തിരുവനന്തപുരം: ശബരിമലയിലെ യുവതിപ്രവേശന വിധി നടപ്പിലാക്കുന്ന കാര്യത്തിൽ സുപ്രീംകോടതിയോട് സാവകാശം തേടാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാവകാശം തേടുന്നതിനായി സുപ്രീംകോടതിയിൽ ഹർജി നൽകാൻ മുഖ്യമന്ത്രി ബോർഡിന് പച്ചക്കൊടി കാട്ടി. തന്ത്രിയും പന്തളം രാജകുടുംബവുമായി നടത്തിയ ചർച്ചയിൽ അവർ മുന്നോട്ടുവെച്ച നിർദ്ദേശത്തോട് അനുകൂലമായി പിണറായി വിജയൻ പ്രതികരിക്കുകയായിരുന്നു. ദേവസ്വം ബോർഡാണ് സാവകാശ ഹർജി നൽകേണ്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ യോഗം സൗഹാർദ്ദപരമായാണ് ഇന്ന് ചേർന്ന യോഗം പിരിഞ്ഞത്.

മണ്ഡല-മകരവിളക്ക് കാലത്തിനായി നാളെ ശബരിമല നട തുറക്കാനിരിക്കെ, മുഖ്യമന്ത്രിയുമായി സൗഹാർദപരമായ ചർച്ച നടന്നെന്ന് പന്തളം രാജകൊട്ടാരപ്രതിനിധി ശശികുമാരവർമ മാധ്യമങ്ങളോട് പറഞ്ഞത് സർക്കാറിന്റെ ഈ നിലപാടിന്റെ പേരിലായിരുന്നു. സമാധാനപരമായി തീർത്ഥാടനകാലം മുന്നോട്ടു വയ്ക്കാനുള്ള ചില നിർദ്ദേശങ്ങളടങ്ങിയ നിവേദനം ഞങ്ങൾ സർക്കാരിന് നൽകിയിട്ടുണ്ട്. സർക്കാരും ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്.-ശശികുമാരവർമ പറഞ്ഞു.

സാവകാശഹർജി നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശശികുമാരവർമ വ്യക്തമാക്കി. സർക്കാരിന് പുനഃപരിശോധനാ ഹർജിയോ, സാവകാശഹർജിയോ കൊടുക്കാനാകില്ല. അതിൽ ദേവസ്വംബോർഡ് ഉചിതമായ തീരുമാനമെടുക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞതായും ശശികുമാരവർമ വ്യക്തമാക്കി. എന്നാൽ ചില പ്രത്യേകദിവസങ്ങളിൽ യുവതികൾക്ക് കയറാമെന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞോ എന്ന ചോദ്യത്തിന് ശശികുമാരവർമ വ്യക്തമായ ഉത്തരം നൽകിയില്ല. ''അത്തരം ചില നിർദ്ദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ടു വച്ചിട്ടുണ്ട്. അതിൽ മൂന്ന് പേർക്ക് എടുക്കാവുന്ന തീരുമാനമല്ല. കുറേക്കൂടി ആഴത്തിലുള്ള കൂടിയാലോചനകൾ ഇതിനൊക്കെ ആവശ്യമാണ്''. ശശികുമാരവർമ വ്യക്തമാക്കി.

യുവതികൾ വരരുതെന്ന് അഭ്യർത്ഥിക്കാനേ കഴിയൂവെന്ന് തന്ത്രി പറഞ്ഞു. യുവതികൾ ശബരിമലയിൽ കയറുന്നത് ആചാരവിരുദ്ധമാണ്. വരരുതെന്ന് അഭ്യർത്ഥിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്ത തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. 'സർക്കാരിന് ഉറച്ച നിലപാടുണ്ടെങ്കിൽ ഞങ്ങൾക്കും ഉറച്ച നിലപാടുണ്ട്. സ്ത്രീപ്രവേശനത്തിന് അനുകൂലമല്ല. ആചാരപരമായി അത് അനുവദിക്കാനാകില്ല'', എന്ന് ശശികുമാരവർമ വ്യക്തമാക്കി.

അതിനിടെ മണ്ഡല പൂജയ്ക്കായി നട തുറക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ശബരിമലയിൽ നാലിടത്ത് ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. നിലയ്ക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാകും നിരോധനാജ്ഞ. എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞു. നാളെ രാവിലെ പത്തുമണിക്കുശേഷമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എരുമേലിയിൽ തീർത്ഥാടകസംഘം പ്രതിഷേധിക്കുന്നു. മാധ്യമ പ്രവർത്തകരെ ഇലവുങ്കലിൽ തടഞ്ഞു.

ശബരിമലയിൽ യുവതിപ്രവേശം അനുവദിക്കണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നതോടെ വിഷയം ചർച്ച ചെയ്യാൻ ചേർന്ന സർവകക്ഷിയോഗം പരാജയപ്പെട്ടു. സർക്കാരിന് മുൻവിധിയില്ലെന്നും കോടതി പറഞ്ഞത് അനുസരിക്കുമെന്നും മുഖ്യമന്ത്രി സർവകക്ഷിയോഗത്തെ അറിയിച്ചു. വിധി നടപ്പാക്കുന്നത് ജനുവരി 22വരെ നിർത്തിവയ്ക്കണമെന്നും കോടതിയിൽ സാവകാശം തേടണമെന്നും യുഡിഎഫ് നിലപാടെടുത്തു. വിധിക്ക് സ്റ്റേ ഇല്ലെങ്കിലും നടപ്പാക്കേണ്ട ബാധ്യതയില്ലെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. രണ്ടേമുക്കാൽ മണിക്കൂറോളം നീണ്ട യോഗത്തിൽ വിധി നടപ്പാക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. യുവതികൾക്ക് പ്രത്യേകസമയം നിശ്ചയിക്കാമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം യുഡിഎഫും ബിജെപിയും തള്ളി. തുടർന്ന് യുഡിഎഫും ബിജെപിയും യോഗം ബഹിഷ്‌കരിച്ചു.

യുദ്ധകാലാടിസ്ഥാനത്തിൽ പമ്പയിലെ ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം തീർത്ഥാടനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും പൂർണഫലം കണ്ടില്ല. ആവശ്യമായ ശുചിമുറികളും വിശ്രമകേന്ദ്രങ്ങളുമില്ല. ലൈറ്റുകളില്ലാത്തത് സുരക്ഷാ ഭീഷണിയും ഉയർത്തുന്നു. പമ്പയിൽ വെള്ളം പ്രതീക്ഷിച്ചതിലധികം വറ്റിയതോടെ കുളിക്കാനും ഇടമില്ല.