തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി കേരളത്തിൽ വലിയ ആവേശം ഉണ്ടാക്കിയിട്ടില്ല. ഒരു ചെറിയ വിഭാഗം വിധിയോട് അനുകൂലമായി പ്രതികരിച്ചെങ്കിലും ദൈവഭയമുള്ളവർ ഇക്കാര്യത്തിൽ കരുതലോടെയാണ് പ്രതികരിച്ചത്. രാഷ്ട്രീയ തീരുമാനം അല്ല ഉണ്ടായത് കോടതി വിധിയാണ് എന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് ആശ്വാസം പകരുന്ന കാര്യമായപ്പോൾ വിധിയോട് സമ്മിശ്രമായാണ് പലരും പ്രതികരിച്ചത്. ഹൈന്ദവ ആചാരങ്ങൾക്ക് ആയതു കൊണ്ട് മാത്രമാണ് ഈ വിധിയുണ്ടായത് എന്നാണ് ഒരു വിഭാഗം ഭക്തർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ നിന്നാണ് വിധിയുണ്ടായത് എന്നതു കൊണ്ട് തന്നെ പുനപ്പരിശോധന ഹർജി മാത്രമാണ് ഈ വിഷയത്തിൽ ഇനിയുള്ള പോംവഴി. അതുകൊണ്ട് വിധിക്കെതിരെ പുനപരിശോധനാ ഹർജി നൽകുമെന്നാണ് വിധിയെ എതിർക്കുന്ന ഹൈന്ദവ സംഘടനകൾ തീരുമാനം അറിയിച്ചത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് ശബരിമല എന്നതുകൊണ്ട് കേരളം വളരെ ആകാംക്ഷയോടെയാണ് ഈ വിധിയെ കാത്തിരുന്നത്. വിധി വന്നതിന് ശേഷം മറുനാടൻ മലയാളി ഭക്തരുടെയും മറ്റ് സ്ത്രീകളുടെയും പ്രതികരണം അറിയാൻ വേണ്ടി ശ്രമം.

ശ്രീപ്തമനാഭ സ്വാമി ക്ഷേത്രദർശനം കഴിഞ്ഞെത്തിയ ഭക്തർ കോടതി വിധിയെ എതിർത്തുകൊണ്ടാണ് സംസാരിച്ചത്. പണ്ട് മുതലേ തുടർന്നു പോന്നാ ആചാരമാണ് ശബരിമലയിലേതെന്നും പ്രായഭേദമന്യേ സ്ത്രീകൾ കയറേണ്ട കാര്യമില്ലെന്നും ക്ഷേത്രദർശനം കഴിഞ്ഞിറങ്ങിയ സ്ത്രീകൾ പ്രതികരിച്ചു. ശബരിമലയിൽ കയറാൻ അവസരം കുറച്ചു കഴിയുമ്പോൾ ലഭിക്കുമല്ലോ എന്നാണായിരുന്നു ഇവരുടെ നിലപാട്. സ്ത്രീകൾ എങ്ങനെ വ്രതമെടുക്കും എന്ന ചോദ്യവും ഇവർ ഉന്നയിച്ചു. 41 ദിവസം പുരുഷന്മാർക്ക് വ്രതമെടുക്കാൻ സാധിക്കും. എന്നാൽ എങ്ങനെ അത് സ്ത്രീകൾക്ക് സാധ്യമെന്നുമായിരുന്നു ഇവരുടെ ചോദ്യം.

