കൊച്ചി: ചേർത്തല കെവി എം ആശുപത്രി മാനേജുമെന്റിന്റെ അനാസ്ഥ കാരണം കൃത്യ സമയത് ചികിത്സ കിട്ടാതെ ബന്ധു മരിച്ചതിനാൽ ആശുപത്രി സർക്കാർ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ചേർത്തല സ്വദേശിയായ പൊതു പ്രവർത്തകൻ സബീഷ് മണവേലി നൽകിയ പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാരിനും ആശുപത്രി മാനേജ്‌മെന്റിനും എതിരെ നോട്ടിസയക്കാൻ കോടതി ഉത്തരവിട്ടു. ഇതോടെ കെവി എം മാനേജ്മന്റ് വലിയ നിയമക്കുരുക്കിൽപെടുമെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ധിക്കാരപരമായ സമീപനം സ്വീകരിക്കുന്ന കെവി എം മാനേജ്‌മെന്റും ഈ ചുണക്കുട്ടയുടെ പോരാട്ടത്തിന് മുന്നിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ്. സാധാരണയായി ഇത്തരം സംഭവങ്ങളിൽ ഒരു ഫേസ്‌ബുക്ക് പോസ്റ്റിന് അപ്പുറം മറ്റ് പ്രതിഷേധങ്ങൾക്ക് ഒന്നും ആരും തയ്യാറാകില്ല. അടുത്തിടെ കാസർഗോഡ് ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാരുടെ അഹംഭാവം മൂലം ഒരു ഗർഭിണിയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിലും ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രതിഷേധം അവസാനിച്ചിരുന്നു.

എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി തനിക്കും കുടുംബത്തിനും ഉണ്ടായ തീരാനഷ്ടത്തിന് ആശുപത്രി മാനേജ്‌മെന്റിനെകൊണ്ട് സമാധാനം പറയിപ്പിക്കാനുള്ള ഉജ്ജ്വല പോരാട്ടം ഏതറ്റം വരേയും കൊണ്ടുപോകാൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് സബീഷ് മണവേലി എന്ന ചുണക്കുട്ടൻ. നിലവിൽ പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര തൊഴിൽ മന്ത്രി, ദേശീയ -സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ,സംസ്ഥാന മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, തൊഴിൽ മന്ത്രി, നിയമ മന്ത്രി ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ലേബർ കമ്മീഷണർ തുടങ്ങിയവർക്കെല്ലാം പരാതി അയച്ചത്തിന് ശേഷം ആണ് സബീഷ് മണവേലി ഹൈക്കോടതിയെ സമീപിച്ചത് കേസ് ഫയലിൽ സ്വീകരിപ്പിച്ചതും എന്നതും ഈ പോരാളിയുടെ നിശ്ചയദാർഢ്യവും ലക്ഷ്യവും വ്യക്തമാക്കുന്നു.

ദാരുണമായ ഈ സംഭവം കെവി എം ആശുപത്രിയുടെ അനാസ്ഥയും പിടിപ്പ് കേടു കൊണ്ടും മാത്രം ഉണ്ടായതാണ് എന്ന് അദ്ദേഹം ഹർജിയിൽ വ്യക്തമാക്കിയിരുന്നു. തൊണ്ണൂറായിരം രൂപ ആന്ജിയോപ്ലാസ്റ്റിക് ചെയ്യാൻ ഇടാക്കിയതിന് ശേഷം ആണ് കെവി എം ആശുപത്രി കാര്യങ്ങൾ കൈ വിട്ടു പോകുന്നു എന്ന് മനസ്സിലാക്കി മനുഷ്യത്വ രഹിതമായി ലേക്ക് ഷോറിലേക്ക് ഒഴിവാക്കിയതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മരണകാരണം മതിയായ ചികിത്സ കൃത്യ സമയത് കിട്ടാത്തതുകൊണ്ടാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റാണ് ബന്ധുക്കൾക്ക് ലഭിച്ചിട്ടുള്ളതെന്നും ഇപ്പോഴും കെവിഎമ്മിൽ രോഗികൾക്ക് വിദഗ്ധ പരിശീലനമില്ലാത്ത ചികിത്സ കൊണ്ട് ജീവൻ അപകടത്തിലാവുന്ന സാഹചര്യം ആണുള്ളതെന്നും പറഞ്ഞു കൊണ്ടാണ് ഈ സാഹചര്യത്തിൽ ആശുപത്രിയിലെ രോഗികളുടെ അഡ്‌മിഷൻ സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട് എന്ന് സബീഷ് പൊതു താൽപ്പര്യ ഹർജിയുടെ ആവശ്യപ്പെട്ടത്.

