിക്കുന്നതോടെ, വർദ്ധിക്കുന്ന ജനസമ്മതി, ഭരണശാസ്ത്രവും, പൊതുഭരണ കലയും പ്രയോഗിച്ച് രാഷ്ട്രീയ കുടില തന്ത്രങ്ങളുടെ മുനയൊടിക്കാൻ കഴിയുകയും ചെയ്യും. ഭരണഘടന ജനങ്ങൾ, ജനങ്ങൾക്കായ്, ജനങ്ങളാൽ സമർപ്പിച്ചതാണ്. ജനതാൽപര്യം (പൊതുതാൽപര്യം ) മുൻനിർത്തി നടത്തുന്ന നിയമനിർമ്മാണമായതിനാൽ വ്യവസ്ഥിതിയുടെ മൂന്നു തൂണുകളും (നിയമസഭ, സർക്കാർ, നീതി പരിപാലന സംവിധാനം) ഇതിന് വഴിപ്പെടേണ്ടി വരിക തന്നെ ചെയ്യും.