തിരുവനന്തപുരം: എൺപതുകളിൽ കെ കരുണാകരന്റെ എല്ലാമെല്ലാമായിരുന്നു ജി കാർത്തികേയൻ. ആന്റണിയുടെ കൂട്ടരും കോൺഗ്രസ് വിട്ട് പോയപ്പോഴുണ്ടായ നഷ്ടം നികത്താൻ കരുണാകരനൊപ്പം നിന്ന വിദ്യാർത്ഥി നേതാവ്. കെ എസ് യുവിൽ നിന്ന് യൂത്ത് കോൺഗ്രസിലെത്തിയപ്പോഴും കുരണാകരന്റെ വിശ്വസ്ത അനുയായി ആയിരുന്നു കാർത്തികേയൻ. കരുണാകരന് ശേഷം ഐ ഗ്രൂപ്പിനെ നയിക്കേണ്ട നേതാവെന്ന് പോലും വിലയിരുത്തപ്പെട്ടു. രമേശ് ചെന്നിത്തല അടക്കമുള്ളവർക്ക് രാഷ്ട്രീയ പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ കരുണാകരൻ നിയോഗിച്ചതും കാർത്തികേയനെയായിരുന്നു. അതുകൊണ്ട് കൂടിയാണ് തന്റെ ജേഷ്ഠ സഹോദരനെന്ന് കാർത്തികേയന്റെ വിടവാങ്ങൽ വേളയിൽ ചെന്നിത്തല വേദനയോടെ കുറിച്ചത്.

അങ്ങനെ കേരള രാഷ്ട്രീയത്തിലെ കരുത്തനായ യുവ നേതാവിന് മുഖ്യമന്ത്രിയോ കെപിസിസി അധ്യക്ഷനോ ഒന്നും ആകാതെ സ്പീക്കറായി ഒതുങ്ങിക്കൂടേണ്ടി വന്നതിന് പിന്നിലൊരു തിരിച്ചടിയുണ്ട്. അതിനുള്ള പ്രതികാരമാണ് അരുവിക്കരയിലെ ശബരിനാഥന്റെ വിജയം. 1987ലെ തോൽവി കാർത്തികയേന് വലിയ തരിച്ചടിയായിരുന്നു. അതിന് മുമ്പ് സ്വന്തം സ്ഥലമായ വർക്കലയിലും കാർത്തികേയൻ തോറ്റിരുന്നു. എന്നാൽ 87ൽ പ്രിയ ശിഷ്യൻ തോൽക്കരുതെന്ന് കരുണാകരൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് ഉറച്ച സീറ്റായ തിരുവനന്തപുരം നോർത്തിൽ കാർത്തികേയൻ മത്സരത്തിനെത്തിയത്.

അന്ന് സിപിഎമ്മും കോൺഗ്രസിലെ യുവതുർക്കിയെ പിടിച്ചു കെട്ടാൻ അതേ മാർഗ്ഗം തന്നെ സ്വീകരിച്ചു. ഡിവൈഎഫഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദം വരെ എത്തിയ വിജയകുമാർ നോർത്തിൽ സ്ഥാനാർത്ഥിയായി. ഇന്ന് രാജഗോപാലെങ്കിൽ എൺപതുകളിൽ കെജി മാരാറായിരുന്നു ബിജെപിയുടെ ജനകീയ മുഖം. അങ്ങനെയുള്ള മാരാരും പോരിനെത്തി. നായർ വോട്ടുകളിൽ ചെറിയ നുഴഞ്ഞു കയറ്റം മാരാർ നടത്തിയപ്പോൾ കാർത്തികേയന് പിഴച്ചു. തീപാറിയ മത്സരത്തിൽ എം. വിജയകുമാർ 15165 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജി.കെയെ തോൽപിച്ചു.

വിജയകുമാറിന് കിട്ടിയ വോട്ട് 53167. ജി.കെയ്ക്ക് 38002. മാരാർക്കും കിട്ടി 13398 വോട്ടുകൾ. കെ കരുണാകരൻ മന്ത്രിസഭ താഴെ കിടക്കുന്നു. ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കി സിപിഐ(എം) ഭരണത്തിലേക്ക്. പിന്നീടായിരുന്നു ആര്യനാട്ടേക്കുള്ള കാർത്തികേയന്റെ കൂടുമാറ്റം. ഇടതു പക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു അന്ന് ആര്യനാട്. ആർഎസ്‌പിയുടെ കെ പങ്കജാക്ഷൻ സ്ഥിരമായി ജയിച്ച മണ്ഡലം. അന്ന് രാജീവ് ഗാന്ധിയുടെ മരണമുണ്ടാക്കിയ സഹതാപം കാർത്തികേയനെ തുണച്ചു. ജയിച്ചു കയറി. അന്ന് മുതൽ ആര്യനാടിന്റെ മനസ്സ് കാർത്തികേയന് മാത്രം അനുകൂലമായി. മണ്ഡലം അരുവിക്കരയായപ്പോഴും കൈവിട്ടല്ല. ഇപ്പോൾ മകനേയും ജയിപ്പിച്ച് അരുവിക്കര കാർത്തികേയനോടുള്ള ആദരവ് കാട്ടി.