പുരുഷന്മാർക്ക് പോലും തിക്കും തിരക്കുമായി ശബരിമലയിൽ ദർശനത്തിനായി കാത്തു നിൽക്കേണ്ട അവസ്ഥയുണ്ട്. സ്ത്രീകൾക്ക് എങ്ങനെ അവിടെ പോകാൻ സാധിക്കുമെന്നും ഭക്തരായ സ്ത്രീകൾ ചോദിക്കുന്നു. കോടതി വിധി ഉണ്ടെങ്കിലും ആരും പോകരുതെന്നും ചിലർ അഭിപ്രായപ്പെട്ടു. സ്ത്രീപ്രവേശനത്തെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ പ്രളയം ഉണ്ടായി എന്നായിരുന്നു ഇവരുടെ അഭിപ്രായം. എന്തുകൊണ്ടാണ് ഹിന്ദുമതത്തിന്റെ കാര്യത്തിൽ മാത്രം ഈ കോടതി വിധിയെന്നാണ് ചില ഭക്തർ ഉയർത്തിയ ചോദ്യം. ഹിന്ദുമതത്തിന് മാത്രം കൊണ്ടുവരുന്നത് തെറ്റായ കാര്യമാണെന്നും ചിലർ വ്യക്തമാക്കി. ശബരിമലയിൽ മാത്രമാണ് സ്ത്രീകൾക്ക് പ്രവേശനമില്ലാത്തത് മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിൽ പോകാവുന്നതാണ്. അത് ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്നും ഭക്തർ അഭിപ്രായപ്പെട്ടു.

അതേസമയം കൗമാരക്കാരായ കോളേജ് വിദ്യാർത്ഥികളോടും ശബരിമല വിഷയത്തിൽ മറുനാടൻ പ്രതികരണം തേടി. കോടതി വിധിയെ സ്വാഗതം ചെയ്തു കൊണ്ടാണ് തിരുവനന്തപുരം വിമൺസ് കോളേജിലെ വിദ്യാർത്ഥികളായ ചിലർ പ്രതികരിച്ചത്. എന്തുകൊണ്ടാണ് ഇത്രയും കാലം പ്രവേശനം അനുവദിക്കാതിരുന്നത് എന്ന ചോദ്യവും ചില യുവതികൾ ഉന്നയിച്ചു. മതപരമായ വിഷയം ആയതിനാൽ പ്രതികരിക്കുന്നില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയവരും കുറവല്ല.

സമ്മിശ്ര പ്രതികരണമാണ് വിദ്യാർത്ഥികൾ പറഞ്ഞതെങ്കിലും ഭൂരിഭാഗം പേരും എതിർത്തു സംസാരിച്ചു. അനുകൂലിച്ചവരിൽ പലരും ശബരിമലയിൽ പോകില്ല എന്നാൽ വിധി സ്വാഗതാർഹമാണ് എന്നുമാണ് പ്രതികരിച്ചത്. ഭക്തി മോഹിക്കാതെ ഒരു വിനോദ സഞ്ചാരം എന്ന രീതിയിൽ കാണുന്നവർ പൊയക്കോട്ടെ അവർ ആഗ്രഹിക്കുന്നത് ഭക്തിയല്ല എന്നുമൊക്കെയായിരുന്നു പ്രതികരണം. എന്നാൽ വിധിയെ അനുകൂലിച്ച് സംസാരിച്ച ചിലർ പറഞ്ഞത് മാതാപിതാക്കൾ ഇക്കാര്യത്തിൽ എതിർപ്പുമായി വരും അതിനാൽ ഇപ്പോൾ പോകാൻ പറ്റില്ലെന്നും സാഹചര്യം അനുകൂലമായി വന്നാൽ മലചവിട്ടും.

