തിരുവനന്തപുരം: ശബരിമലദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ വ്യാജന്മാരുടെ നുഴഞ്ഞുകയറ്റമെന്നു സംശയം. ഇതിനെത്തുടർന്ന് ബുക്കിങ്ങിന് ഫീസ് ഏർപ്പെടുത്തണമെന്ന ആവശ്യമുന്നയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. 200 രൂപയെങ്കിലും ചുമത്തണമെന്നാണ് ആവശ്യം.വെബ്സൈറ്റ് തുറന്നാൽ ഉടൻ ബുക്കിങ് പൂർത്തിയാകും. ഇവരിൽ ഭൂരിഭാഗവും ദർശനത്തിന് എത്തുന്നുമില്ല. ഇതാണ് വ്യജന്മാരുണ്ടോ എന്ന സംശയത്തിന് ഇടയാക്കിയത്.

ഇത്തരത്തിൽ നൽകുന്ന തുക ദർശന സമയത്ത് തിരികെ നൽകും. വെർച്വൽ ക്യൂവിൽ ബുക്കുചെയ്ത് ദർശനത്തിന് എത്തുന്നവർക്ക് പണം തിരികെക്കിട്ടും. ഇവർക്ക് ഈ തുക വഴിപാടുചെലവിലേക്കു വകമാറ്റുന്ന സംവിധാനവുമുണ്ടാകും. ദർശനത്തിന് എത്താത്തവർക്ക് പണം നഷ്ടമാകും.

ഈ നിർദ്ദേശം കഴിഞ്ഞദിവസം ഡി.ജി.പി.യുമായുള്ള ചർച്ചയിൽ ബോർഡ് ഉന്നയിച്ചെങ്കിലും അന്തിമതീരുമാനമായിട്ടില്ല. വെർച്വൽ ക്യൂവിൽ ബോധപൂർവം തിരക്കുണ്ടാക്കി ഭക്തർക്ക് അവസരം നഷ്ടപ്പെടുത്തി ക്ഷേത്രത്തിലെ വരുമാനം കുറയ്ക്കുകയെന്ന തന്ത്രമാണെന്നാണ് ബോർഡിന്റെ സംശയം. ലേലം തുടങ്ങി

നവംബർ പകുതിയോടെ തുടങ്ങുന്ന തീർത്ഥാടനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ലേലനടപടികൾ ആരംഭിച്ചു. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കടകൾ, ഹോട്ടലുകൾ, സ്റ്റാളുകൾ തുടങ്ങിയവയുടെയും നാളികേരം വിൽപ്പന, ശേഖരിക്കൽ, ശൗചാലയങ്ങളുടെ നടത്തിപ്പ്, പാർക്കിങ് ഫീസ് പിരിക്കൽ തുടങ്ങിയവയ്ക്കും ഇ-ടെൻഡറിൽ പങ്കെടുക്കാൻ 22 വരെ അപേക്ഷിക്കാം.

ലേലത്തിൽനിന്ന് മുൻകാലങ്ങളിൽ 50 കോടിയിലേറെ രൂപ ലഭിച്ചിരുന്നിടത്ത് കഴിഞ്ഞകൊല്ലം അഞ്ചുകോടിയിൽത്താഴെയാണു കിട്ടിയത്. ഇത്തവണ നിരക്ക് ഉയരുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ.