തിരുവനന്തപുരം: മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകൾ കാണാൻ താൻ അച്ഛന്റെ അധികാരം ദുർവിനിയോഗം ചെയ്തിരുന്നതായി ജി കാർത്തികേയന്റെ മകനും അരുവിക്കരയിലെ സ്ഥാനാർത്ഥിയുമായ കെ എസ് ശബരിനാഥൻ. കോൺഗ്രസിൽ അംഗത്വമെടുത്തത് മൊബൈൽ ആപ്ലിക്കേഷനിലൂടെയാണെന്നും അത് ബിജെപിയുടെ മിസ്ഡ്‌കോൾ അംഗത്വമെടുക്കൽ പോലെ അല്ലെന്നും ശബരീനാഥൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ 'ഇനി കേരളം എങ്ങോട്ട്' എന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ അവസരത്തിൽതന്നെ തികഞ്ഞ കോൺഗ്രസുകാരനായി പതറാതെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മികവ് തെളിയിക്കാനും ശബരീനാഥന് കഴിഞ്ഞു. മാദ്ധ്യമപ്രവർത്തകരുടെ പ്രധാന ചോദ്യങ്ങളും അതിനുള്ള ശബരീനാഥന്റെ മറുപടികളും ചുവടേ ചേർക്കുന്നു.

മക്കൾ രാഷ്ട്രീയത്തെ എതിർത്ത ജി കാർത്തികേയന്റെ മകൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ എതിർക്കുന്നവരെ കുറ്റംപറയാൻ കഴിയുമോ ?

വളരെ പ്രധാന്യമുള്ള ചോദ്യമാണത്. ഈ ചോദ്യത്തിന് ഇത്തരം നൽകേണ്ടിവരും എന്ന് പ്രതീക്ഷിച്ചാണ് ഞാൻ ഇവിടെ എത്തിയത്. ഞാൻ മക്കൾ രാഷ്ട്രീയത്തിന്റെ ഉദാഹരണമല്ല. ഒരാൾ അധികാരത്തിലിരുന്ന് തന്റെ മക്കൾക്ക് രാഷ്ട്രീയത്തിലേക്കുള്ള പാതവെട്ടിത്തെളിക്കുന്നതാണ് മക്കൾ രാഷ്ട്രീയം. അതിനെയാണ് ജി കാർത്തികേയൻ എതിർത്തത്. ഞാൻ അങ്ങനെ വന്നത്. എന്റെ അച്ഛൻ എന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ഒരുശ്രമവും നടത്തിയിട്ടില്ല.

അപ്പോൾ രാഹുൽഗാന്ധി കാണാനെത്തിയപ്പോൾ മകനെ രാഷ്ട്രീയത്തിലിറക്കാ ആഗ്രഹമുണ്ടെന്ന് കാർത്തികേയൻ പറഞ്ഞതോ?

അത് ശരിയാണ്. അച്ഛൻ സുഖമില്ലാതെ കിടക്കുമ്പോൾ രാഹുൽഗാന്ധി കാണാനെത്തിയിരുന്നു. അപ്പോൾ കുശലാന്വേഷണത്തിനിടെ രാഹുൽഗാന്ധി മക്കൾ എന്തുചെയ്യുന്നു എന്നു ചോദിച്ചു. അതിനു മറുപടിയായിട്ട് അച്ഛൻ എന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞു. ''എന്റെ രണ്ട് ആൺമക്കളിൽ ഒരാൾ താങ്കളെപ്പോലെ പ്രവർത്തിക്കണമെന്നാഗ്രഹിക്കുന്നയാളാണ്. അവൻ ആദിവാസികൾക്കിടയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.'' എന്നും അച്ഛൻ രാഹുലിനോട് പറഞ്ഞു. അതിനു മറുപടിയായി രാഹുൽ എന്നോട് 'താങ്കളെപ്പോലെയുള്ളവർ രാഷ്ട്രീയത്തിലേക്ക് വരണം, താങ്കളെപ്പോലെയുള്ളവരെയാണ് കോൺഗ്രസിന് ആവശ്യം' എന്ന് പറയുകയായിരുന്നു.