അതേസമയം സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതിന് ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കേസിൽ കക്ഷിചേർന്ന വിശ്വാസികളുടെ സംഘടനകളുടെ അഭിഭാഷകൻ വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചിൽ ഉൾപ്പെട്ട ജസ്റ്റിസ് ഇന്ദു മൽഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ചിരുന്നു. ആചാരാനുഷ്ഠാനങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ മുൻ വിധിയും ചൂണ്ടിക്കാട്ടിയായിരിക്കും പുനഃപരിശോധനാ ഹർജി നടത്തുമെന്നും ഇവർ വ്യക്തമാക്കുന്നു. വിധി ദുഃഖകരമാണെന്നും കൂടുതൽ ആലോചനകൾ നടത്തി പുനഃപരിശോധനാ ഹർജി അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ശബരിമല സന്ദർശിക്കുന്ന അയ്യപ്പന്മാരെ ഹിന്ദുമതത്തിനുള്ളിലെ പ്രത്യേകവിഭാഗമായി കണക്കാക്കാൻ സാധിക്കില്ലെന്നു പറഞ്ഞു കൊണ്ടാണ് സുപ്രീംകോടതി നിർണയകമായ വിധി പുറപ്പെടുവിച്ചത്. സവിശേഷമായ സ്വഭാവമുണ്ടെങ്കിൽ മാത്രമേ മതത്തിനുള്ളിലെ പ്രത്യേകവിഭാഗമെന്ന പരിഗണനൽകാൻ കഴിയുകയുള്ളു. 41 ദിവസം വ്രതമെടുത്ത് ശബരിമല കയറുന്ന അയ്യപ്പന്മാർ പ്രത്യേകവിഭാഗമാണെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. വർഷത്തിൽ ബാക്കിയുള്ള ദിവസങ്ങളിൽ അവർ സ്വാമിമാരോ അയ്യപ്പന്മാരോ അല്ലെന്നും ഭരണഘടനാബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം മല ചവിട്ടിയിട്ടുള്ളവരെ പ്രത്യേകവിഭാഗക്കാരെന്ന് വിശേഷിപ്പിക്കാൻ സാധിക്കുമോയെന്നും കോടതി വാദവേളയിൽ ചോദിച്ചിരുന്നു.

മതത്തിനുള്ളിലെ പ്രത്യേകവിഭാഗമായി പരിഗണിച്ച് ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ മാറ്റമില്ലാതെ തുടരാൻ അനുവദിക്കണമെന്ന് കേസിൽ കക്ഷി ചേർന്നിട്ടുള്ള അഡ്വ. ഉഷാനന്ദിനിക്ക് വേണ്ടി ഹാജരായ അഡ്വ. ഗോപാൽശങ്കരനാരായണൻ വാദിച്ച അവസരത്തിലാണ് ചീഫ്ജസ്റ്റിസ് ദീപക്മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ആർ എഫ് നരിമാൻ എന്നിവർ 'പ്രത്യേക വിഭാഗം' എന്ന ആശയത്തെ ചോദ്യം ചെയ്തത്.

മുസ്ലിം വിഭാഗക്കാർ റമദാൻ നോമ്പ് നോൽക്കുമ്പോൾ അവരെയും പ്രത്യേകവിഭാഗമായി കണക്കാക്കാൻ കഴിയുമോയെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ ചോദിച്ചു. കഠിനവ്രതവും ആചാരക്രമങ്ങളും ഉള്ളതുകൊണ്ട് മാത്രം ഒരു വിഭാഗത്തിനും മതത്തിനുള്ളിലെ പ്രത്യേകവിഭാഗമെന്ന പരിഗണന നൽകാൻ സാധിക്കില്ല. പ്രത്യേകവിഭാഗമെന്ന പദവിയുണ്ടെങ്കിൽ മാത്രമേ അതിന്റെ പേരിലുള്ള ആചാരങ്ങൾക്ക് നിലനിൽപ്പുള്ളുവെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. ഏതെങ്കിലും ഒരു ദൈവത്തെയോ പ്രതിഷ്ഠയെയോ ആരാധിക്കുന്നവരെ പ്രത്യേകവിഭാഗമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും അഭിപ്രായപ്പെട്ടു.

എന്തായാലും നിർണായകമായ കോടതി വിധിയെ സിപിഎം സ്വാഗതം ചെയ്തിട്ടുണ്ട്. മറ്റ് രാഷ്ട്രീയ നേതാക്കളും കരുതലോടെയണ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ക്ഷേത്രപ്രവേശനത്തെ ആർഎസ്എസ് അനുകൂലിച്ചിരുന്നു എന്നതു കൊണ്ട് തന്നെ വിധിയെ തുറന്നെതിർക്കാൻ മുതിർന്ന ബിജെപി നേതാക്കൾ തയ്യാറായിട്ടില്ല. എന്നാൽ, നല്ലൊരു വിഭാഗവും വിധിയോട് മുഖം തിരിഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ, പരമോന്നത കോടതിയുടെ വിധി എന്ന നിലയിൽ പലരും അംഗീകരിക്കുന്നു എന്നു മാത്രം.