അല്ലാത്ത പക്ഷം കൂടുതൽ മനുഷ്യരുടെ ജീവൻ അപകടത്തിലാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വാദത്തിനു ആധാരമായി മുൻപ് ഇത്തരത്തിൽ സംഭവം നടന്നപ്പോൾ ഉത്തർപ്രദേശിൽ കോടതി നിർദേശാനുസരണം സർക്കാർ ഒരു ആശുപത്രി ഏറ്റെടുത്തതും ഹർജിയിൽ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം കഴമ്ബുണ്ടെന്ന് ബോധ്യപ്പെട്ട ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയും തുടർനടപടികൾക്ക് ഉത്തരവിടുകയും ആയിരുന്നു.

അതേ സമയം കെവി എം നഴ്സിംങ് സമരം ഇരുനൂറ്റമ്ബത് ദിവസത്തിലേക്ക് കടന്നിട്ടും മാനേജുമെന്റിന്റെ പിടിവാശി കാരണം തീരുമാനമാകാതെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ കെവി എം മാനേജുമെന്റിനെ പിടിച്ചു കെട്ടാൻ നഴ്‌സിങ് സംഘടനയായ യുഎൻഎയും ബ്രഹ്മാസ്ത്രവുമായി രംഗത്തെത്തി. ആശപത്രിക്ക് എതിരെ സബീഷ് നൽകിയ ഹർജിയിൽ യുഎഎയും കക്ഷിചേരുകയായിരുന്നു. യുഎൻഎ കൂടി സബീഷ് മണവേലി നൽകിയിട്ടുള്ള കേസിൽ കക്ഷി ചേർന്നതോടെ ഫലത്തിൽ കെവി എം സമരത്തിൽ കൂടി ഈ കേസ് നിർണായകമാവുകയാണ്. മതിയായ ജോലിക്കാരെ വെക്കാൻ പറ്റാതെ രോഗികൾ മരിക്കുക പോലും ചെയ്യുന്ന സാഹചര്യത്തിൽ ഹർജിയിൽ ആവശ്യപ്പെട്ടത് പോലെ ആശുപത്രിയുടെ നടത്തിപ്പ് സർക്കാരിനോട് ഏറ്റെടുക്കാൻ കോടതി പറയാനുള്ള സാധ്യതയും കൂടുതലാണ് എന്ന് നിയമ വിദഗ്ദർ പറയുന്നു. ഇത്രയും വലിയ അനാസ്ഥ നടന്നിട്ടും ആവശ്യമായ നടപടി എടുക്കാൻ അമാന്തിക്കുന്ന സർക്കാരിനെതിരെ കോടതി വിമർശനം നടത്താനുള്ള സാധ്യതയും വളരെ കൂടുതൽ ആണെന്നാണ് നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

ഈ വിഷയത്തിൽ ഹൈക്കോടതി പറയുന്ന വിധി ഹർജിക്കാരന് അനുകൂലമാണെങ്കിൽ സമരത്തിന്റെ ഗതിയിൽ തന്നെ അത് മാറ്റി മറിക്കും എന്നാണ് നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. മാനേജ്‌മെന്റിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ എല്ലാ കേസുകളിലും വിജയിച്ച ആത്മവിശ്വാസത്തിലാണ് യുഎൻഎ കോടതിയെ വീണ്ടും സമീപിച്ചത്.