ആദിവാസികൾക്കിടയിൽ എന്ത് പ്രവർത്തനമാണ് താങ്കൾ നടത്തിയത്. അതിന് തെളിവുകൾ ഒന്നും കാണാനില്ലല്ലോ?

ശരിയാണ്. അച്ഛൻ എപ്പോഴും പറയും. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ പുറത്ത് പറഞ്ഞു നടക്കരുതെന്ന്. അതുകൊണ്ട് അത്തരം കാര്യങ്ങൾ ഞാൻ പ്രചരിപ്പിച്ചിട്ടില്ല. ടാറ്റ ഗ്രൂപ്പിന്റെ സന്നദ്ധ സേവനങ്ങൾക്കുള്ള സംഘടനയായ ടാറ്റ ട്രസ്റ്റിന്റെ സീനിയർ മാനേജർ ആയിട്ടാണ് ഞാൻ ജോലിചെയ്തത്. വിവിധ സംസ്ഥാന സർക്കാരുകളുമായും കേന്ദ്രസർക്കാരുമായും ചേർന്ന് ആദിവാസികൾ ക്കുവേണ്ടി നിരവധി പ്രോജക്ടുകൾ ചെയ്തിട്ടുണ്ട്.

താങ്കൾ പണിയെടുത്ത ടാറ്റ ട്രസ്റ്റ് 2012ൽ സന്നദ്ധസംഘടനകൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അഅനധികൃതമായി തട്ടിയെടുത്തതിലൂടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് 2013ൽ സിഎജി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. തുടർന്ന് ഇൻകംടാക്‌സ് വിഭാഗം 1066.95 കോടി രൂപ ടാറ്റ ട്രസ്റ്റിന് പിഴവിധിച്ചല്ലോ?

അതിൽ എനിക്ക് പങ്കില്ല. ഞാൻ പ്രോജക്ടുകളിലാണ് നേതൃത്വം നൽകിയത്. പിഴവ് വരുത്തിയത് അക്കൗണ്ട്‌സ് വിഭാഗമായിരിക്കും. ഞാൻ മാനേജരായിരുന്ന കമ്പനിയല്ല ഈ പിഴവ് വരുത്തിയത്. ടാറ്റയുടെ കീഴിൽ 93 ഓളം കമ്പനികൾ ഉണ്ട്.

രോഗം മൂർച്ഛിക്കുന്നതിനു മുമ്പ് ജി കാർത്തികേയൻ സ്പീക്കർ സ്ഥാനം ഒഴിയണമെന്ന് പറഞ്ഞത് മന്ത്രിസ്ഥാനത്തിനുവേണ്ടിയോ, കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടിയോ ആണെന്ന് കരുതുന്നുണ്ടോ?

അങ്ങനെ ചിലർ പ്രചരിപ്പിച്ചതാണ്. ചിലപ്പോൾ പോകുമെന്നു തോന്നിയപ്പോൾ (ഇത് പറയുന്നതിനിടെ ശബരീനാഥന്റെ ശബ്ദമിടറി, തലതാഴേയ്ക്ക് പിടിച്ച് അദ്ദേഹം നിമിഷനേരം നിശബ്ദനായി) അച്ഛന് തന്റെ നാടിനെയും ജനങ്ങളേയും സേവിക്കണം എന്ന് തോന്നിയിട്ടാകാം. മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരിക്കാം.

അച്ഛനേക്കാൾ ശക്തനായ ആളാണ് ഇപ്പോൾ കെ പി സി സി പ്രസിഡന്റായിരിക്കുന്ന വി എം സുധീരൻ. അധികാരസ്ഥാനങ്ങൾക്കുവേണ്ടി ഒരിക്കലും സ്വാർത്ഥനല്ലായിരുന്നു ജി കാർത്തികേയൻ.