പക്ഷേ എൺപത്തിയേഴിലെ തോൽവി കാർത്തിയേകനുണ്ടാക്കിയ നഷ്ടം വലുതാണ്. അന്നത്തെ തോൽവി കാർത്തികേയനെ ഏറെ മാനസികമായി വേദനിപ്പിച്ചിരുന്നു. പിന്നീട് കെ മുരളീധരനെ കരുണാകരൻ ഉയർത്തിക്കൊണ്ടു വന്നു. ലീഡറുടെ രാഷ്ട്രീയ പിൻഗാമിയായി മുരളി മാറുമെന്ന് ഉറപ്പായതോടെ തിരുത്തൽവാദം എത്തി. കരുണാകരനുമായി തെറ്റി. അതുകൊണ്ട് തന്നെ 92ലെ വിജയവും കാർത്തികേയനെ മന്ത്രിയാക്കിയില്ല. കെപിസിസി അധ്യക്ഷനാകാനുള്ള സാധ്യതയും ഇല്ലാതെയായി. പിന്നീട് തിരുത്തൽവാദത്തിന്റെ പ്രസക്തി കുറഞ്ഞതോടെ കാർത്തികേയൻ ആര്യനാട്ടുകാരുടെ മാ്ത്രം നേതാവായി ഒതുങ്ങിക്കൂടി. അങ്ങനെ ജികെയെന്ന രാഷ്ട്രീയ നേതാവിന്റെ മറ്റൊരു തലത്തിലെ മുന്നേറ്റത്തിന് തടയിട്ടത് വിജയകുമാറെന്ന ഇടതുപക്ഷക്കാരനാണ്.

28 വർഷങ്ങൾക്കിപ്പുറം അച്ഛന് ഏറ്റ ആ തോൽവിക്ക് മകൻ മറുപടി പറഞ്ഞിരിക്കുന്നു. ജി.കെയുടെ മരണശേഷം അരുവിക്കരയിൽ മകൻ ശബരീനാഥൻ അച്ഛന്റെ പഴയ പ്രതിയോഗി എം.വിജയകുമാറിനെ 10128 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നിലംപരിശാക്കി വിജയശ്രീലാളിതനായി. 87ൽ മരാർ നേടിയത് കാർത്തികേയന്റെ വോട്ടുകളെങ്കിൽ ഇത്തവണ മാരാരുടെ സഹയാത്രികനായ രാജഗോപാൽ വിജയകുമാറിന്റെ വോട്ടുകൾ അധികവും കീശയിലാക്കി ശബരിയുടെ വിജയത്തിന്റെ മാറ്റ് കൂട്ടി. 1987 ലെ കാർത്തികേയന്റെ പരാജയം സിപിഎമ്മിന് എത്രയേറെ സന്തോഷപ്പിച്ചുവോ അതിനെക്കാൾ നൂറിരട്ടി സന്തോഷമാണ് മകൻ ശബരീനാഥന്റെ വിജയം കോൺഗ്രസ്സിന് ഇത്തവണ സമ്മാനിച്ചത്.

87ലെ കാർത്തികേയന്റെ അവസ്ഥയ്ക്ക് സമാനമാണ് ഇന്ന് വിജയകുമാറിന്റേത്. സിപിഐ(എം) രാഷ്ട്രീയത്തിൽ വിഎസിന്റെ പഴയ അനുയായി ആയ വിജയകുമാറിന് ഇന്ന് പ്രതാപകാലമല്ല. നിർണ്ണാക ഘട്ടത്തിൽ തെരഞ്ഞെടുപ്പ് വിജയവുമായി സിപിഐ(എം) നേതൃത്വത്തിലെ പ്രധാനിയായി മാറാനുള്ള വിജയകുമാറിന്റെ രാഷ്ട്രീയ മോഹമാണ് അരുവിക്കരയിൽ ശബരി തകർത്തെറിഞ്ഞത്.