തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവർത്തകരെ പ്രേരിപ്പിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന് ജാമ്യം കിട്ടി. ഉപാധികളോടെയാണ് ജാമ്യം. അടുത്ത മൂന്നു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. മൊബൈൽ ഫോൺ കോടതിയിൽ ഹാജരാക്കണം, 50000 രൂപ ജാമ്യ ബോണ്ട് കെട്ടി വയ്ക്കണം എന്നിവയാണ് ഉപാധികൾ. രാവിലെ 10 മണിക്കാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകേണ്ടത്.

ശബരീനാഥന് ജാമ്യം ലഭിച്ചത് സംസ്ഥാന സർക്കാരിനും പൊലീസിനും കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു അതേസമയം, ശബരീനാഥന് ജാമ്യം നൽകിയതിനെതിരെ കോടതി വളപ്പിൽ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവർത്തകരെ പ്രേരിപ്പിച്ചെന്ന കേസിൽലാണ് കെ.എസ്. ശബരീനാഥനെ കോടതിയിൽ ഹാജരാക്കിയത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ശബരിനാഥനെ ഹാജരാക്കിയത്. മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിൽ 'മാസ്റ്റർ ബ്രെയിൻ' ശബരീനാഥൻ ആണെന്നും ബുധനാഴ്ച മുതൽ മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. വാട്ട്‌സാപ്പ് സന്ദേശം അയച്ച ഫോൺ ഉടൻ ഹാജരാക്കാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

വാട്സാപ്പ് ഉപയോഗിച്ച ഫോൺ കണ്ടെടുക്കാൻ കസ്റ്റഡി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മറ്റ് പ്രതികൾക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ ശബരീനാഥിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫർസീൻ മജീദിന് ശബരീനാഥ് നിർദ്ദേശം നൽകി. നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണിൽ വിളിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ് വിളിച്ചെന്നും അന്വേഷണസംഘം ഉന്നയിച്ചു.

അതേസമയം ഫോൺ ഇപ്പോൾ തന്നെ കോടതിക്ക് കൈമാറാമെന്നായിരുന്നു ശബരീനാഥന്റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചിരുന്നെങ്കിൽ ഫോൺ അപ്പോൾ തന്നെ നൽകുമായിരുന്നു എന്നും ശബരിനാഥ് അറിയിച്ചു. പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ ശബരീനാഥൻ എതിർത്തു. അറസ്റ്റ് നിയമപരമായിരുന്നില്ലെന്നും വാദിച്ചു. കേസിൽ രാവിലെ അറസ്റ്റിലായ ശബരീനാഥനെ അൽപം മുമ്പാണ് കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ശംഖുമുഖം എസിപിക്ക് മുന്നിലെത്താൻ ശബരീനാഥനോട് നിർദ്ദേശിച്ചിരുന്നു. 10.40ന് ശബരീനാഥൻ ചോദ്യം ചെയ്യലിന് ഹാജരായി.

11 മണിക്ക് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശബരീനാഥിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി. അറസ്റ്റിന് സാധ്യതയുണ്ടെന്നായിരുന്നു ശബരിയുടെ അഭിഭാഷകന്റെ വാദം. അറസ്റ്റിനെ കുറിച്ച് പ്രോസിക്യൂഷൻ ആ സമയം വ്യക്തമായ വിവരം പറഞ്ഞില്ല. ഹർജി പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് 11.15 ഓടെ കോടതി നിർദ്ദേശിച്ചു. ഇതിനിടെ പൊലീസുമായി സംസാരിച്ച സർക്കാർ അഭിഭാഷകൻ മുൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കോടതിയെ അറിയിച്ചു.

കനത്ത പൊലീസ് സുരക്ഷയായിരുന്നു കോടതി പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്. കേസിൽ നാലാം പ്രതിയാണ് ശബരീനാഥൻ. വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവർത്തകരെ പ്രേരിപ്പിക്കുന്ന വിധത്തിൽ ചില വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചത് പുറത്തുവന്നതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ശബരീനാഥൻ അറസ്റ്റിലായത്.