തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജി കാർത്തികേയന്റെ മകൻ ശബരിനാഥൻ മത്സരിക്കും. ഇക്കാര്യം കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാർത്തികേയന്റെ ഭാര്യ ഡോ. എം ടി സുലേഖ മത്സരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്.

അതിനിടെ, അരുവിക്കരയിൽ ജി. കാർത്തികേയന്റെ മകൻ ശബരിനാഥനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർത്ത് കെഎസ്‌യുവും യൂത്ത് കോൺഗ്രസും രംഗത്തെത്തി. കാർത്തികേയന്റെ ഭാര്യ എം ടി.സുലേഖ സ്ഥാനാർത്ഥിയാകുന്നില്ലെങ്കിൽ കോൺഗ്രസിലെ മറ്റു യോഗ്യരായ നേതാക്കളെ പരിഗണിക്കണമെന്നാണു കെഎസ്‌യുവിന്റെ ആവശ്യം.

കെപിസിസി അധ്യക്ഷൻ വി എം.സുധീരൻ തന്നെ മത്സരിക്കണമെന്നും കെഎസ്‌യു കെപിസിസിക്കു നല്കിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ശബരിനാഥന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസും അനൗദ്യോഗികമായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കാർത്തികേയന്റെ പിൻഗാമിയായി കോൺഗ്രസിലെ മറ്റു മുതിർന്ന നേതാക്കളെ പരിഗണിക്കണമെന്നാണു യൂത്ത് കോൺഗ്രസിന്റെയും ആവശ്യം.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പല്ല അരുവിക്കരയിൽ നടക്കുന്നതെന്നായിരുന്നു കെഎസ്‌യുവിന്റെ വിയോജിപ്പിന് വി എം സുധീരന്റെ മറുപടി. എല്ലാവശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. തീരുമാനമെടുത്താൽ എല്ലാവരും യോജിച്ചുപോകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

കാർത്തികേയന്റെ കുടുംബത്തിൽ നിന്നൊരാളെ മത്സരിപ്പിക്കുമെന്ന പൊതു ചിത്രം നൽകിയതിനാൽ ശബരിനാഥൻ മത്സരിക്കട്ടേ എന്നതായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാട്. കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഈ നിർദ്ദേശത്തെ അംഗീകരിച്ചു. എന്നാൽ തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഈ നീക്കത്തെ എതിർത്തു. ഇത് മുഖവിലയ്ക്ക് എടുക്കാതെയാണ് തീരുമാനം.

ഇതിനിടെയാണ് കെഎസ്‌യുവും ശബരിനാഥന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തത്. എന്നാൽ സഹതാപം ഉയർത്തിയില്ലെങ്കിൽ അരുവിക്കരയിൽ രക്ഷയില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. അതുകൊണ്ട് തന്നെ പ്രാദേശിക എതിർപ്പുകളൊന്നും കാര്യമായെടുത്തില്ല.

കാർത്തികേയന് അരുവിക്കരയുമായി ഹൃദബന്ധമുണ്ട്. അദ്ദേഹത്തിന്റെ വികസന സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ മകന് കഴിയും. പഠനകാലത്ത് കെഎസ്‌യുവിൽ സജീവമായിരുന്നു. പിന്നീട് ജോലി ആവശ്യവുമായി പുറത്തു പോയി. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ കാർത്തികേയൻ തന്നെ തന്റെ മകനെ രാഷ്ട്രീയത്തിൽ സജീവമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് എല്ലാവർക്കുമറിയാം. സുലേഖ മത്സരിക്കണമെന്നായിരുന്നു താൽപ്പര്യം. എന്നാൽ മത്സരിക്കാനുള്ള മാനസികാവസ്ഥ ഇല്ലെന്ന് അവർ പറഞ്ഞു. അത് അംഗീകരിച്ച് വളരെ ആലോചിച്ചാണ് തീരുമാനമെന്നും സുധീരൻ വിശദീകരിച്ചു. എല്ലാ വെല്ലുവിളികളേയും അതീജിവിക്കുന്ന മികച്ച വിജയം നേടുമെന്നും സുധീരൻ വ്യക്തമാക്കി.

ശബരിനാഥിനെതിരെ എതിർപ്പുമായി വന്ന കെഎസ്‌യുവിനേയും പരിഹസിച്ചായിരുന്നു സുധീരൻ മറുപടി നൽകിയത്. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അവരോട് സംസാരിക്കാൻ തയ്യാറാണ്. പാർട്ടി തീരുമാനം എടുത്തതിനാൽ ഇനി ആരും എതിർക്കില്ലെന്നും സുധീരൻ വ്യക്തമാക്കി.

പണ്ട് കെ കരുണാകരന്റെ കുടുംബ വാഴ്ചയ്‌ക്കെതിരെ തിരുത്തൽവാദവുമായി ഉയർന്നുവന്ന നേതാവാണ് ജി കാർത്തികേയൻ. അങ്ങനെയുള്ള കാർത്തികേയന്റെ ഭാര്യയേയോ മകനേയോ സഹതാപതരംഗം മുതലെടുക്കാൻ മത്സര രംഗത്തിറക്കുന്നതിനോട് അദ്ദേഹത്തോട് അടുപ്പമുള്ള പലർക്കും വിയോജിപ്പുണ്ട്. കാർത്തികേയന്റെ ഇളയ മകനാണ് ശബരിനാഥൻ. പറയത്തക്ക രാഷ്ട്രീയ പ്രവർത്തന പരിചയം ഒന്നും ശബരിനാഥന് അവകാശപ്പെടാനില്ല. മുബൈ ടാറ്റാ കൺസൾട്ടൻസിയിൽ സീനിയർ മാനേജറാണ്. ശബരിനാഥനെ രാഷ്ട്രീയത്തിലിറക്കാൻ കാർത്തികേയന് താൽപ്പര്യം ഉണ്ടായിരുന്നു. അത് കൂടി കണക്കിലെടുത്ത് സുലേഖയാണ് ശബരിനാഥനെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

എഞ്ചിനിയറിങ് പഠനകാലത്ത് സജീവ കെഎസ് യു പ്രവർത്തകനായിരുന്നു ശബരിനാഥ്. തിരുവനന്തപുരം ലയോള സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം പൂർത്തിയാക്കിയത്. ഇലക്ട്രക്കൽ എഞ്ചിനിയറിംഗിൽ ബിരുദവും എംബിയും നേടിയിട്ടുണ്ട്. മുബൈയിലാണ് ജോലി. അവിവാഹിതനാണ്. കാർത്തികേയന്റെ മരണത്തോടെ ഒഴിവ് വന്ന അരുവിക്കരയിലേക്ക് സുലേഖ ആദ്യമേ മുന്നോട്ട് വച്ചത് ഇളയ മകന്റെ പേരാണ്. താൻ എന്തായാലും മത്സരത്തിനില്ലെന്ന് ആദ്യമുതലേ സുലേഖ വ്യക്തമാക്കിയിരുന്നു. ടാറ്റാ കമ്പനിയുടെ സാമൂഹിക പ്രവർത്തനങ്ങളുടെ ചുമതലുള്ള ഉദ്യോഗസ്ഥനാണ് ശബരിനാഥ്. അതുകൊണ്ട് തന്നെ അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം നിലനിർത്താൻ ശബരിനാഥന് കഴിയുമെന്നാണ് സുലേഖയുടെ നിലപാട്.

ശബരിനാഥന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ കോൺഗ്രസ് പ്രചാരണത്തിൽ ഉടൻ സജീവമാകും. സിപിഐ(എം) ആണെങ്കിൽ എം വിജയകുമാറിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ച് പ്രവർത്തനങ്ങൾ ഇതിനകം തന്നെ തുടങ്ങുകയും ചെയ്തിട്ടുണ്ട്. അരുവിക്കരയിലേക്ക് ബിജെപിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ തിങ്കളാഴ്ച അഴിമതി വിരുദ്ധ മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പി സി ജോർജ് അറിയിച്ചു.